19 September Wednesday

കുപ്പാടിത്തറയിൽ 300 ഹെക്ടർ നെൽകൃഷി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
മഴക്കെടുതികളിൽ പടിഞ്ഞാറത്തറ പഞ്ചായത്തിൽ 300 ഹെക്ടർ നെൽകൃഷി നശിച്ചു. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന കുപ്പാടിത്തറ വില്ലേജിലാണ് കൂടുതൽ കൃഷി നശിച്ചത്. 20 പാടശേഖര സമിതികളുടെ നേതൃത്വത്തിൽ നടത്തിയ ഹെക്ടർ കണക്കിന് പാടങ്ങൾ പ്രളയം വിഴുങ്ങിയതോടെയാണ് നെൽകൃഷി വ്യാപകമായി നശിച്ചത്. നിലം ഒരുക്കലും ഞാറ് മാറ്റി നടലും എല്ലാം നേരത്തെ പൂർത്തിയാക്കിയ കർഷകർക്കാണ് വൻ നഷ്ടം സംഭവിച്ചത്. പഞ്ചായത്തിൽ ആകെ 325 ഹെക്ടറിലാണ് നെൽകൃഷി ചെയ്യുന്നത്. ഇതിൽ 300 ഹെക്ടറും കുപ്പാടിത്തറയിലാണ്. 40 ഹെക്ടർ ഞാറ്റടി നശിച്ചതായി കൃഷി ഓഫീസർ സായൂജ് പറഞ്ഞു. നിലമൊരുക്കി ഞാറ് പറിച്ച് നട്ടത് 10 ഹെക്ടറിൽ നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. പല കാരണങ്ങളാൽ അപേക്ഷ നൽകാൻ കഴിയാത്ത കർഷകർ നിരവധിയുണ്ട്. അവരുടെ അപേക്ഷ കൂടി കിട്ടിക്കഴിഞ്ഞാലേ നഷ്ടത്തിന്റെ കണക്ക് പൂർണമാകൂ എന്നും അദ്ദേഹം പറഞ്ഞു.
കുപ്പാടിത്തറ വില്ലേജിലെ പുലക്കുന്ന്, തേർത്ത് കുന്ന്, നരിക്കുന്ന്, കാട്ട് പാലിയാണക്കുന്ന്, എന്നീ പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് പാടങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. പുതുശേരി കടവിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശങ്ങളിൽ ഇത്തവണ അഭൂതപൂർവമായ വെള്ളപ്പൊക്കമാണുണ്ടായത്. ഈ കുന്നുകൾക്ക് ചുറ്റും ഇപ്പോഴും വെള്ളക്കെട്ടാണ്. ചെറുതോണിയിലൂടെയാണ് ഈ കുന്നുകളിലുള്ളവർ മറുകര കടക്കുന്നത്. ഒരു ഏക്കറിൽ കൃഷി ചെയ്യാൻ 25000 രൂപ വരെ ചെലവുണ്ടെന്ന് കർഷകർ പറയുന്നു. ഞാറ് പറിച്ച് നട്ടവർക്ക് ഈ തുക മുഴുവൻ നഷ്ടമായി. ഞാറ്റടി നശിച്ചവർക്ക് വിത്ത് നൽകി തുടങ്ങിയിട്ടുണ്ട്. മുണ്ടക്കുറ്റി പള്ളിത്താഴെ പാടശേഖര സമിതി 36 ഏക്കറോളം നെൽകൃഷി നശിച്ചു. ചൈതന്യ പാടശേഖരസമിതിക്ക് കീഴിലെ 40 ഏക്കറും നിറപറ പാടശേഖരസമിതിയുടെ 75 ഏക്കറും ചാണാലത്ത് പാടശേഖരസമിതിയുടെ 75 ഏക്കർ നെൽകൃഷിയും പൂർണമായും നശിച്ചു. പൂർണിമ പാടശേഖരസമിതിയുടെയും കണ്ണോത്ത് കുന്ന് പാടശേഖരസമിതിയുടെയും 80 ഏക്കറിലധികം നെൽകൃഷിയാണ് വെള്ളം കയറി നശിച്ചത്. കനത്ത മഴയിൽ കുപ്പാടിത്തറ വില്ലേജിലെ ആകെയുള്ള ആറ് വാർഡുകളിൽ അരമ്പറ്റകുന്ന് ഒഴികെയുള്ള  അഞ്ചും വെള്ളത്തിലായി. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top