26 September Wednesday

മീനങ്ങാടിക്ക് രാജ്യാന്തര ആയുഷ് കോൺക്ലേവിലേക്ക് ക്ഷണം

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018
ബത്തേരി
മീനങ്ങാടി പഞ്ചായത്ത് പട്ടികവർഗ മേഖലയിൽ നടപ്പാക്കുന്ന  സാന്ത്വന സൗഹൃദ പദ്ധതിക്ക് രാജ്യാന്തര ആയുഷ് കോൺക്ലേവിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'ഒരുമയോടെ മികവിലേക്ക്' എന്ന ദീർഘകാല വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പഞ്ചായത്ത് പട്ടികവർഗ മേഖലയുടെ വികസനത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും സമാധാന ജീവിതത്തിനും മുൻഗണന നൽകുന്ന സാന്ത്വന സൗഹൃദ പദ്ധതി നടപ്പാക്കി വരുന്നത്. 
പ്രാക്തന ഗോത്രവർഗത്തിൽപ്പെട്ട പണിയ, കാട്ടുനായ്ക്ക, ഊരാളി സമുദായങ്ങളെ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ പ്രവർത്തനം മുന്നേറുന്നത്. കുടുംബങ്ങളെ നിത്യവൃത്തിക്കായി തൊഴിൽ ചെയ്യാൻ പ്രാപ്തരാക്കുകയും സാമൂഹ്യ കൂട്ടായ്മയിലൂടെ അവരെ പൊതുധാരയിൽ ചേർത്തു നിർത്തി ലഹരി വിമുക്തരാക്കുകയും ചെയ്യുന്ന പദ്ധതി ആദിവാസി ജീവിതത്തിന് പുതിയൊരു ദിശാബോധമാണ് പകർന്നു നൽകുന്നത്. ആദ്യ ഘട്ടത്തിൽ ഒരു കോളനിയിലും രണ്ടാം ഘട്ടത്തിൽ നാലു കോളനികളിലേക്കും മൂന്നാം ഘട്ടത്തിൽ ഒമ്പത് കോളനികളിലേക്കും പദ്ധതി വ്യാപിപ്പിച്ചു. 
ആദ്യ ഘട്ടത്തിൽ ഒരു കോളനിക്ക് ഒരു ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ രണ്ട് ലക്ഷം രൂപയും മൂന്നാം ഘട്ടത്തിൽ നാലു ലക്ഷവും രൂപയും വകയിരുത്തി. പദ്ധതിയുടെ ആനുകൂല്യം ലഭിച്ചവർ ഇപ്പോൾ ലഹരി വിമുക്തരും തൊഴിൽ ചെയ്ത് വരുമാനം ഉറപ്പു വരുത്തുന്നവരും സന്തോഷ ജീവിതം നയിക്കുന്നവരുമായി മാറിയിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാൻ പഞ്ചായത്ത് നടപ്പാക്കുന്ന സുസ്ഥിര വികസന പദ്ധതിയായ ട്രൈബൽ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ആൻഡ് എമർജിങ് സ്കീം എന്ന പദ്ധതിയുടെ വ്യാപനത്തിലൂടെ സാന്ത്വന സൗഹൃദ പദ്ധതി കൂടുതൽ ജനകീയമായി മാറ്റുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. സെപ്തംബർ ഏഴു മുതൽ 11വരെ കൊച്ചിയിൽ നടക്കുന്ന ഇന്റർ നാഷണൽ ആയുഷ് കോൺക്ലേവിലെ ലോക്കൽ സെൽഫ് ഗവൺമെന്റ് ഡിപ്പാർട്ടുമെന്റ് ലീഡേഴ്സ് മീറ്റിൽ അവതരിപ്പിക്കാനുള്ള മികച്ച പദ്ധതികൾ കണ്ടെത്താൻ കോഴിക്കോട് ടൗൺ ഹാളിൽ നടത്തിയ മത്സരത്തിലാണ് പഞ്ചായത്തിലെ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ചന്ദ്രൻ അവതരിപ്പിച്ച സാന്ത്വന സൗഹൃദ പദ്ധതി ഒന്നാമതെത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സുരേഷ്, ഡോ. സൗമ്യ ചന്ദ്രൻ, ഒ വി പവിത്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top