Top
27
Saturday, May 2017
About UsE-Paper
ജനകീയ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം

കാരാപ്പുഴയില്‍ തുടക്കം

Friday May 19, 2017
സ്വന്തം ലേഖകന്‍
കല്‍പ്പറ്റ > സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് കാരാപ്പുഴയില്‍ തുടക്കം. 7.21 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ കാരാപ്പുഴ മെഗാ ടൂറിസം പദ്ധതി 21ന് പകല്‍ 11ന് നാടിന് സമര്‍പ്പിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി  മാത്യു ടി തോമസ് റോസ് ഗാര്‍ഡന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 21മുതല്‍ ജൂണ്‍ അഞ്ചുവരെ വൈവിധ്യമാര്‍ന്ന  പരിപാടികള്‍ സംഘടിപ്പിക്കും. സെമിനാര്‍, മന്ത്രിയുമായുള്ള മാധ്യമ കൂടിക്കാഴ്ച, സഞ്ചരിക്കുന്ന വീഡിയോ വാള്‍ പ്രദര്‍ശനം, ഡോക്യുമെന്ററി നിര്‍മാണം, ഫോട്ടോ പ്രദര്‍ശനം, ബ്രോഷര്‍ പ്രസിദ്ധീകരണം, പോസ്റ്റര്‍ പ്രചാരണം, മൊബൈല്‍ എക്സിബിഷന്‍, ഹോര്‍ഡിങ് സ്ഥാപിക്കല്‍, വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
14 ഏക്കറിലായാണ് കാരാപ്പുഴയിലെ ആദ്യഘട്ട ടൂറിസം പ്രവൃത്തി പൂര്‍ത്തിയാക്കിയത്. നയന മനോഹരമായ പൂന്തോട്ടമാണ് പ്രധാന ആകര്‍ഷണം. രണ്ടായിരത്തോളം വ്യത്യസ്ത ഇനങ്ങളിലുള്ള റോസ് ഗാര്‍ഡന്‍ ഒരുക്കിയിട്ടുണ്ട്. ആംഫി തിയറ്റര്‍, ടൂറിസ്റ്റ് അറൈവല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍, പാത്ത് വേ, കുട്ടികളുടെ പാര്‍ക്ക്, റെസിബോ, സുവനീര്‍ ആന്‍ഡ് സ്പൈസ് സ്റ്റാള്‍, വാട്ടര്‍ ഫൌണ്ടന്‍, ബയോഗ്യാസ് പ്ളാന്റ്, പാര്‍ക്കിങ് ഏരിയ, ബാബൂ ഗാര്‍ഡന്‍, ലൈറ്റിങ്, ലാന്‍ഡ് സ്ക്കേപ്പിങ്, ടോയ്ലറ്റ് തുടങ്ങിയവ  ഉള്‍പ്പെട്ടതാണ് ഒന്നാം ഘട്ടം.
രണ്ടാം ഘട്ട വികസനത്തിന് 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വാച്ച് ടവര്‍, കുട്ടികള്‍ക്കുളള നീന്തല്‍ കുളം, ബട്ടര്‍ഫ്ളൈ ഗാര്‍ഡന്‍ തുടങ്ങിയവയാണ് രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്യുന്നത്. ഡാലിയയും സൂര്യകാന്തിയുമുള്‍പ്പെടെയുള്ള നൂറില്‍പരംപുഷ്പങ്ങള്‍ ഉദ്യാനത്തിലുണ്ട്. കാരാപ്പുഴയുടെ വശ്യമനോഹരമായ കാഴ്ചയോടൊപ്പം ഗാര്‍ഡനും സഞ്ചാരികള്‍ക്ക് ദൃശ്യവിരുന്നാകും.
മൊത്തം 50 കോടി രൂപയുടെ പദ്ധതിയാണ് കാരാപ്പുഴ ഡാമും പരിസരവും മോടിപിടിപ്പിക്കാനായി വിഭാവനം ചെയ്യുന്നത്. വ്യൂ ടവറുകള്‍, പൂമ്പാറ്റകളുടെ പാര്‍ക്ക്, ഡാം പരിസരം മോടിയാക്കല്‍, പടവുകള്‍ നിര്‍മിക്കല്‍, സാഹസിക സഞ്ചാരത്തിനുള്ള റോഡ് നിര്‍മാണം, മുള കൊണ്ടുള്ള പവലിയന്‍, മുളപ്പാലം, താമരക്കുളം, മീന്‍പിടിക്കല്‍ കേന്ദ്രം, ഇതിനുള്ള ഉപകരണങ്ങള്‍ വാങ്ങല്‍, ചെടികളുപയോഗിച്ചുള്ള മതില്‍ നിര്‍മാണം, പാര്‍ക്കിങ് ഏരിയ, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഡാം പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കല്‍, ജലചേന സൌകര്യമൊരുക്കല്‍, വൈദ്യുതീകരണം, സോളാര്‍ ബോട്ട്, ഓപ്പണ്‍ പവലിയന്‍, മുള പാര്‍ക്കില്‍ കുളം നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തികളാണ് മൂന്നാം ഘട്ടത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.
ജലസേചന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇറിഗേഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് (കിഡ്കോ) പദ്ധതി നടപ്പാക്കുന്നത്. ഓപ്പണ്‍ എയര്‍ തിയറ്റര്‍,  വീഡിയോ ഹാള്‍, സുഗന്ധവ്യജ്ഞന വില്‍പ്പന സ്റ്റാളുകള്‍, ഡാം പരിസരത്തെ വൈദ്യുതാലങ്കാരം, ബോട്ട് ജെട്ടി, സഞ്ചാരികള്‍ക്ക് താമസ സൌകര്യം തുടങ്ങിയ സൌകര്യങ്ങളും പൂര്‍ത്തിയാവുന്നതോടെ കാരാപ്പുഴ ഇന്ത്യയിലെ മികച്ച വിനോദ സഞ്ചാരകേന്ദ്രമാകുമെന്നാണ് പ്രതീക്ഷ.
21ലെ ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. എംഎല്‍എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി എന്നിവര്‍ പങ്കെടുക്കും.