20 October Saturday
പ്രത്യേക പൂ കൃഷി മേഖല

വയനാടിന് ഇനി പ്രതീക്ഷയുടെ പൂക്കാലം

പി ഒ ഷീജUpdated: Saturday Jan 13, 2018
കല്‍പ്പറ്റ > കാലാവസ്ഥ വ്യതിയാനവും വിലത്തകര്‍ച്ചയും ദുരിതത്തിലാഴ്ത്തിയ ജില്ലക്ക് ഇനി പ്രതീക്ഷയുടെ പൂക്കാലം. വയനാടിനെ പ്രത്യേക പൂ കൃഷി മേഖലയായി (ഫ്ളോറികള്‍ച്ചര്‍ സോണ്‍)  പ്രഖ്യാപിക്കാനുള്ള സര്‍കാര്‍ തീരുമാനമാണ്  വയനാടിന് പ്രത്യാശ പകരുന്നത്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 100 ഏക്കറില്‍ പൂ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ജെര്‍ബറ, ഗ്ളാഡിയോലസ്, ഓര്‍ക്കിഡ്സ്, ഹെലിക്കോണിയ, ടോര്‍ച്ച് ജിഞ്ചര്‍, ആന്തൂറിയം, റോസ് , ചെണ്ടുമല്ലി, കട്ട് ഫോളിയേജസ്, കുറ്റി മുല്ല, സാദാ മുല്ല  തുടങ്ങിയവക്ക് പുറമേ കുങ്കുമപ്പൂ,  തൊഴിലുറപ്പ് പ്രവര്‍ത്തിയുടെ ഭാഗമായി നിര്‍മിച്ച കുളങ്ങളില്‍ ആമ്പല്‍, താമര പൂ  എന്നിവ കൃഷി ചെയ്യാനും പദ്ധതി ലക്ഷ്യമിടുന്നു.
  സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേരിട്ടുള്ള  നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്.  ജനുവരി ആദ്യവാരം കൃഷി മന്ത്രിയുടെ സാന്നിധ്യത്തില്‍ ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍ കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പദ്ധതിയുടെ ഡിപിആര്‍  അവലോകനം ചെയ്തു. ബത്തേരി ബ്ളോക്ക് പഞ്ചായത്തിലെ അമ്പലവയല്‍, നെന്മേനി, ബത്തേരി നഗരസഭ, നൂല്‍പ്പുഴ, മീനങ്ങാടി, കാരാപ്പുഴ ഡാം സൈറ്റ് എന്നിവിടങ്ങളിലും  മാനന്തവാടി ബ്ളോക്കിലെ പ്രയദര്‍ശിനി എസ്റ്റേറ്റ്, പനമരം ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലും ആദ്യ ഘട്ടത്തില്‍ നടപ്പാക്കാനാണ് ആലോചന. കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ പൂ കൃഷിക്ക് അനുകൂല കാലാവസ്ഥയാണെന്നാണ് വിലയിരുത്തല്‍. കൂടാതെ  വൈത്തിരിയിലെ  സുഗന്ധഗിരിയും പദ്ധതി നടപ്പാക്കാന്‍ ആലോചനയുണ്ട്. 2017-18ല്‍  70 ഏക്കര്‍ (210 മെടിക് ടണ്‍), 2018-19 100 ഏക്കര്‍(300 എം ടി), 2019-20 125 ഏക്കര്‍ (375 എം ടി) 2020-21 150 ഏക്കര്‍(450 എം ടി) എന്നിങ്ങനെ പൂ കൃഷി വ്യാപിപ്പിക്കും.2018-19 മുതല്‍ എല്ലാ പഞ്ചായത്തുകളും പൂ കൃഷിക്കായി പ്ളാന്‍ ഫണ്ടില്‍  തുക മാറ്റി വെക്കാന്‍ പ്രോജക്ട് നിര്‍ദേശമുണ്ട്.
അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റഡ് ഡയരക്ടര്‍ ഡോ. പി രാജേന്ദ്രനാണ് വിശദ പ്രോജക്ട് റിപോര്‍ട് (ഡിപിആര്‍) തയ്യാറാക്കിയത്. 10 കോടി രൂപ സംസ്ഥാന സര്‍കാര്‍ ബജറ്റില്‍ ഇതിനായി നീക്കിവച്ചിട്ടുണ്ട്. നവംബര്‍ 24ന് അമ്മായിപാലം കാര്‍ഷിക മൊത്ത വ്യാപാരകേന്ദ്രത്തില്‍ കര്‍ഷകര്‍പ്ളാനിഗ് ബോര്‍ഡ് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍,  വിവിധ കര്‍ഷകസമിതികള്‍, എന്‍ജിഒകള്‍ എന്നിവയുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ കുറ്റിമുല്ല, ജാസ്മിന്‍, ഹെലികോണിയ, വാടമുല്ല  എന്നിവ കൃഷി ചെയ്യാന്‍ കര്‍ഷകര്‍ സന്നദ്ധത പ്രകടിപ്പിച്ചു. മര്‍ക്കറ്റിംഗ്  സംവിധാനവും  സംഭരണ സൌകര്യവും ഒരുക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്.  എല്ലാ പഞ്ചായത്തുകളിലും കലക്ഷന്‍ സെന്റര്‍ അനുവദിക്കുക, വിത്തുകള്‍ ഉള്‍പ്പെടയുള്ള നടീല്‍ വസ്തുക്കള്‍ സബ്സിഡി  നിരക്കില്‍ വിതരണം ചെയ്യുക, കര്‍ഷകര്‍ക്ക് പരിശീലനം നല്‍കുക, സീസണ്‍ അനുസരിച്ച് വിത്തുകളും വളവും വിതരണം ചെയ്യുക, വന്യമൃഗാക്രമണങ്ങളില്‍ നിന്നോ പ്രകൃതി ക്ഷോഭം വഴിയോ നാശനഷ്ടമുണ്ടായാല്‍ കര്‍ഷകര്‍ക്ക് നഷട്പരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നു.ഡിസംബര്‍ 20ന് പ്ളാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. രാംകുമാര്‍, ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ഡോ. പി രാജേന്ദ്രന്‍ എന്നിവരുടെ നൃേത്വത്തില്‍ യോഗം ചേന്ന് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
 

പ്രധാന വാർത്തകൾ
Top