20 September Thursday
ഇരട്ടക്കൊലപാതകം

അന്വേഷണം സംസ്ഥാന വ്യാപകം

സ്വന്തം ലേഖകൻUpdated: Saturday Jul 14, 2018
മാനന്തവാടി
വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകത്തിൽ പൊലീസ് അന്വേഷണം സംസ്ഥാന വ്യാപകം. കൊലപാതകം നടന്ന് ഒരാഴ്ച പിന്നിട്ടതോടെയാണ് അന്വേഷണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. വയനാട് കേന്ദ്രീകരിച്ചുള്ള അന്വേഷണമായിരുന്നു ആദ്യഘട്ടത്തിൽ. ഇതിൽനിന്നും പ്രതിയിലേക്ക് എത്തിച്ചേരാനുള്ള വ്യക്തമായ തെളിവുകൾ ലഭിക്കാതായതോടെയാണ് അന്വേഷണം വ്യാപിപ്പിച്ചത്.
കണ്ടത്തുവയൽ പന്ത്രണ്ടാംമൈൽ പൊയിലൻ ഉമ്മറും ഭാര്യ ഫാത്തിമ്മയുമാണ് കഴിഞ്ഞ അഞ്ചിന് രാത്രി വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമേ ആയിട്ടുണ്ടായിരുന്നുള്ളു. ഇരുവരും കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിലായിരുന്നു. ഇവരുമായി അടുത്ത് പരിചയമുള്ളവർ നേരത്തെ വീടിനുള്ളിൽ കയറിപറ്റി കൃത്യം നടത്തിയതാകാമെന്ന നിഗമനത്തിൽ ജില്ല കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ ആദ്യഅന്വേഷണം. ഉമ്മറുമായി മുൻകാലങ്ങളിൽ ബന്ധമുണ്ടായിരുന്നവരുമായി ബന്ധപ്പെട്ടാണ് ഇതര ജില്ലകളിൽ ഇപ്പോൾ നടത്തുന്ന അന്വേഷണം. മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിൽ മുപ്പതംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താനായുള്ള പരിശോധനകളായിരുന്നു കഴിഞ്ഞ ദിവസം. ഇതിനായി കൊലപാതകം നടന്ന വീട്ടിലേയും അയൽപക്കത്തെയും കിണറുകൾ വറ്റിച്ചു.  കനത്ത മഴയിലും മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് പരിശോധിച്ചു. വീടിന് സമീപത്തെ ജലാശയത്തിലും പരിശോധന നടത്തി.  കൊലപാതകത്തിന്ശേഷം ആയുധം എവിടെയെങ്കിലും ഉപേക്ഷിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു പരിശോധന. എന്നാൽ ഒന്നും കണ്ടെത്താനായില്ല.
ഉമ്മറിന്റെ വീട് ഇപ്പോഴും പൊലീസ് കാവലിലാണ്. രണ്ട് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. വീട് പൂർണമായും അരിച്ചുപെറുക്കി. കിടക്കയും കട്ടിലും അലമാരകളും പാത്രങ്ങളുംവരെ പരിശോധനക്ക് വിധേയമാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. പൊലീസ് നായ മണം പിടിച്ചെത്തിയ കോരമുക്കിലെ വാടക വീട്ടിൽ താമസിക്കുന്ന മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികളെയും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽപോയും തെളിവെടുക്കുന്നുണ്ട്. ഇവരുടെ വിരലടയാളവുമെടുക്കുന്നുണ്ട്.
കൊലപാതകത്തിനുശേഷം വീടിന്റെ അടുക്കള ഭാഗത്തുള്ള പൈപ്പിൻ ചുവട്ടിൽനിന്നാണ് പ്രതി രക്തവും മറ്റും കഴുകി രക്ഷപ്പെട്ടത്. ഇതിന് സമീപമാണ് കിണറുള്ളതും. ഇവിടെ നിന്നും ലഭിച്ച കാൽപാദത്തിന്റെ അടയാളവും ഫോറൻസിക് വിദഗ്ധർ പരിശോധിച്ചു. പൈപ്പിന് ചുറ്റും കിണറിന്റെ പരിസരങ്ങളിലും മുളകുപൊടി വിതറിയിരുന്നു. വീട്ടിൽതന്നെയുണ്ടായിരുന്ന മുളകുപൊടിയാണ് ഇതിന് ഉപയോഗിച്ചത്. മുളകുപൊടി ഇട്ടുവച്ചിരുന്ന പാത്രം പുറത്ത് ഉപേക്ഷിച്ചിരുന്നു. 
കൊലപാതകത്തിന് ശേഷം അടുക്കള വാതിൽ വഴിയാണ് പ്രതി രക്ഷപ്പെട്ടത്. കിടപ്പുമുറിയുടെ വാതിൽ അടക്കാതെയായിരുന്നു ഉമ്മറും ഭാര്യയും ഉറങ്ങിയത്. കിടപ്പ് മുറിക്ക് അടച്ചുറപ്പുള്ള വാതിലുണ്ടായിരുന്നു. ഇത് അടച്ചിരുനെങ്കിൽ പ്രതിക്ക് അകത്ത് കടക്കാൻ കഴിയുമായിരുന്നില്ല. ദുർബലമായ വാതിലാണ് അടുക്കളയുടേത്. തള്ളിയാൽപോലും തുറക്കുന്ന വാതിലാണിത്.പൊലീസിന്റെ സൈബർ അന്വേഷണവും ശക്തമാണ്.  കൊലപാതകം നടന്ന ദിവസവും അതിന്റെ തൊട്ടടുത്ത ദിവസങ്ങളിലും പ്രദേശത്തെ മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള എല്ലാ കോളുകളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഉമ്മറിന്റേയും ഭാര്യയുടെയും ഫോൺകോളുകളും പരിശോധിക്കുന്നുണ്ട്. മോഷണം, വ്യക്തി വൈരാഗ്യം, ക്വട്ടേഷൻ, മതപ്രവർത്തനം തുടങ്ങി എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top