21 May Monday
നീതി ആയോഗ്

ആരോപണം അടിസ്ഥാന രഹിതം: സി കെ ശശീന്ദ്രൻ എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018
കൽപ്പറ്റ
നീതി ആയോഗ് പദ്ധതി സംബന്ധിച്ച് പി സി തോമസ് ഉയർത്തിയ ആരോപണം പൂർണമായും കളവാണെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അവാസ്ഥവമായ കാര്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതിലൂടെ മറ്റ് താൽപ്പര്യങ്ങൾ നേടാനുമാണ് അദ്ദേഹത്തിന്റെ ശ്രമം.
കേന്ദ്ര പദ്ധതി വയനാട്ടിൽ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ എതിരാണെന്ന വാദം പൂർണമായും തെറ്റാണ്. കാലാകാലങ്ങളിൽ കേന്ദ്ര പദ്ധതി പ്രകാരം ജില്ലകളെ തെരഞ്ഞെടുക്കുമ്പോൾ അതത് സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിച്ചാണ്  തീരുമാനമെടുക്കുക. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ഊട്ടിയുറപ്പിക്കുന്നതിനാണ് ഇത്തരമൊരു നീക്കം. പദ്ധതികൾ മാത്രമല്ല പ്രധാന പുരസ്കാരങ്ങൾ നൽകുമ്പോഴടക്കം ഇത്തരം അഭിപ്രായം സംസ്ഥാനത്തോട് തേടുകയും അതുപ്രകാരം തീരുമാനമെടുക്കുകയുമാണ് ചെയ്യാറ്. എന്നാൽ ഇവിടെ അത് പാലിച്ചിട്ടില്ല. ഈ പിഴവ് സംസ്ഥാന ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തോട് അഭിപ്രായം തേടാതെ ഏകപക്ഷീയമായി ഒരു ജില്ലയെ തെരഞ്ഞെടുത്തത് ശരിയായ കീഴ്വഴക്കമല്ലെന്ന് പറയേണ്ടത് കേരളത്തിന്റെ കടമയാണ്. അത് അറിയിക്കുക മാത്രമാണ് ചെയ്ത്. അല്ലാതെ പദ്ധതിയെ വേണ്ടെന്ന് വെക്കുകയല്ല ചെയ്തത്. കേരളം മാത്രമല്ല മറ്റ് മൂന്ന് സംസ്ഥാനങ്ങളും ഇത്തരമൊരു അതൃപ്തി അറിയിച്ചിട്ടുണ്ട്.  എന്നാൽ കേരളത്തിന്റെ കത്തിന് ഒരു മറുപടി തരാൻ പോലും കേന്ദ്രംതയ്യാറായിട്ടില്ല.
കേന്ദ്ര പദ്ധതികളെ ഒരിക്കലും കേരള സർക്കാർ അവഗണിച്ചിട്ടില്ല. പദ്ധതി നടപ്പിൽ ഒരു രാഷ്ട്രീയ താൽപ്പര്യവും നോക്കാറുമില്ല. നീതി ആയോഗ് പദ്ധതിയിൽ മേൽ പറഞ്ഞ പ്രതിഷേധം നിലനിൽക്കെ തന്നെ പദ്ധതിയുടെ നടത്തിപ്പിനായി എല്ലാവിധ പിന്തുണയും സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഇതിനായി വയനാടിനെ കുറിച്ച് അറിയുന്നവരും മുൻ കലക്ടറുമായ ഷർമിള മേരി ജോസഫ് ഐഎഎസിനെയാണ് നോഡൽ ഓഫീസറായി നൽകിയിട്ടുള്ളത്. നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ്കാന്തിനെ അറിയിക്കുകയും ചെയ്തതാണ്.  ഇതിന്റെ തുടർ നടപടികൾ നടന്നുവരുന്നു. വയനാട് കലക്ടറേറ്റിലും ഇതുസംബന്ധിച്ച് നടപടികൾ ഉണ്ടായിട്ടുണ്ട്. 
പദ്ധതിയെ സ്വാഗതംചെയ്യുകയും എല്ലാവിധ നടപടികളും പൂർത്തീകരിക്കുകയും ചെയ്ത നടപടി ക്രമങ്ങൾ മറച്ചുവെച്ച് സമരം നടത്തുന്നത് പൂർണമായും രാഷ്ട്രീയ താൽപ്പര്യം മാത്രമാണെന്നും ശശീന്ദ്രൻ പറഞ്ഞു.  
പ്രധാന വാർത്തകൾ
Top