13 November Tuesday

തകർന്ന വീടുകളുടെ കണക്ക് 29ന് സമർപ്പിക്കണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 

കൽപ്പറ്റ
കാലവർഷക്കെടുതിയിൽ ജില്ലയിൽ പൂർണ്ണമായും ഭാഗീകമായും തകർന്ന വീടുകളുടെ വിവരങ്ങൾ ക്രോഡീകരിച്ച് ആഗസ്റ്റ് 29 ന് സമർപ്പിക്കാൻ ജില്ലാ കലക്ടർ കേശവേന്ദ്രകുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിന് സർക്കാർ നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ സാങ്കേതിക ജീവനക്കാരുടെ എണ്ണക്കുറവ് കാലതാമസത്തിനിടയാകാതിരിക്കാൻ മറ്റു വകുപ്പുകളിലെ സാങ്കേതിക ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വീടുകളുടെ നാശനഷ്ട കണക്കെടുക്കുന്നതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ചുമതലപ്പെടുത്തിയിട്ടുള്ള  സാങ്കേതിക ഉദ്യോഗസ്ഥർ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി, വില്ലേജ് ഓഫിസർ, എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയർ എന്നിവരുമായി സഹകരിച്ച് നാശനഷ്ടം വിലയിരുത്തണം. ഓരോ വീടുകളുടെയും നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ എൻജിനീയറിംഗ് വിഭാഗത്തിന് നൽകേണ്ടതുമാണ്. തുടർന്ന് തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയുള്ള സാങ്കേതിക ഉദ്യോഗസ്ഥർ എല്ലാ വിവരങ്ങളും വിലയിരുത്തലുകളും സ്ഥിരീകരിച്ച് വില്ലേജ് ഓഫിസർമാർക്ക് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗം ഏകീകരിച്ച വിവരങ്ങൾ തദ്ദേശ സ്ഥാപന സെക്രട്ടറി മുഖേന പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്കും എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർക്കും സമർപ്പിക്കണം. തദ്ദേശ സ്ഥാപന തലത്തിൽ തയ്യാറാക്കുന്ന വിവരങ്ങളിൽ പ്രധാനമായും ഗുണഭോക്താവിന്റെ പേര്, വാർഡ്, വില്ലേജ്, പൂർണ്ണമായും തകർന്നത്, ഭാഗികമായി തകർന്നത് എന്നിങ്ങനെ വിവരങ്ങൾ ശോഖരിക്കണം. ജില്ലാ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച വിവരങ്ങൾ 29ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി എൽഎസ്ജിഡി എക്സിക്യൂട്ടീവ് എൻജിനീയർ ജില്ലാ പ്ലാനിംഗ് ഓഫിസർക്ക് ലഭ്യമാക്കണം. പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകളുടെ എണ്ണവും പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും വീടു തിരിച്ച് രേഖപ്പെടുത്തുകയും വേണം. തുടർന്ന്  ലൈഫ് മിഷൻ കോർഡിനേറ്റർ 29 വൈകീട്ട് അഞ്ചിനു മുമ്പായി സമ്പൂർണ്ണ വിവരങ്ങൾ ജില്ലാ കളക്ടർക്കു നൽകണം. പരിശോധനകൾ ഓരോ വീടും സന്ദർശിച്ച് ചെയ്യേണ്ടതാണെന്നും കളക്ടർ കർശന നിർദ്ദേശം നൽകി. എൽഎസ്ജിഡി വകുപ്പിനെ കൂടാതെ കാരാപ്പുഴ ഇറിഗേഷൻ വിഭാഗം, തൊഴിലുറപ്പ് പദ്ധതി സാങ്കേതിക വിഭാഗം, മുനിസിപ്പൽ എൻജിനീയറിംഗ് വിഭാഗം, ബാണാസുര ഇറിഗേഷൻ പ്രൊജക്ട് വിഭാഗം, പൊതുമരാമത്ത് കെട്ടിടം വിഭാഗം, മൈനർ ഇറിഗേഷൻ വിഭാഗം, മീനങ്ങാടി പോളിടെക്നിക് കോളേജ് എന്നിവരുടെ നേതൃത്വത്തിലാണ് വീടുകളുടെ കണക്കെടുപ്പ് നടക്കുക. 23 ഗ്രാമപഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ഇത്തരത്തിൽ വിവരശേഖരണം നടക്കുക.
 
പ്രധാന വാർത്തകൾ
Top