18 November Sunday

സോഷ്യൽ മീഡിയയിലെ വ്യാജപ്രചാരണം: സിപിഐ എം പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

 

പനമരം
സിപിഐ എം പനമരം ലോക്കൽ കമ്മിറ്റിയുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ നടത്തുന്ന വ്യാജപ്രചാരണത്തിനെതിരെ സിപിഐ എം പനമരം ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ പി ഷിജു പൊലീസിൽ പരാതി നൽകി. പനമരം ലോക്കൽ സെക്രട്ടറി സുരേഷ് കുമാറിന്റെ നിർദേശ പ്രകാരം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന വ്യാജ പ്രചാരണമാണ് ചിലകേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്നത്. എന്നാൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. പനമരത്ത് സുരേഷ്കുമാറെന്ന ലോക്കൽ സെക്രട്ടറിയുമില്ല. അപവാദപ്രചാരണത്തോടൊപ്പമുള്ള ദൃശ്യവും വ്യാജമാണ്. ഇത്   ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഷെയർചെയ്യുകയും ചെയ്തവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. പനമരം പൊലീസ് കേസ് അന്വേഷണം സൈബർസെല്ലിനെ ഏൽപ്പിച്ചു. സൈബർസെൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 
സിപിഎമ്മിനെയും രാപ്പകലില്ലാതെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രവർത്തകരേയും പൊതുജനമധ്യത്തിൽ അപമാനിക്കാൻ നടത്തുന്ന വ്യാജ പ്രചാരങ്ങൾ തിരിച്ചറിയണമെന്ന് ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  രാഷ്ട്രീയ എതിരാളികളാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിപ്പിക്കുന്നത്. വ്യാജപ്രചാരണം നടത്തുന്നവരെയും അതിനുപിന്നിലെ  ഗൂഢാലോചകരെയും എത്രയുംവേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നാട് വലിയ ദുരന്തത്തിലൂടെ കടന്ന് പോകുമ്പോൾ വിദ്വേഷത്തിന്റെ രാഷ്ട്രീയം കൈമുതലാക്കിയവർ ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങളിൽ അഭിരമിക്കുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയും. ഇത്തരക്കാർക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും സിപിഐ എം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top