23 April Monday
നിലമ്പൂർ‐നഞ്ചങ്കോട് റെയിൽപാത

തടസ്സം കേന്ദ്രവും കർണാടകയും: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

 കൽപ്പറ്റ , നിലമ്പൂർ‐നഞ്ചങ്കോട് റെയിൽപാതയുടെ കാര്യത്തിൽ  തടസ്സം നിൽക്കുന്നത്  കേന്ദ്രസർക്കാരും കർണാടകവുമാണെന്ന് തിരിച്ചറിഞ്ഞ് റെയിൽവെ ലൈൻ യാഥാർഥ്യമാകുന്നതിന് കൂട്ടായശ്രമത്തിന് യുഡിഎഫ് ഉൾപ്പടെയുള്ള രാഷ്ട്രീയ നേതൃത്വം തയ്യാറാകണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.  നിലമ്പൂർ നഞ്ചങ്കോട് മാത്രമല്ല, വയനാട് വഴി കേരളത്തിലേക്ക് ഒരു റെയിൽവേപാതയും സ്ഥാപിക്കാനാകില്ലെന്നും തങ്ങൾക്ക് എതിർപ്പുണ്ടെന്നും കർണാടകം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്. കർണാടക വ്യവസായ മന്ത്രി ആർ വി ദേശ്പാണ്ഡെയാണ് വയനാട് വഴി കേരളത്തിലേക്ക്  ഒരു തരത്തിലുള്ള റെയിൽവെ ലൈനും അനുവദിക്കില്ലെന്ന് നിയമസഭയിൽ പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരും റെയിവേക്ക് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്.  

റെയിൽവേക്ക് മാത്രമല്ല വനത്തിലൂടെ പോകുന്ന റോഡുകൾക്കും കേന്ദ്രം തുരങ്കം വെയ്ക്കുന്നുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാടിനെ തുടർന്ന് പടിഞ്ഞാറത്തറ‐പൂഴിത്തോട് ചുരം ബദൽറോഡ് പദ്ധതി നിലയ്ക്കാൻ പോവുകയാണ്. ഇതെല്ലാം  യാഥാർഥ്യമാണെന്നിരിക്കെയാണ് രാഷ്ട്രീയമുതലെടുപ്പിനായി റയിൽവെക്ക് തടസ്സം കേരളമാണെന്ന് കോൺഗ്രസും ചില സംഘടനകളും കുറ്റപ്പെടുത്തുന്നത്   കേരളം ഒരിക്കലും വയനാട് വഴിയുള്ള  റെൽവെ ലൈനുകളെ അവഗണിച്ചിട്ടില്ല. നഞ്ചൻകോട് ‐നിലമ്പൂർ പാതയും തലശ്ശേരി മാനന്തവാടി ‐മൈസൂരു പാതയും യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 
നിലമ്പൂർ‐ വയനാട് ‐നഞ്ചൻകോട് ലൈനിനായി നിരവധി മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു.  ഇതിന്റെ ഭാഗമാണ് ഇ  ശ്രീധരനെ റെയിൽവെ ലൈനിന്റെ അലൈൻമെന്റും തുടർന്ന്  ഡിപിആർ തയ്യാറാക്കുന്നതിനുമുള്ള ചുമതല ഏൽപ്പിച്ചത്. ഇ ശ്രീധരൻ തന്നെ ജില്ലയിലെത്തുകയും ബന്ധപ്പെട്ടവരുടെ യോഗം നടത്തുകയും ചെയ്തു. കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ഈ പാതയുടെ പ്രധാന്യം അദ്ദേഹം തന്നെ വിശദീകരിച്ചതും എൽഡിഎഫ് ഭരണകാലത്ത് തന്നെയാണ്. ഡിഎംആർസി തയ്യാറാക്കിയ അലൈമെന്റ് കർണാടക സർക്കാരിന് നൽകി. 
എന്നാൽ കർണാടക അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദ്ദിഷ്ട പദ്ധതി നടപ്പാക്കാനുള്ള വിവിധ തടസങ്ങൾ ഉയർത്തിക്കാട്ടുകയായിരുന്നു ചെയ്തത്. പിന്നീട്  ബംഗളൂരുവിൽ നടന്ന ചീഫ് സെക്രട്ടറിതല യോഗത്തിൽ കേരള ചീഫ് സെക്രട്ടറി  നഞ്ചൻകോട് ‐വയനാട്‐നിലമ്പൂർ റെയിൽപാത യാഥാർഥ്യമാകേണ്ടതിന്റെ ആവശ്യകതയും പ്രധാന്യവും യോഗത്തിൽ വിശദമായി വിവരിച്ചു. ഡിഎംആർസി നിർദേശിച്ച ഭൂഗർഭ റെയിൽപ്പാത സംബന്ധിച്ചും ചർച്ച ചെയ്തു. കർണാടക അതിനെയും തള്ളിപ്പറയുന്ന നിലപാടാണ് അന്നും സ്വീകരിച്ചത്. 
കേന്ദ്ര സർക്കാരും കോൺഗ്രസ് ഭരിക്കുന്ന കർണാടകയും അനുകൂല നിലപാടെടുത്താൽ വയനാടിന്റെ റെയിൽവേ സ്വപ്നം യാഥാർഥ്യമാവുമെന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ പടിഞ്ഞാറത്തറ‐പൂഴിത്തോട് റോഡിന് പോലും ഗതിമുടക്കി നിൽക്കുന്ന നിലപാട്  സ്വീകരിക്കുന്ന കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അനുകൂല നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ വയനാടിന്റെ റെയിൽവേ സ്വപ്നം യാഥാർഥ്യമാക്കാൻ കൂട്ടായ പരിശ്രമിത്തിന് എല്ലാവരും ശ്രമിക്കുകയാണ് വേണ്ടതെന്നും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top