17 November Saturday

സൈന്യത്തിന്റെ പ്രവർത്തനം ജില്ലക്ക് കരുത്തായി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
കൽപ്പറ്റ
ചരിത്രത്തിലെ ഏറ്റവും വലിയ മഴക്കെടുതിയെ നേരിടുന്ന വയനാടിന് സൈന്യത്തിന്റെ സേവനം ആശ്വാസമായി. ജില്ലയിൽ 149 സൈനികരാണ് ഇപ്പോഴും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നത്. കനത്ത മഴ അൽപം ശമിച്ചതോടെ ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ നിന്നു മാറി അവശ്യസാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുന്നതിന്റെയും മറ്റും തിരക്കിലാണ് സൈന്യം. ജില്ലാ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് സേവനം ആവശ്യമായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളും നടത്തിവരുന്നു. കണ്ണൂർ ഡിഎസ്സിയിൽ നിന്ന് ലെഫ്. കമാൻഡർ അരുൺ പ്രകാശിന്റെ നേതൃത്വത്തിൽ 84 സൈനികർ ദുരിതബാധിത മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച കൊച്ചിയിൽ നിന്നുള്ള നാവികസേനയുടെ 10 മുങ്ങൽവിദഗ്ധരും എൻഡിആർഎഫിൽ നിന്ന് 55 പേരും ജില്ലയിലുണ്ട്. നാവികസേനയുടെ സംഘത്തെ ലെഫ്. കമാൻഡർ ഹർഷ് പാണ്ടെയും എൻഡിആർഎഫിനെ കമാൻഡർ രാജൻ സാഹുവുമാണ് നയിക്കുന്നത്. ജില്ലയിലുണ്ടായിരുന്ന കണ്ണൂർ ഏഴിമല നേവൽബേസിൽ നിന്നുള്ള 25 നാവികർ മഴയ്ക്ക് അൽപം ശമനമായതോടെ തിരിച്ചു പോയി. കലക്ടറേറ്റ് കേന്ദ്രീകരിച്ച് രണ്ടു ജൂനിയർ കമ്മീഷൻ ഓഫിസർമാരുടെ നേതൃത്വത്തിലാണ് ആർമിയുടെ പ്രവർത്തനം. മാനന്തവാടിയിൽ ഒരു ജൂനിയർ കമ്മീഷൻ ഓഫിസർ സംഘത്തെ നിയന്ത്രിക്കുന്നു. മാനന്തവാടി പായോട് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളിയാഴ്ച എൻഡിആർഎഫിന്റെ ഒരുസംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മഴ കുറഞ്ഞെങ്കിലും കോട്ടത്തറ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. അവശ്യസാധനങ്ങൾ ഇവിടങ്ങളിലെത്തിക്കുന്നതിന്റെയും മറ്റും തിരക്കിലായിരുന്നു വെള്ളിയാഴ്ച നാവികസേനാംഗങ്ങൾ. സേവനം ആവശ്യമായി വരുന്ന സാഹചര്യം അറിയിക്കുന്ന നിമിഷം തന്നെ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേറ്റിംഗ് സെൽ ലോക്കേഷൻ അടക്കമുള്ള വിവരങ്ങൾ ആർമി ഉദ്യോഗസ്ഥർക്ക് കൈമാറുന്നുണ്ട്.   
പ്രധാന വാർത്തകൾ
Top