Top
27
Saturday, May 2017
About UsE-Paper

വിടവാങ്ങിയത് ജനകീയ പത്രപ്രവര്‍ത്തകന്‍

Saturday May 20, 2017
സ്വന്തം ലേഖകന്‍
വി ജി വിജയന്റെ മൃതദേഹത്തില്‍ 'ദേശാഭിമാനി'ക്കുവേണ്ടി ന്യൂസ് എഡിറ്റര്‍ കെ പ്രേമനാഥ് റീത്ത് വയ്ക്കുന്നു

കല്‍പ്പറ്റ > വി ജി വിജയന്റെ നിര്യാണത്തോടെ വയനാടിന് നഷ്ടമായത് എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടപ്പം നിന്ന പത്രപ്രവര്‍ത്തകനെ. പൊതുപ്രവര്‍ത്തകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു വിജയന്‍. തൂലിക ആയുധമാക്കി തികഞ്ഞ രാഷ്ട്രീയ ബോധത്തോടെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. കാല്‍നൂറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തില്‍ വയനാട്ടിലെ ആദിവാസികളോടും തോട്ടം തൊഴിലാളികളോടും കാര്‍ഷകരോടും നീതിപുലര്‍ത്തി. ഇവരുടെ പുരോഗതിക്കും അവകാശങ്ങള്‍ക്കുവേണ്ടിയായിരുന്നു പോരാട്ടം.
വയനാട്ടിലെ ആദ്യകാല മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ വിജയന്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് തന്റെ ജോലി നിര്‍വഹിച്ചത്. കേരള കൌമുദിയുടെയും മലയാള മനോരമയുടെയും ലേഖകനായിരിക്കുമ്പോഴും ജനയുഗത്തിന്റെ ബ്യൂറോചീഫ് ആയപ്പോഴും തന്റെ ആശയങ്ങളില്‍ വിട്ടുവീഴ്ചക്ക് തയ്യാറായില്ല.
മികച്ച സംഘാടകനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. വയനാട് പ്രസ്ക്ളബ് രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. വയനാട് പ്രസ്സ് ക്ളബ്ബിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടാക്കുന്നതില്‍ അക്ഷീണം പ്രയത്നിച്ചു. ഇന്നത്തെ നിലയില്‍ വയനാട് പ്രസ്സ് ക്ളബ്ബിനെ ഉയര്‍ത്തിയത് ഇദ്ദേഹത്തിന്റെ നേതൃപാടവും പരിശ്രമവുമാണ്.  പലതവണ പ്രസ്ക്ളബ്ബിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി. മറ്റുസ്ഥാനങ്ങളും അലങ്കരിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന വൈസ്പ്രസിഡന്റ് പദവി. 2013 മുതല്‍ 2015വരെയാണ് വൈസ്പ്രസിഡന്റ് സ്ഥാനം വഹിച്ചത്. അസുഖബാധിതനാകുന്നതിന്റെ തലേദിവസംവരെ യൂണിയന്‍ പ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തനത്തിലും സജീവമായിരുന്നു. ഒരു മാസം മുമ്പ് കഴുത്തുവേദനയുടെ രൂപത്തില്‍ അലോസരം സൃഷ്ടിച്ച രോഗം ആശുപത്രിക്കിടക്കയിലാക്കുന്നതുവരെ കര്‍മനിരതനായിരുന്നു.
ഇദ്ദേഹത്തിന്റെ ആസക്മീക വിയോഗം ആര്‍ക്കും വിശ്വസിക്കാനായില്ല. വയനാട്ടുകാരുടെ വിജയേട്ടനായിരുന്നു വി ജി വിജയന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍. രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക, ട്രേഡ് യൂണിയന്‍ രംഗങ്ങളിലെ വയോധികര്‍ പോലും സ്നേഹത്തോടെ സംബോധന ചെയ്തിരുന്നത് വിജയേട്ടനെന്നായിരുന്നു.
പ്രതിസന്ധികളെയും പ്രകോപനങ്ങളെയും നിറഞ്ഞ ചിരിയോടെ നേരിട്ടു. ആരോടും കയര്‍ത്തു സംസാരിക്കാനോ പിണങ്ങാനോ  അറിയുമായിരുന്നില്ല. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ തന്നെ തേടിയെത്തുന്നവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കണ്ടാണ് കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ രാഷ്ട്രീയ വിവേചനവും ഉണ്ടായിരുന്നില്ല.
പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ദൈന്യത ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും പരിഹാരം കാണുന്നതിലു ശ്രദ്ധാലുവായിരുന്നു. തിരുനെല്ലിയിലടക്കമുള്ള അവിവാഹിത ആദിവാസി അമ്മമാരിലേക്കും അവരുടെ യാതന നിറഞ്ഞ ജീവിതാവസ്ഥകളിലേക്കും അധികൃതരുടെ ശ്രദ്ധതിരിച്ച മാധ്യമപ്രവര്‍ത്തകരുടെ മുന്‍നിരയിലാണ് സ്ഥാനം.
മാധ്യമപ്രവര്‍ത്തനത്തില്‍ സത്യത്തിന്റെയും നീതിയുടെയും പക്ഷംചേര്‍ന്നു. സഹപ്രവര്‍ത്തകരെ അതിനു പ്രേരിപ്പിക്കാനും മറന്നില്ല. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥപ്രമുഖരും  സാഹിത്യനായകരും തുടങ്ങി തൊഴിലാളികളും ആദിവാസികളും   ഉള്‍പ്പെടുന്നതായിരുന്നു സൌഹൃദവലയം. മരണവാര്‍ത്തയറിഞ്ഞ് വീട്ടിലേക്കും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച വയനാട് പ്രസ്സ്ക്ളബിലേക്കും ഒഴുകിയെത്തിയ ആള്‍ക്കൂട്ടം ഇതിന് തെളിവായിരുന്നു.

Related News

കൂടുതൽ വാർത്തകൾ »