23 July Monday
അര്‍ബുദ ചികിത്സയില്‍ കുതിപ്പ്

നല്ലൂര്‍നാട് ക്യാന്‍സര്‍ യൂണിറ്റില്‍ റേഡിയേഷന്‍ സംവിധാനമാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017


മാനന്തവാടി >  ജില്ലയില്‍ അര്‍ബുദ ചികിത്സയില്‍ വലിയ മാറ്റത്തിന് വഴിതെളിച്ച് നല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ കെയര്‍ യൂണിറ്റില്‍ റേഡിയേഷന്‍ സംവിധാനമൊരുങ്ങുന്നു. നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയിലാണ് ക്യാന്‍സര്‍  യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അര്‍ബുദ രോഗികള്‍ക്ക് നിലവില്‍ ഇവിടെ കീമോ തെറാപ്പി ചികിത്സ നല്‍കുന്നുണ്ട്. റേഡിയേഷന്‍ സൌകര്യംകൂടി വരുന്നതോടെ ക്യാന്‍സര്‍ ചികിത്സയില്‍ വലിയ പുരോഗതിയുണ്ടാകും.
ജില്ലയില്‍നിന്നും നിരവധി പേരാണ് കീമോതെറാപ്പിക്കും റേഡിയേഷനുമായി ചുരമിറങ്ങേണ്ടിവരുന്നത്. യാത്രാക്ളേശത്തില്‍ പലരുടെയും ചികിത്സ മുടങ്ങുന്ന സാഹചര്യം വരെയുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തലശ്ശേരിയിലെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലുമാണ് ജില്ലായിലെ അര്‍ബുദബാധിതരില്‍ കൂടുതല്‍പേരും ചികിത്സയ്ക്ക് പോകുന്നത്. നല്ലൂര്‍നാട് റേഡിയേഷന്‍ സംവിധാനം വരുന്നതോടെ ഇവരില്‍ കുറേപേര്‍ക്കെങ്കിലും ഈ സൌകര്യം ഉപയോഗപ്പെടുത്താനാവും.  പ്രത്യേകിച്ചും  ആദിവാസികളടക്കമുള്ളവര്‍ക്ക്.
ബിആര്‍ജിഎഫ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ക്യാന്‍സര്‍ കെയര്‍ യൂണിറ്റില്‍ റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള തുക ലഭിച്ചത്. 3.64 കോടി ആദ്യം അനുവദിച്ചെങ്കിലും ഫണ്ട് തികയാത്തതിനെ തുടര്‍ന്ന് വീണ്ടും 40 ലക്ഷംകൂടി  അനുവദിക്കുകയായിരുന്നു. 1.5 കോടി ചെലവില്‍  മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള മുറിയുടെ സുരക്ഷാഭിത്തിയും മറ്റും നിര്‍മിച്ചു.  2.99 കോടി വിനിയോഗിച്ചാണ് ടെലി കൊബാള്‍ട്ട് റേഡിയേഷന്‍ മെഷീന്‍ സ്ഥാപിച്ചത്. റേഡിയേഷന്റെ അളവ് തിട്ടപ്പെടുത്തി യൂണിറ്റിന് അംഗീകാരം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അംഗീകാരം നല്‍കേണ്ട അറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡ് അധികൃതര്‍ സ്ഥലത്തെത്തി വിദഗ്ധ പരിശോധന നടത്തിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തില്‍ യൂണിറ്റില്‍ സജ്ജീകരിച്ച ക്രമീകരണങ്ങളില്‍ ഇവര്‍ തൃപ്തരാണ്. ജനുവരി അവസാനത്തോടെ രോഗികള്‍ക്ക് റേഡിയേഷന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നോഡല്‍ ഓഫീസര്‍ ഡോ. എം സന്തോഷ്കുമാര്‍ പറഞ്ഞു.
റേഡിയേഷന്‍ ചികിത്സ നല്‍കുന്നതിന് ക്യാന്‍സര്‍ കെയര്‍ യൂണിറ്റില്‍ എക്സ്-റേ സിമുലേറ്റര്‍ അത്യാവശ്യമാണ്. ഇത് സ്ഥാപിച്ചാലെ റേഡിയേഷന്‍ ചികിത്സ തുടങ്ങാന്‍ സാധിക്കു.  ഇതിന് ഒന്നര കോടി ഇനിയും ആവശ്യമുണ്ട്.
ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയിലാവാന്‍ നോഡല്‍ ഓഫീസര്‍ക്കു പുറമെ റേഡിയോ ഓങ്കോളജിസ്റ്റും വേണം.  നോഡല്‍ ഓഫീസറുടെയും ഒരു ഡോക്ടറുടെയും തസ്തികയാണ് ഇപ്പോഴുള്ളത്. ഡോക്ടറുടെ തസ്തികയില്‍ ജൂനിയര്‍ കണ്‍സല്‍ട്ടന്റായി വനിതാ ഡോക്ടര്‍ ജോലി ചെയ്യുന്നുണ്ട്. റേഡിയേഷന്‍ സേഫ്റ്റി ഓഫീസര്‍ (ഒന്ന്), റേഡിയേഷന്‍ ടെക്നോളജിസ്റ്റ് (രണ്ട്) എന്നീ സ്ഥിരം നിയമനങ്ങളും ആവശ്യമാണ്. ദേശീയ ആരോഗ്യ ദൌത്യം  നിയമിച്ച ജീവനക്കാരാണ് ഈ തസ്തികകളിലും ജോലി ചെയ്യുന്നത്. നേഴ്സ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാരും വേണം. 
മാനന്തവാടി ബ്ളോക്ക് പഞ്ചായത്തിനു കീഴിലാണ് ആശുപത്രിയുള്ളത്.  ക്യാന്‍സര്‍ കെയര്‍ യൂണിറ്റിന്റെയും വികസനത്തിന് സംസഭാന സര്‍ക്കാരിനൊപ്പം ബ്ളോക്ക് പഞ്ചായത്തും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top