Top
25
Saturday, November 2017
About UsE-Paper

ഇന്ന് വെള്ളമുണ്ടയില്‍ സംഘാടകസമിതി ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്: സബ്ജില്ലാ മത്സരം 28ന്

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌


കല്‍പ്പറ്റ > ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ഉപജില്ലാ മത്സരങ്ങള്‍ ശനിയാഴ്ച നടക്കും. മാനന്തവാടി ഉപജില്ലാ മത്സരം വെള്ളമുണ്ട ജിഎംഎച്ച്എസ്എസിലും ബത്തേരി സബ് ജില്ല ചീരാല്‍ എയുപിഎസിലും വൈത്തിരി സബ്ജില്ലാ മത്സരം ചുണ്ടേല്‍ ആര്‍സിഎച്ച്എസ്എസിലുമാണ്. മത്സരാര്‍ഥികള്‍ സാക്ഷ്യപത്രവുമായി രാവിലെ ഒമ്പതിനകം മത്സര കേന്ദ്രങ്ങളില്‍ എത്തണം. രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ഉദ്ഘാടനം. 10ന് ക്വിസ് മത്സരം ആരംഭിക്കും.
എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി  ജില്ലയിലെ  വിദ്യാലയങ്ങളില്‍നിന്നും മത്സരിച്ച് ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കുക. ഉപജില്ലാ മത്സരത്തില്‍ ഇത്തവണ എഴുത്ത് പരീക്ഷ ഇല്ല. ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന 10 കുട്ടികള്‍ ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഒന്ന്-മൂന്ന്, രണ്ട്- നാല്, അഞ്ച്-ഏഴ്, ആറ്-എട്ട്, ഒമ്പത്-പത്ത് സ്ഥാനങ്ങള്‍ നേടുന്നവര്‍ ടീമായി ജില്ലാ മത്സരത്തില്‍ പങ്കെടുക്കണം. സബ് ജില്ലയില്‍ ആദ്യ നാല് സ്ഥാനക്കാര്‍ക്ക്  യഥാക്രമം 1000, 750, 500, 250 രൂപ  ക്യാഷ് പ്രൈസും മൊമെന്റോയും നല്‍കും. സ്കൂള്‍തല വിജയികള്‍ക്കുള്ള സമ്മാനം സബ്ജില്ലാ മത്സരത്തിന് നല്‍കും.
മാനന്തവാടി സബ്ജില്ലാ മത്സരം എഴുത്തുകാരനും മുംബൈ സര്‍വകലാശാല റിട്ടയേര്‍ഡ് പ്രൊഫസറുമായ ഡോ. ജോസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വൈത്തിരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരിയും ബത്തേരിയില്‍ എഇഒ ഇ സെയ്തലവിയും ഉദ്ഘാടനംചെയ്യും.
ജില്ലാതല മത്സരം നവംബര്‍ 11ന് പനമരത്ത് നടക്കും. ജില്ലയില്‍  ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10,000  രൂപയും സര്‍ട്ടിഫിക്കറ്റും  മൊമന്റോയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 7500 രൂപയും സര്‍ട്ടിഫിക്കറ്റും മൊമന്റോയും സമ്മാനമായി നല്‍കും. പങ്കെടുക്കുന്നവര്‍ക്കെല്ലാം ബാഗ് സമ്മാനമായി നല്‍കും. ജില്ല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് നവംബര്‍ 25ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാം.