23 July Monday

ഗോത്ര വിദ്യാര്‍ഥികള്‍ക്ക് നാളെ മെട്രോ യാത്ര

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018


കല്‍പ്പറ്റ > ജില്ലയിലെ ഗോത്ര വിദ്യാര്‍ഥികള്‍ ഞായറാഴ്ച കൊച്ചി മെട്രോയില്‍ കയറും.  പട്ടികവര്‍ഗ വകുപ്പ് ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കിയ 'ഗോത്രായനം' പഠനയാത്രയുടെ ഭാഗമായിട്ടാണ് മെട്രോയാത്ര. ശനിയാഴ്ച വൈകിട്ട് ആറിന് സംഘം കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് പുറപ്പെടും.
പഠനമികവിന്റെയും വിദ്യാലയത്തിലെ ഹാജറിന്റെയും അടിസ്ഥാനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 32 വിദ്യാര്‍ഥികളാണ് മെട്രോയടക്കമുള്ള പഠനയാത്രയില്‍ പങ്കെടുക്കുന്നത്.  കാട്ടുനായ്ക്ക, പണിയ, അടിയ, കുറുമ, ഊരാളി, കുറിച്യ, കരിമ്പാലന്‍, മുതുവാന്‍, മുഡഗര്‍ എന്നീ വിഭാഗങ്ങളിലെ 26 പെണ്‍കുട്ടികളും ആറ് ആണ്‍ കുട്ടികളുമാണ്  സംഘത്തിലുളളത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  ഇവരെ യാത്രയാക്കും. ഞായറാഴ്ച രാവിലെ ആലുവ വൈഎംസിഎയിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഒമ്പത് മണിയ്ക്കാണ് മെട്രോ യാത്ര ക്രമീകരിച്ചിട്ടുള്ളത്.  വയനാട് കലക്ടര്‍ എസ് സുഹാസ് സ്റ്റേഷനില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ എത്തും. തുടര്‍ന്ന് കുട്ടികളോടൊപ്പം യാത്രയില്‍ പങ്കെടുക്കും.  എറണാകുളം ഡിടിപിസി യാണ് യാത്രയ്ക്കു വേണ്ട സഹായങ്ങള്‍ നല്‍കുന്നത്.  മെട്രോ യാത്രയ്ക്കു ശേഷം കൊച്ചിയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.  15ന് രാവിലെ വയനാട്ടില്‍ തിരിച്ചെത്തുന്ന രീതിയിലാണ് പഠനയാത്ര ക്രമീകരിച്ചിട്ടുള്ളത്. യാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി പ്രധാനധ്യാപകരുടെയും പട്ടികവര്‍ഗ വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്എസ്എ ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top