17 November Saturday

മഴക്കെടുതി: ധനസഹായം ഉടൻ വിതരണം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018

 

കൽപ്പറ്റ
ജില്ലയിൽ മഴക്കെടുതികൾക്കിരയായവർക്ക് ധനസഹായം അടിയന്തരമായി വിതരണം ചെയ്യാൻ നടപടിയുണ്ടാവും. ജില്ലയിലുണ്ടായ മഴക്കെടുതികളെ സംബന്ധിച്ച് നിയമസഭയിൽ സി കെ ശശീന്ദ്രൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് നൽകിയ മറുപടിയിൽ റവന്യൂമന്ത്രി ഇക്കാര്യം വ്യക്തമാക്കി. ധനസഹായം വിതരണം ചെയ്യാൻ ഇതിനകം തന്നെ നിർദേശം  നൽകിയിട്ടുണ്ട്. ജില്ലയിൽ വ്യാപകമായ കൃഷിനാശം ഉണ്ടായതും ദേശീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതും ചുരത്തിലെ ഗതാഗതതടസ്സവുമെല്ലാം സി കെ ശശീന്ദ്രൻ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 
ജില്ലയിൽ എത് അടിയന്തരസാഹചര്യവും നേരിടാൻ വിവിധവകുപ്പുകൾക്കും കലക്ടർക്കും നിർദ്ദേശം നൽകിയിരുന്നു. ജില്ലയിൽ വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് കിട്ടിയതായി മന്ത്രി പറഞ്ഞു. 130 ഹെക്ടർ കൃഷി നശിച്ചു. 218 വീടുകൾ ഭാഗികമായും എഴു വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. കാലവർഷക്കെടുതിയിൽ മൂന്നുപേർ മരിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവർക്ക് ആവശ്യമായ ചികിത്സാസൗകര്യം ഒരുക്കി. ഭക്ഷണവും ശുദ്ധജലവും വൈദ്യുതിയും ഉറപ്പുവരുത്തുന്നതിനും നിർദേശം നൽകി. പകർച്ചവ്യാധികൾ പൊട്ടിപുറപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ പ്രത്യേക നിർദേശം നൽകി. ആദിവാസികൾക്ക് നൽകിയിരുന്ന സൗജന്യറേഷൻ വീടുകളിലെത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതതടസ്സം നീക്കുന്നതിന് എത്രയും വേഗം നടപടിഎടുക്കാനും നിർദേശിച്ചിട്ടുണ്ട്. മുമ്പ് ദുരന്തങ്ങൾ ഉണ്ടായഘട്ടത്തിൽ നഷ്ടപരിഹാരതുക യഥാസമയം വിതരണം ചെയ്യാത്ത സാഹചര്യം ശ്രദ്ധയിൽപെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനാവശ്യമായ നിർദേശവും നൽകിയിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top