18 November Sunday

നവകേരളം കുട്ടികൾ സമാഹരിച്ചത് 28,22,470 രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
  
കൽപ്പറ്റ
നവകേരള നിർമാണത്തിനായി ജില്ലയിലെ വിദ്യാർഥികൾ കൈകോർത്തപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്   28,22,470 രൂപ.  രണ്ട് ദിവസങ്ങളിലായി ജില്ലയിലെ എൽപി തലം മുതൽ ഹയർ സെക്കൻഡറി വരെയുളള 345 സ്കൂളുകളിൽ നടന്ന സാമ്പത്തിക സമാഹരണ യജ്ഞത്തിലാണ് ഇത്രയും തുക ശേഖരിച്ചത്. ഹൈസ്കൂൾതലം വരെയുളള ക്ലാസുകളിൽനിന്ന് 16,58,742    രൂപയും ഹയർ സെക്കൻഡറി തലത്തിൽ 11,16,728 രൂപയും ലഭിച്ചു. അൺ എയ്ഡഡ് സ്കൂളുകളുടെ സംഭാവന 47,000 രൂപയാണ്. ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് പെരിക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളാണ്. 1,46,090 രൂപയാണ് ഇവിടെനിന്നും ലഭിച്ചത്. തലപ്പുഴ ഹയർ സെക്കൻഡറി സ്കൂൾ 1,00210 രൂപയും, മുളളൻക്കൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ 100,001 രൂപയും തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒരു ലക്ഷം രൂപയും സമാഹരിച്ചു. മൂലങ്കാവ് ഹൈസ്ക്കൂൾ 88,670 രൂപ, കൽപ്പറ്റ എൻഎസ്എസ് ഹൈസ്ക്കൂൾ 53,267 രൂപ, കാക്കവയൽ ഗവ. ഹൈസ്കൂൾ 29,280 രൂപ  എന്നിവയാണ് ഹൈസ്ക്കൂൾ വിഭാഗത്തിൽ കൂടുതൽ തുക സമാഹരിച്ചത്. എൽപി യൂപി വിഭാഗത്തിൽ  അസംപഷൻ സ്കൂൾ 50,745 രൂപയും മീനങ്ങാടി എസ്പി ആൻഡ് എസ്പി സ്കൂൾ 45006 രൂപയും വൈത്തിരി എച്ച്ഐഎം സ്കൂൾ 27094 രൂപയും സമാഹരിച്ച് മുൻനിരയിൽ എത്തി. അഞ്ച് സ്കൂളുടെ കണക്കുകൾ ലഭ്യമായിട്ടില്ല. ഇതു കൂടി ഉൾപ്പെടുത്തുമ്പോൾ ജില്ലയിൽനിന്നുളള വിദ്യാർഥികളുടെ സംഭാവന 29 ലക്ഷം കവിയും.
സെപ്റ്റംബർ 15 വരെയാണ് ക്യാമ്പയിൻ. സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കൊപ്പം അംഗീകൃത അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, നവോദയ സ്കൂളുകൾ എന്നിവയും ധനസമാഹരണ യജ്ഞത്തിൽ പങ്കെടുത്തു. ഓരോ വിദ്യാർഥിയും തന്നാൽ കഴിയുന്ന സംഭാവനയുമായി എത്തി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ബോക്സുകളിലും ബക്കറ്റുകളിലും നിക്ഷേപിച്ചു.  
വിവിധ ആവശ്യങ്ങൾക്ക് വേണ്ടി സ്വരുക്കൂട്ടിയ തുകയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ തയ്യാറായി എത്തിയിരുന്നു. ഓരോ സ്കൂളും ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതോടൊപ്പം  തുക സംബന്ധിച്ച വിവരങ്ങൾ  വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. പുനർനിർമാണത്തിന് കരുത്തേകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ആവേശപൂർവം ഏറ്റെടുക്കുക വഴി പൊതുസമൂഹത്തിൽ മാതൃകയായി  തീർന്നിരിക്കുകയാണ് വിദ്യാർഥികൾ. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top