Top
22
Thursday, June 2017
About UsE-Paper

കാലവര്‍ഷം ദുര്‍ബലം; ആശങ്കയില്‍ കാര്‍ഷികമേഖല

Sunday Jun 18, 2017
സ്വന്തം ലേഖകന്‍


കല്‍പ്പറ്റ > ജൂണ്‍ പകുതിപിന്നിട്ടിട്ടും ജില്ലയില കാലവര്‍ഷം ശക്തിപ്രാപിക്കാത്തത് കാര്‍ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയാവുകയാണ്. കഴിഞ്ഞവര്‍ഷം കാലവര്‍ഷത്തില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും കുറവ് മഴ പെയ്ത ജില്ലയില്‍ ഇത്തവണയും ഈ സ്ഥിതിയേലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്.
നെല്‍കൃഷിയടക്കമുള്ള കാര്‍ഷിക വിളകളുടെ ഉല്‍പാദനത്തില്‍ കഴിഞ്ഞവര്‍ഷം ഇടിവ് നേരിട്ടിരുന്നു.  കഴിഞ്ഞ വര്‍ഷം 59 ശതമാനം മഴയുടെ കുറവാണ് ജില്ലയില്‍ രേഖപ്പെടുത്തിയാത്. കാലാവസ്ഥ നീരീക്ഷണകേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ 14 വരെ ജില്ലയില്‍ 41 ശതമാനം മഴയുടെ കുറവ് നേരിട്ടുകഴിഞ്ഞു.
234.9 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 139.5 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ ഈ കാലയളവില്‍  പെയ്തത്. തൊട്ടടുത്ത ജില്ലയായ കോഴിക്കോട് പ്രതീക്ഷിതമഴയേക്കാള്‍ 18 ശതമാനം വര്‍ധിച്ച് 453.1 മില്ലീമീറ്റര്‍ മഴ പെയ്തിറങ്ങിയപ്പോഴാണ് മഴമേഘങ്ങള്‍ ചുരം കയറാന്‍ മടിക്കുന്നത്. ഭൂരിഭാഗം ജില്ലകളിലും മുന്നുറുമില്ലീമീറ്ററിന് മുകളില്‍ മഴ ലഭിച്ചപ്പോഴാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കുറഞ്ഞ മഴ വയനാട്ടില്‍ രേഖപെടുത്തുന്നത്.
മഴക്കുറവ് നെല്ല്, കുരുമുളക്, ഇഞ്ചി അടക്കമുള്ള കാര്‍ഷകികവിളകളെയെല്ലാം അതീവ ഗുരുതരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കൂടാതെ കിണറുകള്‍ ഉള്‍പ്പടെയുള്ള ജലാശയങ്ങളും വരള്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. മഴ തിമിര്‍ത്ത് പെയ്ത് നെല്‍വയലുകള്‍ ചളിക്കളുങ്ങളാക്കി നഞ്ചകൃഷിക്ക് നിലം ഒരുക്കേണ്ട സമയത്താണ് മഴ മാറിനില്‍ക്കുന്നത്. ആവശ്യത്തിന് വെള്ളം ഉറവയായയെത്തി പാടങ്ങളില്‍ കെട്ടിക്കിടക്കാത്തതിനാല്‍ ഞാറ് നടാന്‍പോലും പറ്റാതെ ഉഴലുകയാണ് നെല്‍കര്‍ഷകര്‍.
ജൂണില്‍ മഴ ആരംഭിച്ചപ്പോള്‍ തന്നെ  പ്രതീക്ഷയോടെ  ഞാറ് നട്ടവര്‍ മഴ ഇല്ലാതായതോടെ ത്രിശങ്കുവിലായി. നെല്‍കൃഷി ലാഭകരമല്ലാത്തതിനാല്‍ പലരും മറ്റ് കൃഷികളില്‍ അഭയം തേടുന്ന പ്രവണത തടയുന്നതിന് നെല്‍കൃഷിക്ക് സംസ്ഥാനസര്‍ക്കാര്‍ അകമഴിഞ്ഞ പ്രോത്സാഹനത്തിന് നടപടികള്‍ സ്വീകരിക്കുമ്പോഴാണ് മഴയുടെ കുറവ് കര്‍ഷകര്‍ക്ക് വിനയവുന്നത്. കുരുമുളകും തിരിയിട്ടുവരുന്ന സമയമാണിത്. കായ്ഫലം നന്നായി ലഭിക്കാന്‍ ഈ സമയം ശക്തമായ മഴഉണ്ടാവണം. ഇഞ്ചിയടക്കമുള്ള വിളനട്ടവരും തെങ് കവുങ്ങ് കര്‍ഷകരുമെല്ലം മഴ ലഭിക്കാത്തതിന്റെ പ്രതിസന്ധി നേരിടുന്നുണ്ട്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ മഴ ലഭ്യത കുറഞ്ഞതോടെ മിക്ക കിണറുകളും ജനുവരിയോടെ തന്നെ വറ്റാന്‍ തുടങ്ങിയിരുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഭൂരിഭാഗം കിണിറുകളും വറ്റിയതോടെ കുടിവെള്ളക്ഷാമവും രൂക്ഷമായി. വേനല്‍മഴ ശക്തമായി പെയ്തത് വരള്‍ച്ചക്ക് ആശ്വാസം പകര്‍ന്നിരുന്നു.  എന്നാല്‍ കാലവര്‍ഷം കുറഞ്ഞ് കാരണം വറ്റിയ കിണറുകളില്‍ ഭൂരിഭാഗത്തിലും ഉറവ വന്ന് വെള്ളം ഉയര്‍ന്നിട്ടില്ല. പുല്‍പ്പള്ളി പഞ്ചായത്തില്‍ പലയിടത്തും മഴക്കാലത്തും കുടിവെള്ളം വിതരണം ചെയ്യേണ്ട അവസ്ഥയാണ്. കഴിഞ്ഞതവണ മഴ കുറഞ്ഞെങ്കിലും ഇത്തവണ മികച്ച മഴ ലഭിക്കുമെന്ന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം ജില്ലയ്ക്കാകെ പ്രതീക്ഷ പകര്‍ന്നിരുന്നു. ഈ പ്രതീക്ഷയാകെ തകിടം മറിയുമെന്നാണ് ഇതുവരെയുള്ള കാലാവസ്ഥയുടെ ഗതിമാറ്റം സൂചിപ്പിക്കുന്നത്.