20 September Thursday

പി സി തോമസ് നടത്തിയ ഉപവാസ നാടകത്തിന് ദയനീയ അന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 കൽപ്പറ്റ

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പി സി തോമസ് നടത്തിയ ഉപവാസ നാടകത്തിന് ദയനീയ അന്ത്യം. കൊട്ടിഘോഷിച്ച്   സുരേഷ് ഗോപിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ച നമരത്തിന് എത്തിയത് ഇരുന്നൂറിൽ താഴെ പേർ. ഇതിൽ ഭൂരിഭാഗവും സുരേഷ് ഗോപിയെ കാണാനെത്തിയവർ. ബിജെപിയുടെ  ജില്ലയിലെ നേതാക്കൾതന്നെ എല്ലാവരും എത്തിയില്ല. പ്രവർത്തകരുൾപ്പെടെ ആയിരങ്ങൾ പങ്കെടുക്കുമെന്നായിരുന്നു സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ ചടങ്ങ് തുടങ്ങുമ്പോൾ സ്റ്റേജിലുള്ളവർ മാത്രമാണ് ഉണ്ടായത്. സുരേഷ് ഗോപി എത്തിയപ്പോഴാണ് കുറച്ചുപേർ വന്നത്. ഉദ്ഘാടനം കഴിഞ്ഞ് സുരേഷ് ഗോപി പോയതോടെ അവരും സ്ഥലംവിട്ടു.  ഉച്ചയായപ്പോഴേക്കും ബിജെപിയുടെ നേതാക്കൾ ഉൾപ്പെടെ പോവുകയും ചെയ്തു. പിന്നീടുണ്ടായത് പി സി തോമസിനോടൊപ്പം കോട്ടയത്തുനിന്നും വന്നവർ മാത്രം. ഉപവാസകരുടെ പ്രസംഗം കേൾക്കാൻ വഴിപോക്കർ പോലും ഉണ്ടായില്ലെന്നത് സംഘാടകർക്ക് വൻ തിരിച്ചടിയായി. നട്ടാൽ മുളയ്ക്കാത്ത നുണകൾ ആവർത്തിച്ച്, വരുന്ന ലോക്സഭാ തെരെഞ്ഞടുപ്പിൽ മത്സരിക്കാനുള്ള പൊറാട്ടുനാടകമാണ്  പി സി തോമസ് നടത്തിയത്.
പദ്ധതിയോട് സർക്കാർ മുഖംതിരിച്ചിട്ടില്ലെന്നും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻതന്നെ ജില്ലയിലെത്തിയപ്പോൾ പറഞ്ഞിരുന്നു. വികസനത്തിന് സർക്കാർ എതിരാണെന്ന് നുണയാണ് പ്രചരിപ്പിക്കുന്നത്്. നോഡൽ ഓഫീസറെ വരെ  നിയമിച്ചുവെന്നും പ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും മുഖ്യമന്ത്രി ബത്തേരിയിലെ സൗഹൃദ കൂട്ടായ്മയിൽ പറഞ്ഞിരുന്നു. പദ്ധതിക്ക് കേരളം താൽപ്പര്യമറിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര നോഡൽ ഓഫീസറായ വി പി ജോയിയും പറഞ്ഞിരുന്നു. വയനാടിനെ കുറിച്ച് അറിയുന്ന, മുൻ കലക്ടറായ ഷർമിള മേരി ജോസഫ് ഐഎഎസിനെയാണ് നോഡൽ ഓഫീസറായി നിയമിച്ചതും സർക്കാരിന്റെ ജില്ലയോടുള്ള പ്രതിബദ്ധയാണ് കാണിക്കുന്നത്. നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ്കാന്തിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർ നടപടികൾ നടന്നുവരുന്നു. വയനാട് കലക്ടറേറ്റിലും ഇതുസംബന്ധിച്ച് നടപടികൾ ഉണ്ടായിട്ടുണ്ട്. കലക്ടറേറ്റിൽ ഇതുസംബന്ധിച്ചുള്ള ആലോചനാ യോഗവും മറ്റും നടന്നിട്ടുണ്ടെന്നും  നിർദേശങ്ങൾ വരുന്നതിനനുസരിച്ച് കാര്യങ്ങൾ ചെയ്യുമെന്നും എഡിഎം കെ രാജു പറഞ്ഞു.
എന്നിട്ടും സമരാഭാസവുമായി മൂന്നോട്ട് പോകുന്ന പി സി തോമസിന്റെയും കൂട്ടരുടെയും ലക്ഷ്യം തെരെഞ്ഞടുപ്പാണെന്ന് വയനാട്ടുകാർ തിരിച്ചറിഞ്ഞതാണ് സമരത്തിന് ആളുകൾ കുറയാൻ കാരണം.
പ്രധാന വാർത്തകൾ
Top