21 September Friday

ആദിവാസി സാക്ഷരത തുല്യത: രണ്ടാംഘട്ടത്തിനു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

 

കൽപ്പറ്റ
പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടത്തിനു തുടക്കമായി. ജില്ലാതല സംഘാടക സമിതി ജില്ലാ ആസൂത്രണ ഭവൻ എ.പി.ജെ. ഹാളിൽ സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാക്ഷരത ഇനിയും എത്തിപ്പെടാത്ത തുരുത്തുകളുണ്ട് അവയിലൊന്നാണ് ആദിവാസി മേഖലയെന്നും ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലും സാക്ഷരതാ പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ് സർക്കാരെന്നും എംഎൽഎ അറിയിച്ചു. ജില്ലയിലെ 200 ആദിവാസി കോളനികളിൽ സാക്ഷരത ക്ലാസും 282 കോളനികളിൽ നാലാംതരം തുല്യത ക്ലാസും രണ്ടാംഘട്ടത്തിൽ നടപ്പാക്കും. 2017 ൽ തുടങ്ങി 300 ആദിവാസി കോളനികളിൽ നടപ്പാക്കിയ ഒന്നാം ഘട്ടം വൻവിജയമായിരുന്നു. നാലായിരത്തോളം തുല്യത പഠിതാക്കളാണ് ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയത്. ഇവർക്കായി തുടർവിദ്യാഭ്യാസ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഒന്നാംഘട്ടത്തിന്റെ ഭാഗമായി തുല്യത പഠിതാക്കൾ ശേഖരിച്ച പുരാവസ്തുഗ്രന്ഥങ്ങളുടെ ശേഖരം സി കെ ശശീന്ദ്രൻ എംഎൽഎ സാക്ഷരത മിഷൻ ജില്ലാ അദ്ധ്യക്ഷ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  കെ ബി നസീമയ്ക്കു നൽകി പ്രകാശനം ചെയ്തു. ഈ പുരാരേഖകൾ സംസ്ഥാന സാക്ഷരത മിഷനു കൈമാറും. യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷയായി. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി എൻ ബാബു, ഡയറ്റ് പ്രിൻസിപ്പൽ  ഇ ജെ ലീന, ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷൻ എ പ്രഭാകരൻ, എ ദേവകി, ടി ഉഷാകുമാരി, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ബി കെ സുധീർ കിഷൻ തുടങ്ങിയവർ സംസാരിച്ചു. സാക്ഷരത മിഷൻ പഞ്ചായത്തുതല കോർഡിനേറ്റർമാർ, സാക്ഷരത പ്രേരക്മാർ, തുല്യത പഠിതാക്കൾ എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top