Top
20
Monday, November 2017
About UsE-Paper

ആഘോഷമായി അറിവുത്സവം

Sunday Nov 12, 2017
സ്വന്തം ലേഖകന്‍

പനമരം > അറിവിന്റെ ആഘോഷമായി ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല മത്സരം. വിജ്ഞാനത്തിന്റെ വിസ്മയം തീര്‍ത്ത മത്സരത്തില്‍ എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള സബ്ജില്ലാതല വിജയികള്‍  വീറും വാശിയും ചോരാതെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ മത്സരിച്ചു. സമകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വായനയും നിരീക്ഷണബോധവും സാംസ്കാരിക നിലവാരവും അളക്കുന്നതായി. ഉപജില്ലാ മത്സരങ്ങളില്‍ വിജയിച്ച 120 വിദ്യാര്‍ഥികളാണ് ജില്ലയിലെ അവസാനഅങ്കം കുറിക്കാന്‍ പനമരം ഗവ. ഹയര്‍സെക്കന്‍ഡറിയിലെത്തിയത്്. രണ്ടുപേരടങ്ങിയ ടീമായിട്ടായിരുന്നു മത്സരം.
വേദിയില്‍ കവിതയുടെ തീപ്പൊരികള്‍ ചിതറിച്ച്  സാദിര്‍ തലപ്പുഴ മത്സരം ഉദ്ഘാടനം ചെയ്തു. സിനിമാതാരം അനൂപ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ ഒ ആര്‍ കേളു എംഎല്‍എ സമ്മാനങ്ങള്‍ നല്‍കി.
ഒന്നും രണ്ടും സ്ഥാനനിര്‍ണയം മത്സരാര്‍ഥികളെയും കാണികളെയും മുള്‍മുനയിലാക്കി. രണ്ടും മൂന്നും റൌണ്ടുകളിലെ ചോദ്യങ്ങള്‍ക്കൊടുവിലാണ് 'ടൈ' ബ്രേക്ക് ചെയ്തത്. ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ച മികവ് അതിശയിപ്പിക്കുന്നതായിരുന്നു. ചിരിച്ചും ചിന്തിച്ചും മത്സരച്ചൂടറിയാതെയുള്ള വിജ്ഞാന യാത്രയായി. വിദ്യാര്‍ഥികള്‍ ആത്മവിശാസത്തോടെ ചോദ്യങ്ങളെ നേരിട്ടു. സാഹിത്യം, ചരിത്രം, രാഷ്ട്രീയം, കാലികം, കായികം, ശാസ്ത്രം, കല തുടങ്ങി മുഴുവന്‍ മേഖലകളില്‍നിന്നുമുള്ള ചോദ്യങ്ങളുണ്ടായിരുന്നു. മത്സരം ജയിക്കാന്‍ മാത്രമല്ല അറിവ് പങ്കിടാന്‍ കൂടിയുള്ളതാണെന്ന വലിയപാഠം കുട്ടികളുടെ ഹൃദയത്തില്‍ പതിഞ്ഞു. ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകള്‍ സംസ്ഥാന മെഗാഫൈനലില്‍ പങ്കെടുക്കും. 25ന് തൃശ്ശൂരിലാണ് സംസ്ഥാന മത്സരം.
കുട്ടികളുമായെത്തിയ രക്ഷിതാക്കള്‍ക്കും ക്വിസ് മത്സരം വീക്ഷിക്കാനെത്തിയവര്‍ക്കും അധ്യാപകര്‍ നടത്തിയ മത്സരങ്ങളും ആവേശം പകര്‍ന്നു. ചോദ്യങ്ങളും ഉത്തരവും ഇവര്‍ക്കും പുതുപാഠങ്ങള്‍ പകര്‍ന്നു. ഉദ്ഘാടന സമ്മേളനത്തില്‍ പനമരം പഞ്ചായത്ത് പ്രസിഡന്റ് സീന സാജന്‍  അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ എന്‍ പ്രഭാകരന്‍, പ്രിന്‍സിപ്പല്‍ എം ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദേശാഭിമാനി വയനാട് ബ്യൂറോ ചീഫ് പി ഒ ഷീജ സ്വാഗതവും അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ പി സി വത്സല നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തില്‍ എം എ ചാക്കോ അധ്യക്ഷനായി. പനമരം പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷൈനി കൃഷ്ണന്‍, ബിന്ദു രാജന്‍, പഞ്ചായത്ത് അംഗങ്ങളായ കമലാ വിജയന്‍, ശാരദാ അച്ചപ്പന്‍, ഒ സി മഹേഷ് എന്നിവരും സമ്മാനം നല്‍കി.  പി കെ ബാലസുബ്രഹ്മണ്യന്‍ സ്വാഗതവും  ടി എം ഉമ്മര്‍ നന്ദിയും പറഞ്ഞു.