22 September Saturday
അരലക്ഷം പേർ കൈകോർക്കും

മഹാശുചീകരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കൽപ്പറ്റ

പ്രളയാനന്തര വയനാടിന്റെ പുനർസൃഷ്ടിക്കായി നടത്തുന്ന മിഷൻ ക്ലീൻ വയനാട് ഏകദിന ശുചീകരണ മഹായജ്ഞത്തിൽ ശുചീകരണത്തിന് കൈകോർക്കുന്നവരുടെ എണ്ണം 30,000 കവിഞ്ഞു. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ ശുചീകരണം നടക്കും. എം ഐ ഷാനവാസ് എം പി, ജില്ലാ കലക്ടർ വി കേശവേന്ദ്രകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ എന്നിവർ കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് ശുചീകരണം നടത്തും. പ്രളയബാധിതപ്രദേശമായ വൈത്തിയിലെ ശുചീകരണത്തിലും ഇവർ പങ്കാളികളാകും. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ ശുചീകരണത്തിൽ അണിനിരക്കും. ഗ്രാമ പ്രദേശങ്ങളിലെ ഓരോ വാർഡിലും 60 പേരെയും, നഗരപ്രദേശങ്ങളിൽ 150 പേരെയും വിന്യസിക്കും. ആദിവാസി സാക്ഷരതാ പദ്ധതിയിലെ 1200 പഠിതാക്കൾ, 500 ഇൻസ്ട്രക്ടർമാർ, 65 പ്രേരക്മാർ തുടങ്ങിയവരും പങ്കെടുക്കും.
  പ്രത്യേകം പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരാണ്  പുഴകൾ ശുദ്ധീകരിക്കുക. വൈത്തിരി മുതൽ പൊഴുതന വരെയുളള പുഴകൾ വയനാട് സ്പോർട്സ്  ആന്റ് ഗെയിംസ് അഡ്വഞ്ചർ അക്കാഡമിയുടെ നേതൃത്വത്തിലും,  പൊഴുതന മുതൽ പനമരം വരെ കോഴിക്കോട് ഫൈറ്റ് ഫോർ ലൈഫ് എന്ന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ ശുദ്ധീകരിക്കും. ജില്ലക്ക് പുറത്ത് നിന്നും  1300 സന്നദ്ധപ്രവർത്തകർ സേവനത്തിനായി എത്തുന്നുണ്ട്. 
സർക്കാർ ജീവനക്കാർ ഓഫീസ് സ്ഥിതിചെയ്യുന്ന വാർഡിലെ ശുചീകരണത്തിന് പങ്കാളിയാകും. ഒാരോ വാർഡുകളിലും മെമ്പർമാരുടെ നേതൃത്വത്തിലാണ് ശുദ്ധീകരണം. ശുചീകരണ പ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ ഓരോ വാർഡുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ആമ്പുലൻസ്, പ്രതിരോധ മരുന്നുകൾ എന്നീ സൗകര്യങ്ങൾ ആരോഗ്യ വകുപ്പ് ഒരുക്കും. ഇ‐വേസ്റ്റ്, പ്ലാസ്റ്റിക് കുപ്പികൾ, മറ്റ് പ്ലാസ്റ്റിക്കുകൾ എന്നിവ വെവ്വേറെ ശേഖരിക്കും.  ഇവ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കും. ശുചീകരണത്തിൽ പങ്കെടുക്കുന്ന സന്നദ്ധ പ്രവർത്തകർക്കുളള അനുമോദന പത്രം ഗ്രാമ,നഗരസഭാ കേന്ദ്രത്തിൽനിന്നും നൽകും. ജില്ലക്ക് പുറത്ത് നിന്നെത്തുന്നവരെ സഹായിക്കാനായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കൺട്രോൾ റൂം തയ്യാറാക്കിയിട്ടുണ്ട്. ഫോൺ. 9946831533, 8606742880, 9400953505, 9744720472. 
 
പ്രധാന വാർത്തകൾ
Top