18 August Saturday

ഗൃഹോപകരണ വിൽപനയുടെ മറവിൽ ജില്ലയിൽ വൻ തട്ടിപ്പുസംഘം

പി മോഹനൻUpdated: Wednesday Jun 13, 2018
  
 
ബത്തേരി
ഗൃഹോപകരണ വിൽപനയുടെ മറവിൽ വൻതോതിൽ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിൽ വിലസുന്നു. തട്ടിപ്പിനിരയായ പലർക്കും നഷ്ടമായത് പതിനായിരങ്ങൾ.  ഇവരിൽ ഏറെയും വീട്ടമ്മമാരും തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമാണ്. ബൈക്കുകളിൽ വീടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കടകളിലും എൽപിജി സ്റ്റൗവ്, മിക്സി, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങളുമായി എത്തുന്ന അജ്ഞാതരായ ചെറുപ്പക്കാരാണ് തട്ടിപ്പിന്റെ സൂത്രധാരകർ. ഉപകരണങ്ങൾക്ക്  വൻതോതിൽ വില പറയുന്ന ഇവർ ഉപഭോക്താവ് വാങ്ങാൻ മടി കാട്ടുമ്പോൾ തങ്ങളുടെ കൈയിലുള്ള ഭാഗ്യ കൂപ്പണുകൾ വാങ്ങി ചുരണ്ടി നോക്കാൻ ആവശ്യപ്പെടും. ഉപഭോക്താവ് വാങ്ങി ചുരണ്ടുന്ന കൂപ്പണുകളിൽ ഇവർ കൊണ്ടുവന്ന ഉപകരണങ്ങളുടെ പേര് തെളിയുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം പറഞ്ഞ വിലയുടെ മൂന്നിലൊന്ന് തുകയ്ക്ക് കൂപ്പൺ ചുരണ്ടിയ ഭാഗ്യശാലികൾക്ക് ഉപകരണം ലഭിക്കുമെന്ന അറിയിപ്പ് ലഭിക്കുന്നതോടെ ഉപഭോക്താവ് എങ്ങിനെയെങ്കിലും പണം ഉണ്ടാക്കി ഉപകരണം വിലക്ക് വാങ്ങും. ഇതിനിടെ ഉപകരണം വാങ്ങുന്നവരുടെ പേരും മൊബൈൽ നമ്പറും വാങ്ങി ഉപഭോക്താക്കൾക്കായി തങ്ങളുടെ ഏജൻസി  മെഗാ നറുക്കെടുപ്പ് നടത്തുന്നുണ്ടെന്നും അറിയിക്കും. പത്തോ പതിനഞ്ചോ ദിവസം പിന്നിടുന്നതോടെ ഉപഭോക്താവിനെ മൊബൈലിൽ വിളിച്ച് കാർ, ബൈക്ക്, സ്കൂട്ടർ തുടങ്ങിയ സമ്മാനങ്ങൾക്ക്    നറുക്കെടുപ്പ് വഴി അർഹരായെന്ന അറിയിപ്പും സമ്മാനം അയച്ചുതരുന്ന ചെലവിലേക്കായി തങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിൽ വിവിധ തുകകൾ അടക്കണമെന്ന നിർദേശവും നൽകുന്നു. എൽപിജി സ്റ്റൗവും മിക്സിയും വാങ്ങിയ നായ്ക്കട്ടി വില്ലേജ് ഓഫീസിനടുത്ത ചെറുകിട കച്ചവടക്കാരന് 10  ലക്ഷം വിലയുള്ള കാർ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന വിവരം നൽകിയാണ് തട്ടിപ്പിന് ശ്രമിച്ചത്. 
സമ്മാനം അയച്ചുതരുന്ന ചിലവിലേക്ക് 27,500 രൂപ തങ്ങളുടെ 1109101125017 നമ്പർ കനറാ ബാങ്ക് അക്കൗണ്ടിൽ അടക്കണമെന്ന അറിയിപ്പാണ് മൊബൈലിൽ ലഭിച്ചത്. ഉപഭോക്താവ് പലരിൽ നിന്നായി പണം കടം വാങ്ങി ബാങ്കിലേക്ക് പുറപ്പെടുന്നതിനിടെ ഇതിന്മുമ്പ് പണം അടച്ച് തട്ടിപ്പിന് വിധേയമായി 30,000 രൂപ നഷ്ടമായ മറ്റൊരാൾ വിലക്കിയത് കൊണ്ട് മാത്രം പണം നഷ്ടമായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലൂർ, നായ്ക്കട്ടി, മൂലങ്കാവ്, ഓടപ്പള്ളം, കരിവള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ പലർക്കും തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പട്ടത് അറിയാനിടയായി. തട്ടിപ്പിന് ഇരയായവർ ബത്തേരി പൊലീസിൽ പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായില്ല. 
ആലപ്പുഴ മാരാരിക്കുളത്തെ സൂര്യ കമ്പനിയുടെ അഡ്രസാണ് തട്ടിപ്പുകാർ ഉപഭോക്താക്കൾക്ക് നൽകിയത്. മാരാരിക്കുളത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇങ്ങിനെയൊരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.
 ഉപഭോക്താക്കൾക്ക് വിലയ്ക്ക് നൽകിയ ഉപകരണങ്ങൾ പലതും ഗുണനിലവാരം ഇല്ലാത്തതുമാണ്. 
പ്രധാന വാർത്തകൾ
Top