17 October Wednesday

ദേശീയപാതക്ക് ഭീഷണിയായ നിര്‍മാണത്തിന് സ്റ്റേ

വെബ് ഡെസ്‌ക്‌Updated: Saturday Oct 28, 2017

കല്‍പ്പറ്റ > ദേശീയപാതയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ദേശീയ പാതയോരത്തിനടുത്തായുള്ള നിര്‍മാണപ്രവര്‍ത്തനത്തിന് അധികൃതരുടെ സ്റ്റോപ്പ് മെമ്മോ. കല്‍പ്പറ്റ-കോഴിക്കോട് ദേശീയപാതയോരത്ത് ഒരുവര്‍ഷം മുമ്പ് കെട്ടിടം തകര്‍ന്നു വീണ സ്ഥലത്തിനടുത്താണ് ചട്ടങ്ങള്‍ മറികടന്ന് കഴിഞ്ഞദിവസം മണ്ണ്നീക്കി പുതിയ നിര്‍മാണത്തിനായുള്ള നീക്കങ്ങള്‍ നടത്തിയത്. വെള്ളിയാഴ്ച നഗരസഭാ അസിസ്റ്റന്റ് എന്‍ജിനിയര്‍ നാസിറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍  സ്ഥലത്ത് പരിശോധനക്കെത്തി. അനധികൃത നിര്‍മാണം നിര്‍ത്താന്‍  ഉടമകള്‍ക്ക് രേഖമൂലം നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. 
പ്രദേശത്ത്  നിര്‍മാണ പ്രവര്‍ത്തനത്തിനായി പുതുക്കിയ പ്ളാന്‍ നേരത്തേ നഗരസഭാ അധികൃതര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത് നഗരസഭ നിരാകരിച്ചെന്നും ഇതിനിടയിലാണ് നഗരസഭ അറിയാതെ പ്രദേശത്ത് മണ്ണ് നീക്കിയതെന്നും അധികൃതര്‍ പറഞ്ഞു. 
ഒരുവര്‍ഷം മുമ്പ് അനധികൃത നിര്‍മാണത്തെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നു വീണതിനെ തുടര്‍ന്ന് അന്നത്തെ കലക്ടര്‍ യാതൊരുവിധ നിര്‍മാണപ്രവര്‍ത്തനവും ഇവിടെ നടത്തരുതെന്ന് ഉത്തരവിറക്കിയിരുന്നു. കല്‍പ്പറ്റ നഗരത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് അരികുചേര്‍ന്നായിരുന്നു അന്ന് അപകടം. ഇതേ സ്ഥലത്തിനടുത്താണ് കഴിഞ്ഞദിവസം മണ്ണുനീക്കി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയത്. നിര്‍മാണവുമായി ബന്ധപ്പെട്ട സാധനസാമഗ്രികള്‍ വാഹനത്തില്‍ എത്തിക്കുന്നതിനായാണ് മണ്ണ് നീക്കിയത്.

പ്രധാന വാർത്തകൾ
Top