Top
20
Wednesday, September 2017
About UsE-Paper

കടുവ പശുക്കുട്ടികളെ കൊന്നു; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Thursday Sep 14, 2017
സ്വന്തം ലേഖകന്‍

പുല്‍പ്പള്ളി > ഒരുവയസ് പ്രായമുള്ള പശുക്കുട്ടികളെ കടുവ ആക്രമിച്ചുകൊന്നു. പൂതാടി പഞ്ചായത്തിലെ പാപ്ളശ്ശേരി കുന്നേല്‍ രാജപ്പന്റെ കറവപ്പശുവിന്റെ ഇരട്ടകുട്ടികളെയാണ് കടുവ കൊന്നത്. ബുധനാഴ്ച ഉച്ചയോടെ വീടിന് സമീപത്താണ് കടുവ പശുകുട്ടികളെ ആക്രമിച്ചത്. സംഭവം കണ്ട അയല്‍വാസി ആളുകളെ കൂട്ടി ബഹളംവെക്കുമ്പോഴേക്കും കടുവ സമീപത്തെ വനത്തിലേക്ക് ഓടി മറഞ്ഞു.
പശുക്കുട്ടികളെ കടുവ കൊന്നിട്ടും വനപാലകര്‍ എത്താന്‍ വൈകിയെന്നും കടുവയെ കൂടൂവെച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പശുക്കുട്ടികളുടെ ജഡവുമായി മൂന്നാനക്കുഴി ഫോറസ്റ്റ് ഔട്ട് പോസ്റ്റിനു സമീപം ബത്തേരി-മാന്തവാടി റോഡും, പുല്‍പ്പള്ളി-മീനങ്ങാടി റോഡും ഉപരോധിച്ചു. പ്രദേശവാസിയുടെ ആടിനെ കടുവ കൊന്നപ്പോഴും ഫോറസ്റ്റ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പകല്‍ സമയത്തും കടുവ ആക്രമണം ഉണ്ടായതോടെ ആളുകള്‍ കൂടുതല്‍ പരിഭ്രാന്തിയിലാണ്. പാപ്ളശേരി, വളാഞ്ചേരി പ്രദേശങ്ങളില്‍ കടുവ ഭീതിപരത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. അടുത്ത ദിവസങ്ങളിലായി ഏഴോളം വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചതായും നാട്ടുകാര്‍ പറഞ്ഞു.
പിന്നീട് ചെതലയം റെയ്ഞ്ച് ഓഫീസര്‍ സതീഷ്കുമാര്‍ സ്ഥലതെത്തി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യനും നാട്ടുകാരുമായി ചര്‍ച്ചനടത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്. കടുവയെ കൂടുവച്ച് പിടിക്കാനും പാപ്ളശ്ശേരി പ്രദേശത്ത് വളര്‍ന്നുനില്‍ക്കുന്ന കാട് തൊഴിലുറപ്പ് പദ്ധതിയില്‍ വെട്ടാനും തീരുമാനമായി. പശുക്കുട്ടികള്‍ നഷ്ടപ്പെട്ട കര്‍ഷകന് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചത്.  
ടി ബി സുരേഷ്, പി കെ അയൂബ്, ടി പി ശശി, ടി കെ ബാലകൃഷ്ണന്‍, ജോജോ ജോസഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Related News

കൂടുതൽ വാർത്തകൾ »