23 September Sunday

ദുരിതബാധിതർക്ക് സൗജന്യ ചികിത്സയുമായി ഡിഎം വിംസ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
കൽപ്പറ്റ
ദുരിത മേഖലകളിൽ മഴക്കെടുതി മൂലം അസുഖങ്ങൾ പിടിപ്പെട്ടവരിൽ കിടത്തി ചികിത്സ ആവശ്യമുള്ളവർക്കായി സൗജന്യ സേവനങ്ങൾ നൽകുമെന്ന് ഡിഎം വിംസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ ടി ദേവാനന്ദ്, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. കെ പി ജയ്കിഷൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആസ്റ്റർ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് പദ്ധതി. 
സെപ്റ്റംബർ 30 വരെ ലഭ്യമാകുന്ന പദ്ധതിയിൽ മഴക്കെടുതികൾ മൂലമുണ്ടായ അസുഖങ്ങൾക്കാണ് ചികിത്സ. ഇത്തരക്കാരെ കണ്ടെത്തുന്നതിന് വളണ്ടിയർമാർ ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ സംഘടനാ പ്രവർത്തകർ എന്നിവരുടെ സഹായവും പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അത്യാവശ്യമാണ്. ചികിത്സ ആവശ്യമുള്ളവർ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി ഹാജരാക്കിയാൽ മതി.  ആധാർ കാർഡ് ഇല്ലെങ്കിൽ ആ വിവരം പഞ്ചായത്ത് പ്രസിഡന്റിന്റെയോ, വില്ലേജ് ഓഫീസറുടെയോ സാക്ഷ്യപത്രം ഹാജരാക്കണം. വലിയ ശസ്ത്രക്രിയകളോ മറ്റോ ആവശ്യമായി വരികയാണെങ്കിൽ എംഎൽഎയുടെയോ, ഡിഎംഒ യുടെയോ ശുപാർശ കത്ത് നൽകണം. ആസ്റ്റർ വളണ്ടിയർ സേവനങ്ങൾക്കായി 9544954412, 8111881007 എന്ന നമ്പറിൽബന്ധപ്പെടാം.   
വെള്ളപ്പൊക്ക ദുരിത മേഖലകളിൽ സൗജന്യമായി ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി, അച്ചൂർ, മേൽമുറി പ്രദേശങ്ങളിലും കോട്ടത്തറ പഞ്ചായത്തിലെ കരിങ്കുറ്റി, പൊയിൽ, കോട്ടത്തറ, കുറുമണി എന്നിവിടങ്ങളിലും പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി, കാട്ടക്കണ്ടി കോളനി, പന്നിക്കൽ എന്നിവിടങ്ങളിലും പനമരം പഞ്ചായത്തിലെ മാതോത്ത് പൊയിൽ, കൈതക്കൽ, ചെറുക്കാട്ടൂർ മേഖലകളിലും ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിച്ച് അവശ്യ മരുന്നുകൾ വിതരണം നടത്തി. ജീവനക്കാർ സ്വരൂപിച്ച പുതുവസ്ത്രങ്ങളും, കമ്പിളി, കിടക്കവിരി, ഭക്ഷണപൊതികൾ, അരി മുതലായവയും വിതരണം ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകൾ കൂടാതെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും വീടുകളും കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. 
പ്രധാന വാർത്തകൾ
Top