18 November Sunday

പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം: ആരോഗ്യ വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

  

കൽപ്പറ്റ
വെള്ളമിറങ്ങി ആളുകൾ വീടുകളിലേക്ക് തിരിച്ചു പോയി തുടങ്ങുമ്പോൾ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, കൊതുക് ജന്യ രോഗങ്ങൾ, മലിനജലവും ആയി സമ്പർക്കം മൂലം ഉണ്ടാകുന്ന രോഗങ്ങൾ, പാമ്പ് ശല്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം. കൃത്യമായ ആരോഗ്യ മുൻകരുതലുകൾ കൈക്കൊണ്ടാൽ മാത്രമേ രോഗങ്ങളെ മറികടക്കാൻ സാധിക്കുകയുള്ളു. 
ശ്രദ്ധിക്കേണ്ട 
കാര്യങ്ങൾ
പാമ്പ് കടിയേറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് വിഷം വേഗം രക്തത്തിൽ കലരാൻ വഴിവെക്കും. കടിയേറ്റ വ്യക്തിയെ കിടത്തുക. കടിയേറ്റ കൈ‐കാൽ ഇളകാതിരിക്കാൻ ശ്രദ്ധിക്കുക.  മുറിവിൽ അമർത്തുകയോ, തടവുകയോ, മുറിവ് വലുതാക്കുകയോ ചെയ്യരുത്.  രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തിൽ (പലക, സ്ട്രെച്ചർ, മുതലായവ)     കിടത്തി ഉടനെ ആശുപത്രിയിൽ എത്തിക്കുക.
 സമയം വൈകുന്നത് രോഗിയുടെ ജീവന് ആപത്താണ്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. കടിച്ച പാമ്പ് വിഷം ഉള്ളത് ആണോ എന്ന് അറിയാൻ ആശുപത്രിയിൽ പരിശോധനകൾ ലഭ്യമാണ്
ജലജന്യ രോഗങ്ങൾ
വയറിളക്കം, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, അതിസാരം, മുതലായവ പിടിപെടാൻ സാധ്യതയേറെയാണ്. അതിനാൽ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, എല്ലാ വെള്ളവും വെള്ളപ്പൊക്കത്തിൽ മലിനമാകുമെന്നതുകൊണ്ട്  കിണർ വെള്ളം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് സൂപ്പർ ക്ലോറിനേറ്റ്  ചെയ്യുക. (നന്നായി ക്ലോറനേറ്റുചെയ്യുകയാണെങ്കിൽ കിണറിലെ വെള്ളം വറ്റിച്ചു കളയേണ്ട ആവശ്യം ഇല്ല)
സാധാരണയിൽനിന്നും വ്യത്യസ്തം ആയി വെള്ളപ്പൊക്കത്തിനു ശേഷം കുടിക്കുന്ന വെള്ളം മാത്രം ശുദ്ധീകരിച്ചാൽ മതിയാകില്ല. പാത്രം കഴുകുന്ന വെള്ളം, പച്ചക്കറികൾ കഴുകുന്ന വെള്ളം ഒക്കെ ശുദ്ധം ആകണം. ഇതിനായി ക്ലോറിൻ ടാബ്ലറ്റ് ബക്കറ്റിലെ വെള്ളത്തിൽ നിക്ഷേപിക്കാം. ഭക്ഷണത്തിന് മുൻപും, ശുചിമുറി ഉപയോഗ ശേഷവും കൈകൾ നിർബന്ധമായും സോപ്പിട്ടു കഴുകുക. ഭക്ഷണം പാചകം ചെയ്യും മുൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകണം. ആറുമാസത്തിൽ താഴെ പ്രായം ഉള്ള കുട്ടികൾക്ക് മുലപ്പാൽ മാത്രം നൽകുക. 6 മാസം കഴിഞ്ഞ കുട്ടികൾക്ക് വെള്ളത്തിന് പകരം പരമാവധി മുലപ്പാൽതന്നെ കൊടുക്കുക. ആവശ്യാനുസരണം വെള്ളം കൊടുക്കുമ്പോൾ നന്നായി തിളപ്പിച്ച വെള്ളം ആണെന്ന് ഉറപ്പു വരുത്തുക.  കുട്ടികൾക്ക് ആണ് വെള്ളത്തിലൂടെ രോഗങ്ങൾ പകരാൻ ഏറ്റവും കൂടുതൽ സാധ്യത. വയറിളക്കം വന്നാൽ ഒആർഎസ് ലായനി തയ്യാറാക്കി കുടിപ്പിക്കുക. കൂടെ ഉപ്പിട്ട കഞ്ഞി വെള്ളവും കൂടുതലായി നൽകുക.   വയറിളക്കം ബാധിച്ചാൽ ഭക്ഷണവും, വെള്ളവും കൂടുതൽ ആയി നൽകണം. നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ (വർധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട തൊലി,  മയക്കം, മൂത്രം കുറവ്, കടുത്ത മഞ്ഞ നിറത്തിൽ മൂത്രം, മുതലായവ)  കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക. 
എലിപ്പനി
