26 September Wednesday

അശാസ്ത്രീയ ഭൂവിനിയോഗം മണ്ണിടിച്ചലിന്റെ ആഘാതം കൂട്ടിയതായി പഠനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
കൽപ്പറ്റ
ജില്ലയിലെ മലയോരങ്ങളിലെയും കുന്നുകളിലെയും നീർച്ചാലുകളുടെ ഗതിമാറ്റം മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും ആക്കം കൂട്ടിയതായി ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പ്രാഥമിക പഠനം സൂചിപ്പിക്കുന്നു. മിക്കയിടങ്ങളിലും കനത്ത വേനൽ മഴയെ തുടർന്ന് മണ്ണ് കുതിർന്ന നിലയിലായിരുന്നു. തുടർന്ന് ജൂൺ മുതൽ 80 ദിവസങ്ങളിലായി ഉണ്ടായ അതിവർഷം കുന്നുകളെയും മലയോരങ്ങളെയും കൂടുതൽ ദുർബലമാക്കി. ഏറ്റവും കൂടുതൽ മലയോരം ഊർന്നിറങ്ങിയ കുറിച്യാർമല, പ്രീയദർശനി എസ്റ്റേറ്റ്, പഞ്ചാരക്കൊല്ലി , അമ്മാറ ആനോത്ത്, ചേലോട്, വൈത്തിരി പൊലീസ് സ്റ്റേഷൻകുന്ന് എന്നിവിടങ്ങളിൽ നേരത്തെയുണ്ടായിരുന്ന നീർച്ചാലുകളുടെ സ്വഭാവികമായ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടാകാം. പ്രദേശങ്ങളിലെ ഭൂവിനിയോഗത്തിൽ വന്ന മാറ്റവും അശാസ്ത്രീയമായ നിർമ്മാണവുമാണ് ഈ മേഖലയിൽ വൻതോതിൽ മണ്ണ് ഊർന്നിറങ്ങാൻ കാരണമായത്.
മണ്ണിനകത്തേക്കിറങ്ങിയ വെള്ളം ഉറച്ച പ്രതലത്തിൽ കെട്ടി നിൽക്കുകയും തന്മൂലം ഉണ്ടായ മർദ്ദം ഉരുൾപൊട്ടലിലേക്ക് നയിക്കുകയുമാണ് ഉണ്ടായത്. പ്രദേശത്തിന്റെ കൂടിയ ചെരിവ്, കളിമണ്ണിന്റെ ആധിക്യം, ചുരുങ്ങിയ സമയത്തുണ്ടായ അതി ശക്തമായ മഴ എന്നീ കാരണങ്ങളാണ് ഉരുൾ പൊട്ടലിനിടയാക്കിയത്. ചരലും കളിമണ്ണും കലർന്ന ചുവന്ന മണ്ണുള്ള പ്രദേശങ്ങളിലാണ് ശക്തമായ മണ്ണിടി്ലുണ്ടായത്. മണ്ണിന്റെ ഉപരിതലത്തിലേക്ക് അമിതമായ അളവിൽ വെള്ളം ഇറങ്ങിയതിനാൽ ചരലും കളിമണ്ണും വേർപെടുകയായിരുന്നു. കളിമണ്ണ് താഴേക്കിറങ്ങി ഉറച്ച പ്രതലത്തിലൂടെ ചെരിവുകളിൽ തിരശ്ചീനമായി പ്രവഹിക്കുകയും ഭൂമിയുടെ തുലനത നഷ്ടപ്പെടുകയുമായിരുന്നു. ഇത് കനത്ത മണ്ണിടിച്ചിലിന് കാരണമായതായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി യു ദാസ് പറഞ്ഞു.പിലാക്കാവ് മണിയൻകുന്ന്, തലപ്പുഴ ശിവഗിരിക്കുന്ന്, വൈത്തിരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ എന്നിവടങ്ങളിൽ ഇത്തരത്തിലുള്ള മണ്ണിടിച്ചിലാണുണ്ടായത്.
   കുന്നുകളിൽ വിള്ളലുകളും ,ഭൂമി ഇടിഞ്ഞ് താഴേക്ക് ഇരിക്കലും വ്യാപകമായി കാണുന്നുണ്ട്. വയലുകളിലേക്കും ചതുപ്പുകളിലേക്കും ചെരിഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതലായി ഇങ്ങനെ കാണപ്പെടുന്നത്. ജലാഗിരണത്തിന്റെ അമിതമായ അളവ് വയലുകളെ കുടുതൽ ചതുപ്പുകളാക്കി മാറ്റപ്പെടുത്തിയത് കുന്നുകൾ നിരങ്ങി നീങ്ങുന്നതിനിടയാക്കി. തിരുനെല്ലി പഞ്ചായത്തിലെ പ്ലാമൂല, എടയൂർക്കുന്ന്, തവിഞ്ഞാൽ പഞ്ചായത്തിലെ ഉദയഗിരി,ഒഴക്കോടി,പുതിയിടം, മാനന്തവാടി മുൻസിപ്പാലിറ്റി പരിധിയിലെ ജെസ്സി എസ്റ്റേറ്റ് , ചിറക്കര , കുറ്റിമൂല മേപ്പാടി, വൈത്തിരി പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രതിഭാസത്തിന് വിധേയമായിട്ടുണ്ട്.കെട്ടിടങ്ങളുടെയും വീടുകളുടെയും തകർച്ചയ്ക്ക് ഇടയാക്കിയ ഈ പ്രതിഭാസം ചതുപ്പുകളിലും ഇതിനോട് ചേർന്നും നിർമ്മിക്കപ്പെട്ടിട്ടുള്ള വൻ കെട്ടിടങ്ങൾക്ക് ഭാവിയിൽ ഭീഷണിയായേക്കാം.
   ശശിമല, കോളിയാടിക്കുന്ന്, മുട്ടിൽമല തുടങ്ങിയ പലകുന്നുകളിലും വ്യാപകമായി കാണുന്ന പെട്ടെന്നുണ്ടായ ശക്തമായ ഉറവകൾ ജനങ്ങളുടെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ഉറവകളിലൂടെയുള്ള സ്വഭാവികമായ നീരൊഴുക്ക് തടസ്സപ്പെടുത്തരുതെന്നും ഈ കുന്നുകളിൽ മണ്ണിടിച്ചിലിനോ ഉരുൾപൊട്ടലിനോ ഉള്ള സാധ്യതകൾ ഒഴിവായിട്ടുണ്ടെന്നും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top