Top
27
Saturday, May 2017
About UsE-Paper
അപേക്ഷ 31നുള്ളില്‍ നല്‍കണം

സേനയിലേക്ക് അടിയ, പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്ക് നേരിട്ട് നിയമനം

Saturday May 20, 2017
വെബ് ഡെസ്‌ക്‌

കല്‍പ്പറ്റ > ജില്ലയിലെ വനാന്തരങ്ങളിലേയും വനാതിര്‍ത്തിയിലേയും സെറ്റില്‍മെന്റ് കോളനിയില്‍ നിവസിക്കുന്ന പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അഭ്യസ്ഥവിദ്യര്‍ ഇനി പൊലീസുകാരും എക്സൈസുകാരുമാകും. സേനയിലേക്ക് നേരിട്ട് പ്രത്യേക നിയമനം നടത്താനുള്ള പിഎസ്സിയുടെ തീരുമാനം നടപ്പാവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നേട്ടത്തിന്റെ ഒരു പൊന്‍തൂവല്‍ കൂടിയാവുകയാണ് ഈ നിയമനങ്ങള്‍. ആദിവാസി വിഭാഗങ്ങളിലെ ഏറ്റവും അധസ്ഥിതരായ കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് നിയമനം നല്‍കുന്നത്. 31ന് മുമ്പ് അപേക്ഷ ജില്ലാ പിഎസ്സി ഓഫീസില്‍ നല്‍കാനുള്ള ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, വനിത സിവില്‍ പൊലീസ് ഓഫീസര്‍, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ എന്നീ തസ്തികളിലേയ്ക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. പ്ളസ് പാസ് ആണ് ,യാഗ്യത. ഇവരുടെ അഭാവത്തില്‍ എട്ടാംക്ളാസ് പാസ്സായവരെയും പരിഗണിക്കും. പിഎസ്സി വെബ്സൈറ്റില്‍ നല്‍കിയ മാതൃകയില്‍  അപേക്ഷകള്‍ യോഗ്യത, ജാതി, വയസ്സ് ,നേറ്റിവിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടൊപ്പം 31ന് വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ടോ, ട്രൈബല്‍ പ്രൊമോട്ടര്‍ മുഖേനയോ ജില്ലാ പിഎസ്സി ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.സലൃമഹമുരെ.ഴ്ീ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ജില്ലാ പിഎസ്സി ഓഫീസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍, പട്ടികവര്‍ഗ വികസന വകുപ്പിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യണം.
വനസംരക്ഷണത്തിനും വനത്തിനുള്ളിലെ തീവ്രവാദം പ്രവര്‍ത്തനങ്ങള്‍ തടയാനും പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്നും നേരിട്ട് പ്രത്യേക നിയമനം നടത്താന്‍ മാര്‍ച്ച് ആറിനാണ് പിഎസ്സി തീരുമാനമെടുത്തത്. ആദിവാസികള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്ന നിലയില്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി നടപടി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇത് പ്രാവര്‍ത്തികമാക്കുന്നതോടെ ആദിവാസി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകും. പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. നിലവില്‍ വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍മാരായി നിരവധി പേരുണ്ട്.
സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ പ്രചാരണം ശക്തമായ ഘടത്തില്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല  വയനാട് കുഞ്ഞോത്ത് എത്തി ആദിവാസികളെ പൊലീസിലും വനം വകുപ്പിലും നേരിട്ട് എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തീരുമാനത്തില്‍ ആദിവാസികള്‍ ഏറെ ആഹ്ളാദിച്ചെങ്കിലും ആര്‍ക്കും നിയമനം കിട്ടിയിട്ടില്ല. ഓരോ ഫോഴ്സിലും ഇരുന്നൂറ് പേരെ എടുക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനം നടത്തിയതിന് ശേഷം രണ്ട് വര്‍ഷം യുഡിഎഫ് ഭരിച്ചിട്ടും ആര്‍ക്കും നിയമനം കൊടുത്തിരുന്നില്ല.
വനം വകുപ്പില്‍ വര്‍ഷങ്ങളായി വാച്ചര്‍മാരായി ജോലി ചെയ്യുന്ന നിരവധി പേരുണ്ട്. ഇവരൊക്കെ നിയമനം പ്രതീക്ഷിച്ച് കഴിയുന്നവരാണ്. ഇവരെ കൂടാതെ ഓരോ വര്‍ഷവും കാട്ടുതീയില്‍നിന്നും കാട് സംരക്ഷിക്കാന്‍ നിരവധി പേരെ താല്‍ക്കാലിക വാര്‍ച്ചര്‍മാരായി എടുക്കാറുമുണ്ട്. ഇവരൊക്കെ നിയമനത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരാണ്. കാടിന്റെ മുക്കും മൂലയും കൂരിരുട്ടില്‍ പോലും തിരിച്ചറിയാന്‍ കഴിയുന്ന ഇവരുടെ സേവനം വനം, എക്സൈസ്, പൊലീസ് വിഭാഗങ്ങള്‍ക്ക് ഏറെ അനുഗ്രഹമാണ്. ഇത് മനസ്സിലാക്കിയാണ് നേരത്തെ ഈ വിഭാഗങ്ങളെ സേനയിലേക്ക് എടുക്കാന്‍ തീരുമാനിച്ചത്്. നിലമ്പൂരിലും വയനാടന്‍ കാടുകളിലും മാവോയിസ്റ്റുകളുടെ തിരച്ചിലിന് പൊലീസിനും വനം വകുപ്പിനും തുണയായത് പട്ടികവര്‍ഗ വിഭാഗങ്ങളാണ്. മാത്രമല്ല, ഈ വിഭാഗങ്ങളില്‍നിന്ന് സേനയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതോടെ ഇവരുടെ ഇടയിലേക്കുള്ള മാവോയിസ്റ്റുകളുടെ കടന്നുകയറ്റവും ഇല്ലാതാക്കാന്‍ കഴിയും.

Related News

കൂടുതൽ വാർത്തകൾ »