21 May Monday
ആദിവാസി ഭവന നിർമാണം

ജില്ലയിൽ 4832 വീടുകൾ പൂർത്തിയാവുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

 കൽപ്പറ്റ

ജില്ലയിൽ ആദിവാസി വിഭാഗത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ  പട്ടികവർഗ വികസനവകുപ്പ് മുഖേന 2016‐17 സാമ്പത്തിക വർഷം പട്ടികവർഗക്കാർക്ക് 4832 വീടുകൾ അനുവദിച്ചു. ഇവയുടെ നിർമാണം ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്. 2013ൽ പട്ടികവർഗ വികസനവകുപ്പ് നടത്തിയ കണക്കെടുപ്പിൽ ജില്ലയിൽ 8,818 ഭൂമിയില്ലാത്ത കുടുംബങ്ങളുണ്ടെന്നു കണ്ടെത്തിയിരുന്നു. 
ഇവരിൽ 679 പേർക്ക് വിവിധ പദ്ധതികൾ മുഖേന ഭൂമി വാങ്ങി നൽകി. ഭൂമി വിൽക്കാൻ തയ്യാറുള്ളവരിൽ നിന്നും വിലയ്ക്കു വാങ്ങി ഭൂരഹിതർക്ക് ഘട്ടംഘട്ടമായി വിതരണം ചെയ്യുകയാണ് ലക്ഷ്യം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുവദിച്ച 7693.2257 ഹെക്ടർ ഭൂമി ലഭ്യമാക്കുന്നതിന് നടപടിയെടുത്തു വരികയാണെന്നും അധികൃതർ അറിയിച്ചു. 
ഈ സാമ്പത്തിക വർഷം ഭവനരഹിതരായ മുഴുവൻ പട്ടികവർഗക്കാർക്കും വീട് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭവനനിർമാണ ഗ്രാന്റായി പട്ടികവർഗ വികസനവകുപ്പ് നിലവിൽ 3.50 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതു നാലു ഗഡുക്കളായി വിതരണം ചെയ്തുവരുന്നു. രണ്ടു വർഷങ്ങളിൽ  ഈയിനത്തിൽ 10,18,542,557 രൂപയാണ് ചെലവഴിച്ചത്. ഭൂമി വാങ്ങി പട്ടികവർഗക്കാരെ പുനരധിവസിപ്പിക്കുന്നതിന് 69,66,824 രൂപ വിനിയോഗിച്ചു.
പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി 41,44,39,933 രൂപയാണ് വിനിയോഗിച്ചത്. സർക്കാർ അംഗീകൃത കോഴ്സുകൾ പഠിക്കുന്നവർക്ക് ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപന്റ്, പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രോൽസാഹന ധനസഹായ വിതരണം, 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് കേന്ദ്രസർക്കാർ പദ്ധതി പ്രകാരമുള്ള ധനസഹായം, പ്രഫഷനൽ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് ലാപ്ടോപ്, തുടർപഠന സഹായം, ഗോത്രസാരഥി പദ്ധതി, മെന്റർ ടീച്ചർ നിയമനം, കോളനികളിൽ സാമൂഹിക പഠനമുറികൾ തുടങ്ങിയവയാണ് വകുപ്പ് മുഖേനയുള്ള സേവനങ്ങൾ. 
ഇതിനു പുറമെ ജില്ലയിൽ അഞ്ചു മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, 27 പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവയുടെ സുഗമമായ പ്രവർത്തനത്തിനും തുക ചെലവഴിക്കുന്നു. ആരോഗ്യമേഖലയിൽ പട്ടികവർഗ വികസനവകുപ്പ് മുഖേന ഭക്ഷ്യസഹായ പദ്ധതി, ഓണക്കിറ്റ് വിതരണം, അങ്കണവാടി പോഷകാഹാര പദ്ധതി, സ്കൂൾ പ്രഭാതഭക്ഷണം, ഉച്ചക്കഞ്ഞി വിതരണ പദ്ധതി എന്നിവ നടപ്പാക്കിവരുന്നു.
 കുടുംബശ്രീയുമായി നടപ്പാക്കുന്ന കമ്മ്യൂണിറ്റി കിച്ചൻ പദ്ധതിയും പുരോഗമിക്കുകയാണ്. ഈ മേഖലയിൽ 140994878 രൂപ ചെലവഴിച്ചു. സർക്കാർ ആശുപത്രികളിൽ സൗജന്യ ആധുനിക ചികിൽസ, സമഗ്ര ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിൽസാ ധനസഹായം, ആശുപത്രികളിൽ പ്രമോട്ടർമാരുടെ സേവനം എന്നിവ ലഭ്യമാക്കുന്നു. രോഗികളെ ആശുപത്രികളിൽ എത്തിക്കുന്നതിന് വകുപ്പിന്റെ ആറ് ആംബുലൻസുകളും ആരോഗ്യവകുപ്പിന്റെ കീഴിൽ സഞ്ചരിക്കുന്ന മെഡിക്കൽ യൂനിറ്റുകളും പ്രവർത്തിച്ചുവരുന്നു. 
തൊഴിൽ മേഖലയിൽ വൈവിധ്യമാർന്ന പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ആദിവാസി കർഷകരുടെ നെൽവയലുകൾ കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും മണ്ണ്, ജലസംരക്ഷണ പ്രവൃത്തികളുമാണ് പ്രധാനം. 
60432100 രൂപയാണ് ഈയിനത്തിൽ ചെലവഴിച്ചത്. കുടിവെള്ളം, വൈദ്യുതി, ശുചിത്വ സൗകര്യം, ഗതാഗത സൗകര്യങ്ങൾ എന്നിവയൊരുക്കുന്നതിനായി 286971341 രൂപയാണ് ചെലവഴിച്ചത്. ഗോത്രസംസ്കാരം തനിമയോടെ നിലനിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. 1045025 രൂപയാണ് ആദിവാസി കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
പ്രധാന വാർത്തകൾ
Top