19 November Monday

അറസ്റ്റിലായത് മൃഗവേട്ട സംഘത്തിൽപ്പെട്ടവർ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

തലപ്പുഴ
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വിജയൻ മക്കോല കളപ്പുര(33), ബാലൻ മക്കോല കളപ്പുര  (48), ജയൻ എടത്തന മാവുങ്കണ്ടി വട്ടപൊയിൽ (38) എന്നിവരാണ് അറസ്റ്റിലായത്. ഈ സംഭവത്തിൽ മക്കോല  സുമേഷി (32)നെ മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാപ്പാട്ടുമല തലക്കാംകുനി കേളു (38) ആണ് വെടിയേറ്റ് മരിച്ചത്.
 പേര്യ വള്ളിത്തോട് ദുർഗാഭഗവതി ക്ഷേത്രത്തിന് സമീപം വനത്തോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കഴിഞ്ഞ വെളളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സുമേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.  വ്യാഴാഴ്ച രാത്രിയിൽ നടന്ന മൃഗവേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പ്രതികളുടെ മൊഴി. വെടിവെയ്ക്കാനുപയോഗിച്ച തോക്കുംപോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിൽ വെടിയേറ്റ് പിടഞ്ഞ നിമിഷം യുവാവ് ഒരു ബന്ധുവിനെയും പ്രദേശത്തെ ചിലരെയും ഫോൺ മുഖേന വിളിച്ചതായും സൂചനയുണ്ട്. വെടിയേറ്റ് വീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മൃഗവേട്ട സംഘത്തിലെ ആരും തയ്യാറായില്ല. 
സംഭവം നടന്ന സ്ഥലത്ത് നിന്ന് കേവലം 200 മീറ്റർ മാത്രം അകലെയാണ് പേര്യ വള്ളിത്തോട് സാമൂഹ്യാരോഗ്യകേന്ദ്രം. അടിവയറിനും കാലിനുമായി വെടിയേറ്റ യുവാവ് മണിക്കൂറുകളോളം രക്തം വാർന്നാണ് മരിച്ചതെന്ന് കരുതുന്നു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top