എലിപ്പനി എന്ന പേര് ഉണ്ടെങ്കിലും വയനാട്ടിൽ കന്നുകാലികൾ, നായ്ക്കൾ എന്നിവ ആണ് ഏറ്റവും കൂടുതൽ എലിപ്പനിക്കു കാരണം ആകുന്നത്. അതിനാൽ ഇവയുടെ മൂത്രംകൊണ്ട് മലിനം ആകാൻ സാധ്യത ഉള്ള വെള്ളവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. തൊഴുത്തുകൾ, നായ്ക്കൂടുകൾ എന്നിവ വൃത്തിയാക്കുമ്പോൾ ഗംബൂട്ടുകൾ, കട്ടി ഉള്ള കൈയ്യുറകൾ എന്നിവ ഉപയോഗിക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ പരമാവധി മലിന ജലവും ആയി സമ്പർക്കം ഒഴിവാക്കുക. അഴുക്ക് വെള്ളത്തിൽ ഇറങ്ങുമ്പോൾ ഗം ബൂട്ടും, കൈയ്യുറയും നിർബന്ധം ആയതും ഉപയോഗിക്കുക.  മലിന ജലത്തിൽ ജോലി ചെയ്യുന്നവരും, ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗം ആയി ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെടുന്നവരും നിർബന്ധമായും എലിപ്പനിക്കെതിരെ പ്രതിരോധ ഗുളിക (ഡോക്സിസൈക്ലിൻ 100 മില്ലിഗ്രാം ആഴ്ചയിൽ ഒന്ന് വീതം)കഴിക്കണം. ഗുളികകൾ സൗജന്യം ആയി ആരോഗ്യ പ്രവർത്തകർ നൽകും. 
കൊതുകുജന്യ 
രോഗങ്ങൾ
ഇവ രണ്ടാം ഘട്ടത്തിൽ വരുന്ന രോഗങ്ങൾ ആണ്. ഡെങ്കിപനി, മലേറിയ തുടങ്ങിയവ ഇങ്ങനെ പിടിപെട്ടേക്കാം. അതിനാൽ വെള്ളം മുഴുവൻ ഒഴുകി പോയ ശേഷം പല സ്ഥലങ്ങളിലും കെട്ടി നിൽക്കാൻ സാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്തി വെള്ളക്കെട്ടുകൾ ഒഴിവാക്കണം. ഇത്തരം വെള്ളക്കെട്ടുകളിൽ നിന്ന് ഒരാഴ്ച കൊണ്ട് കൊതുകുകൾ വിരിഞ്ഞു ഇറങ്ങുകയും രോഗങ്ങൾ പരത്തുകയും ചെയ്യും. അതിനാൽ ഇത്തരം വെള്ളക്കെട്ടുകൾ ഇല്ലാതെ നോക്കണം. ഈഡിസ് കൊതുക് ഒരു ടീസ്പൂൺ വെള്ളത്തിൽ പോലും മുട്ടയിടും എന്നതുകൊണ്ട് ഡെങ്കിപനി പടരാൻ സാധ്യത കൂടുതലാണ്. വീടും പരിസരവും അല്പം പോലും വെള്ളം കെട്ടി നില്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. 
ത്വക് രോഗങ്ങൾ
കഴിയുന്നതും തൊലി ഉണക്കി വെക്കാൻ ശ്രദ്ധിക്കുക. വളംകടി പോലുള്ള രോഗങ്ങൾ കണ്ടാൽ കൈകാലുകൾ എപ്പോഴും ഉണക്കി സൂക്ഷിക്കുക. വളംകടി ഉള്ള സ്ഥലങ്ങളിൽ ഓയിന്റ്മെന്റ് പുരട്ടുക. ആവശ്യമെങ്കിൽ ഡോക്ടറെ കാണിക്കുകയും ചെയ്യണം. മലിന ജലത്തിൽ ജോലി ചെയ്യുന്നവരും, ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തിയിൽ ഏർപ്പെടുന്നവരും നിർബന്ധമായും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികകൾ കഴിക്കണം. (ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം ആഴ്ചയിൽ ഒന്ന് വീതം). ഗുളികകൾ സൗജന്യമായി ആരോഗ്യ പ്രവർത്തകർ നൽകും.
മൃഗ ജഡങ്ങൾ മറവു ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണം
കാലവർഷക്കെടുതിയിൽ മരിച്ച വളർത്തുമൃഗങ്ങളെ മറവുചെയ്യാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ എ ആർ അജയകുമാർ ഉത്തരവിട്ടു. കേരള പഞ്ചായത്ത് രാജ് നിയമ പ്രകാരം വളർത്തു മൃഗങ്ങളെ മറവചെയ്യുന്നതിനു വേണ്ട നടപടികൾ അടിയന്തരമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണെന്നും കണക്കുകൾ കൃത്യമായി സൂക്ഷിക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഏഴു മുതൽ ജില്ലയിൽ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടിട്ടുണ്ട്. ആളുകളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും വളർത്തു മൃഗങ്ങളും കന്നുകാലികളും ദുരന്തത്തിൽപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങളും മറ്റും പലയിടങ്ങളിലും ചത്തു കിടക്കുന്നതായും കുടിവെള്ള സ്രോതസുകൾ മലിനപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാനാണ് അടിയന്തര നടപടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top