20 June Wednesday

ദുരന്ത സാഗര്‍

സ്വന്തം ലേഖകന്‍Updated: Tuesday Jul 18, 2017



പടിഞ്ഞാറത്തറ > ദുരന്തവാര്‍ത്ത കേട്ടാണ് തിങ്കളാഴ്ച തരിയോടുകാര്‍ ഉണര്‍ന്നത്. ബാണാസുര സാഗര്‍ അണക്കെട്ടില്‍ മീന്‍പിടിക്കാന്‍ പോയ സംഘത്തിലെ നാലുപേരെ കാണാതായെന്നത് ഇവര്‍ക്ക് വിശ്വസിക്കാനായില്ല. കേട്ടവര്‍ കേട്ടവര്‍ നാലുഭാഗത്തുനിന്നും ഡാമിന്റെ സിങ്കോണക്കുന്ന്  ഭാഗത്തേക്ക് ഓടി. പുലര്‍ച്ചെമുതല്‍ വൈകിട്ടുവരെ ഡാമിനടുത്തേക്ക് ആളുകള്‍ ഒഴുകി.
ഫയര്‍ഫോഴ്സ് തിരച്ചില്‍ നടത്തുമ്പോള്‍ ആകാംക്ഷയോടെ ഇവര്‍ കാത്തുനിന്നു. വൈകിട്ട് ഫയര്‍ഫോഴ്സ് സംഘം തെരച്ചില്‍ നിര്‍ത്തി പോയിട്ടും ഇവര്‍ പ്രതീക്ഷയോടെ കാത്തുനിന്നു. സ്വന്തം നാട്ടുകാരനായ വിത്സനെ ഡാമില്‍ കാണതായെന്ന വിവിരമാണ് ഇവരെ ഏറെ നടുക്കിയത്. ഡാമിനെ അത്രയധികം അറിയുന്ന വില്‍സണ്‍ മുങ്ങിപോകുമെന്ന് ഇവര്‍ക്ക് വിശ്വസിക്കാനായില്ല. നല്ലതുമാത്രമേ അമ്പതുകാരനായ വില്‍സനെക്കുറിച്ച് നാട്ടുകാര്‍ക്കും പ്രദേശവാസികള്‍ക്കും പറയാനുള്ളു.
കാവുമന്ദം, പടിഞ്ഞാറത്തറ, തരിയോട്, മഞ്ഞൂറ പ്രദേശങ്ങളില്‍ നിന്നും കൂടാതെ കോഴിക്കോട് ചെമ്പുകടവ്, തുഷാരഗിരി ഭാഗങ്ങളില്‍നിന്നും നൂറുകണക്കിന് പേരാണ് തരിയോട് എത്തിയത്. തങ്ങളുടെ നാട്ടുകാര്‍ വയനാട്ടിലെ ഡാമില്‍ കണാതായതെന്നത് ഇവരെയും നടുക്കി. സ്ത്രീകളടക്കമുള്ളവര്‍ ചെമ്പുക്കടവില്‍നിന്നും അപകടം നടന്ന തരിയോട് സിങ്കോണക്കുന്നിലെത്തി. വൈകുന്നതുവരെ ഇവര്‍ കാത്തുനിന്നു. റോഡും പരിസരവും വാഹനങ്ങളാലും ആളുകളാലും നിറഞ്ഞു. ഫയര്‍ഫോഴ്സിന്റെയും പൊലീസിന്റെയും റെസ്ക്യൂ വാഹനങ്ങളും ആംബുലന്‍സുകളും പൂര്‍ണസജ്ജമായി ഒരുക്കിയിരുന്നു.
ഫയര്‍ഫോഴ്സിനും തുര്‍ക്കി ജീവന്‍ രക്ഷാസമിതിക്കുമൊപ്പം നാട്ടുകാരും തെരച്ചിലിന് സഹായിച്ചു. തങ്ങളുടെ ഡാമില്‍ മുങ്ങിതാഴ്ന്നവരെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന ആഗ്രഹമായിരുന്നു ഇവര്‍ക്കും ഉണ്ടായിരുന്നത്. ചങ്ങാടത്തിലും മറ്റും ഇവര്‍ സ്വന്തം നിലയിലും തെരച്ചില്‍ നടത്തി.

പ്രധാന വാർത്തകൾ
Top