26 September Wednesday

ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ചവർക്ക് കൈത്താങ്ങായി കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018
കൽപ്പറ്റ
കാലവർഷക്കെടുതി മൂലമുണ്ടായ ദുരിതങ്ങളിൽ വലയുന്ന ജനങ്ങൾക്ക് കുടുംബശ്രീ മിഷന്റെ പ്രവർത്തനം ആശ്വാസമാകുന്നു. തങ്ങളുടെയും കൂടെയുള്ളവരുടെയും സമ്പാദ്യമെല്ലാം വെള്ളത്തിലായിട്ടും ജീവിതം ദുരിതത്തിലായിട്ടും നിക്ഷേപത്തിൽനിന്ന് ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനൊരുങ്ങുകയാണ് ജില്ലയിലെ സഹോദരിമാർ. ജില്ലയിലെ 9250 അയൽകൂട്ടങ്ങളുടെ ഓരാഴ്ചയിലെ നിക്ഷേപത്തുക കുടുംബശ്രീ എക്സിക്യൂട്ടീവ്  ഡയറക്ടർ വഴി മുഖ്യമന്ത്രിക്ക് കൈമാറും. ജില്ലയിൽ ദുരിതം ബാധിച്ച ഭൂരിഭാഗം കുടുംബങ്ങളിലുള്ളവരും കുടുംബശ്രീ അംഗങ്ങളാണ്. വീടും, വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിലുള്ള ഇവരെ സഹായിക്കുന്നതിന് മറ്റു കുടുംബശ്രീ അംഗങ്ങളെല്ലാം മുന്നിട്ടിറങ്ങിയിരുന്നു. 
ജില്ലയിൽ മഴക്കെടുതി അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും കുടുംബശ്രീ പ്രവർത്തകർ സഹായവുമായി എത്തുന്നുണ്ട്. ക്യാമ്പുകളിലും, മറ്റു വീടുകളിലും താൽകാലിക അഭയം തേടിയിട്ടുള്ളവർക്ക് ഭക്ഷണം, വസ്ത്രം, തുടങ്ങി അത്യാവശ്യ സാധനങ്ങൾ എത്തിച്ച് നൽകുന്നുണ്ട്. ജില്ലയിൽ ഏകദേശം പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. അയൽകൂട്ടങ്ങളുടെയും എഡിഎസ്, സിഡിഎസ് സംവിധാനങ്ങളുടെയും നേതൃത്വത്തിൽ ഇവർക്ക് വിവിധ സാധനസാമഗ്രികൾ എത്തിച്ച് നൽകിയിരുന്നു.
കൂടാതെ ജില്ലാ മിഷൻ ടീം അംഗങ്ങൾ, സ്നേഹിത ജീവനക്കാർ, സി.ഡി.എസ് അക്കൗണ്ടന്റുമാർ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ, സംരംഭകർ, എന്നിവരിൽനിന്നും തുക സ്വരൂപിക്കുന്നുണ്ട്. വെള്ളം കയറി എല്ലാം നശിച്ച വീടുകളിലേക്ക് വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങി നൽകും. പ്രധാനമായും സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ, അടുക്കളയിലേക്കുള്ള പാത്രങ്ങൾ, ശുചീകരണ സാധനങ്ങൾ എന്നിവയാണ് വാങ്ങുക. 
വാസയോഗ്യമല്ലാതായിത്തീർന്ന വീടുകൾ ശുചിയാക്കുന്നതിനും കുടുംബശ്രീ നേതൃത്വം നൽകും. ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഹരിത കർമ്മസേന അംഗങ്ങളെ ഇതിനായി നിയോഗിക്കും. വൈത്തിരി, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ ഈ ആഴ്ച്ച ശൂചീകരണം നടത്തും. കൂടാതെ എല്ലാ പഞ്ചായത്തുകളിലുമുള്ള കമ്മ്യൂണിറ്റി വോളണ്ടിയർമാർ, എ.ഡി.എസ്സ് എന്നിവരുടെയും പങ്കാളിത്തം ഉറപ്പാക്കും. ഇതിനകം നൂറോളം വീടുകൾ കുടുംബശ്രീ  അയൽകൂട്ടങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്നും കുടുംബശ്രീ പ്രവർത്തകർ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ജില്ലാ മിഷൻ കോഓർഡിനേറ്റർ പി സാജിത അറിയിച്ചു.കുടുംബശ്രീ ജില്ലാമിഷൻ സ്വരൂപിക്കുന്ന സ്നേഹനിധിയിലേക്കുള്ള ആദ്യസംഭാവന മുട്ടിൽ സിഡിഎസ് ചെയർപേഴ്സൺ കൈമാറുന്നു.
 
പ്രധാന വാർത്തകൾ
Top