23 September Sunday

രോഗപ്രതിരോധ, ശുചീകരണ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ നേതൃത്വം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018

 കൽപ്പറ്റ

കാലവർഷക്കെടുത്തിക്ക് ശേഷമുള്ള ജില്ലയിലെ രോഗ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും ശുചീകരണത്തിനും കുടുംബശ്രീ നേതൃത്വം നൽകും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ ശുചിത്വ മിഷനും ഹരിതകേരള മിഷനും നടത്തുന്ന പരിപാടികൾക്ക് പ്രാദേശിക തലത്തിൽ കുടുംബശ്രീ നേതൃത്വം നൽകണമെന്ന് നിർദേശിച്ചു. വെള്ളപ്പൊക്കത്തിന്  ശേഷം പകർച്ച വ്യാധികൾ പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ആരോഗ്യ രോഗപ്രതിരോധ ബോധവൽക്കരണ പരിപാടികൾക്ക് ബുധനാഴ്ച തുടക്കമായി. 
എല്ലാ സിഡിഎസ്സുകളിൽനിന്നും ഓരോ റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകി. ഇവരുടെ നേതൃത്വത്തിൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ബോധവർക്കരണ ക്ലാസ്സുകൾ നടക്കും. അയൽക്കൂട്ടങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാർക്കാണ് പരിശീലനം. മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്. പരിശീലനം ലഭിച്ചവർ തോട്ടടുത്ത അയൽക്കൂട്ട യോഗത്തിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ അംഗങ്ങൾക്ക് നൽകും. വെള്ളപ്പൊക്കം ബാധിക്കാത്ത ഇടങ്ങളിലും പകർച്ച വ്യാധികൾക്ക് സാധ്യതയുള്ളതിനാൽ എല്ലാ തദ്ദേശഭരണ സ്ഥാപന തലത്തിലും ബോധവൽക്കരണം നടത്തുന്നതിനാണ് നിർദേശം. അതോടൊപ്പം വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെല്ലാം വ്യാഴാഴ്ച മുതൽ ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമാവും. ഒരു വാർഡിൽനിന്നും 50 കുടുംബശ്രീ അംഗങ്ങൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളും ക്യാമ്പുകളും ശുചീകരിക്കുന്നതിന് തുടക്കമിട്ടിട്ടുണ്ട്. ഹരിത കർമസേനയുടെയും സിഡിഎസ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് നിലവിൽ ശുചീകരണം. പഞ്ചായത്ത് തല കോർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ  മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കും. അതത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും തദ്ദേശ ഭരണ സ്ഥാപനതലത്തിൽ ശുചീകരണം നടത്തുക. കുടുംബശ്രീ നടത്തുന്ന ആരോഗ്യ ജാഗ്രത ക്യാമ്പയിന്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങളെല്ലാം നടത്തുകയെന്ന് ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ പി സാജിത അറിയിച്ചു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ സംസ്ഥാന തലത്തിൽ സ്വരൂപിക്കുന്ന തുകയിലേക്കുള്ള ജില്ലയുടെ വിഹിതം ഉടൻ കൈമാറും. കുടുംബശ്രീ അംഗങ്ങളുടെ ജെഎൽജി, ലിങ്കേജ് വായ്പകൾക്കും മൊറൊട്ടോറിയം ബാധകമാക്കണമെന്ന് സംസ്ഥാന മിഷനോട് അഭ്യർഥിച്ചിട്ടുണ്ട്. കാർഷിക, സംരംഭ മേഖലകളിൽ കുടുംബശ്രീ അംഗങ്ങൾക്കുണ്ടായ നഷ്ടം സംബന്ധിച്ച കണക്കുകൾ ക്രോഡീകരിച്ച് നൽകുന്നതിന് സിഡിഎസ്സുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൽപ്പറ്റ നഗരസഭയിലുൾപ്പെടെ ചില സിഡിഎസ്സ് ഓഫീസുകളിൽ തന്നെ വെള്ളം കയറിയത് മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.  
 
പ്രധാന വാർത്തകൾ
Top