25 May Friday

കേന്ദ്ര മന്ത്രാലയ ഉത്തരവ് നിര്‍മാണ മേഖലക്ക് തിരിച്ചടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018
ബത്തേരി , ദേശീയപാതയുടെ ഓരങ്ങളില്‍ നിന്നും 80 മീറ്റര്‍ അകലെവരെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന ഉത്തരവ് സംസ്ഥാനത്തെ  നിര്‍മാണ മേഖലക്ക് പ്രതികൂലമാവും. ദേശീയപാത വികസനവും പരിപാലനവും ഉറപ്പുവരുത്തുന്നതിനാണ് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം നടപ്പാക്കിയതെങ്കിലും സംസ്ഥാനത്ത് നിര്‍ബന്ധമാക്കിയിരുന്നില്ല. 
കേരളം ഒഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ദേശീയപാതകളുടെ ഓരങ്ങളില്‍ കെട്ടിടങ്ങള്‍ കുറവായതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ പ്രയാസവുമുണ്ടായില്ല. പ്രധാന നഗരങ്ങളും ചെറുടൌണുകളും ഉള്‍പ്പെടെ ദേശീയപാതയുടെ ഓരങ്ങളിലുള്ള സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് ഏറെ പ്രയാസങ്ങള്‍ക്ക് ഇടയാക്കും. മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ഹൈവേഴ്സ് (മോര്‍ത്ത്) ആണ് ഇത്തരം നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കേണ്ടത്. കെട്ടിടത്തിന്റെ പ്ളാന്‍, ഭൂമിയുടെ ഉടമസ്ഥ രേഖകള്‍ എന്നിവ സമര്‍പ്പിച്ചാല്‍ 45 ദിവസത്തിനകം അനുമതി നല്‍കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. എന്നാല്‍ ഇതിന് വേണ്ട ചെലവ് ഭാരിച്ചതാണ്. 
ഒരു വീടിന്റെ അനുമതിക്ക് സുമാര്‍ 50,000 രൂപയെങ്കിലും ചെലവാകും. മറ്റിനം കെട്ടിടങ്ങള്‍ക്കാണെങ്കില്‍ ചെലവ് ഇതിലും എത്രയോ ഇരട്ടിവരും. ഇത്തരത്തില്‍ അനുമതി നല്‍കാനുള്ള കണ്‍സള്‍ട്ടന്റായി സംസ്ഥാനത്ത് ഒരാള്‍ക്ക് മാത്രമാണ് ലൈസന്‍സ് നല്‍കിയിട്ടുള്ളത്. റോഡരികിലള്ള കെട്ടിടങ്ങളിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും ഭാവിയില്‍ ഇത്തരത്തില്‍ അനുമതി വേണമെന്ന് നിഷ്കര്‍ഷിക്കപ്പെട്ടേക്കാം.  മോര്‍ത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ കെട്ടിട നിര്‍മാണങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുകയുള്ളു എന്ന അവസ്ഥ വന്നാല്‍ സംസ്ഥാനത്തെ നിര്‍മാണ മേഖലയെ നിയമം ഏറെ പ്രതിസന്ധിയിലാക്കും. 
നിയമം പ്രാബല്യത്തില്‍ വരുന്നത് മുന്നില്‍കണ്ട് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് ലെന്‍സ്ഫെഡ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജെയിംസ് ജോസഫ് അധ്യക്ഷനായി. സതീഷ് അരിവയല്‍, കെ പ്രിയേഷ്, ഹാരിസ് അറക്കല്‍, അഷറഫ് പൈക്കാടന്‍ എന്നിവര്‍ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top