13 November Tuesday
വീടുകൾ വാസയോഗ്യമല്ലാതായി

തൃശ്ശിലേരി തച്ചറക്കൊല്ലിയിൽ മണ്ണിടിച്ചിൽ; 21 കുടുംബങ്ങളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018
 
മാനന്തവാടി
ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലിൽ തൃശ്ശിലേരി തച്ചറക്കൊല്ലിയിലെ വീടുകൾ തകർന്നു. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഒ ആർ കേളു എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും റവന്യു അധികൃതരും സ്ഥലം സന്ദർശിച്ചു.
കഴിഞ്ഞദിവസം രാത്രിയിലാണ് മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി പ്രദേശത്തെ 21 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. രാത്രി രണ്ടോടെയുണ്ടായ മണ്ണിടിച്ചിലിൽ കുടുംബങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കുട്ടികളെയും എടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കെ ആർ ശാന്ത, രതീഷ്, ജാനകി, രാജു, കുട്ടായി, നാരായണൻ, രാജേഷ്, ചന്ദ്രൻ, രാജീവൻ, ലീല, ബെന്നി, ബാലൻ എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ കേടുപാടുകൾ സംഭവിച്ചത്. ഈ വീടുകൾ വാസയോഗ്യമല്ലാതായി.
വീടുകൾക്ക് മുകളിലായുള്ള കുന്നിൽ പലസ്ഥലങ്ങളിൽ മണ്ണിടിഞ്ഞു. കുന്നിന് മുകളിൽ ബംഗളൂരു സ്വദേശിയുടെ തോട്ടമുണ്ട്. ഇതിനുള്ളിൽ ആറ് കുളങ്ങൾ നിർമിച്ച് വെള്ളം ശേഖരിച്ചിട്ടുണ്ട്. നൂറുകണക്കിന് നീർച്ചാലുകളും എടുത്തിട്ടുണ്ട്. ഇതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ജെസിബി ഉപയോഗിച്ചാണ് കുളങ്ങൾ നിർമിച്ചതും ഇവിടേക്ക് റോഡ് വെട്ടിയതും. 30 വർഷംമുമ്പ് പ്രദേശത്ത് ഉരുൾപൊട്ടിയിരുന്നു. അന്ന് പരിശോധന നടത്തിയ ‘ഭൗമശാസ്ത്ര വിദഗ്ധർ ഇവിടെ മണ്ണ് ഇടിച്ചുള്ള വലിയ പ്രവൃത്തികൾ നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയതാണ്.  കുടുംബങ്ങളെ തൃശ്ശിലേരി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് താമസിപ്പിച്ചിട്ടുള്ളത്.
ഞായറാഴ്ച്ച ഒ ആർ കേളു എംഎൽഎ, മാനന്തവാടി തഹസിൽദാർ എൻ ഐ ഷാജു, തൃശിലേരി വില്ലേജ് ഓഫീസർ ജോബി—, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, പഞ്ചായത്ത് അംഗങ്ങളായ രാധാകൃഷ്ണൻ, എ കെ വിഷ്ണു തുടങ്ങിയവർ സന്ദർശിച്ചു. തിങ്കാളാഴ്ച ജിയോളജി അധികൃതർ സ്ഥലം പരിശോധിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top