13 November Tuesday

മഴക്ക് ശമനമില്ല പെയ്തൊഴിയാതെ ദുരിതം

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

വെങ്ങപ്പള്ളി ഓടമ്പംപൊയിൽ കോളനിയിൽ വെള്ളം കയറിയപ്പോൾ

കൽപ്പറ്റ
മഴ ശക്തമായി തുടരുന്നതിനാൽ ജില്ല ദുരിതകയത്തിൽ. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ഓരോദിവസം കഴിയുന്തോറും കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ഇത്തരം പ്രദേശങ്ങളിലെ  ജനജീവിതം  താറുമാറായി. നിരവധി കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. നിരവധി കുടുംബങ്ങളൊയണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചത്. ശക്തമായ മഴയിൽ പുഴകളിലെും തോടുകളിലെയും ജലനിരപ്പ് ഉയരുന്നു. നിരവധി ഭാഗങ്ങളിൽ റോഡുകളടക്കം വെള്ളത്തിലാണ്. പലഭാഗത്തും വൈദ്യുതിബന്ധം രണ്ട് ദിവസമായിട്ടും പുനസ്ഥാപിക്കാനായിട്ടില്ല. ഒട്ടേറെ ഭാഗത്ത് മണ്ണിടിച്ചലും മലവെള്ളമൊഴുക്കുമുണ്ടായി. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് 62 കുടുംബങ്ങളിലെ 315 പേർ ഒറ്റപ്പെട്ട നിലയിലാണ്. ചെറിയമട്ടം കുന്ന്, വലിയകുന്ന്, വത്തികുന്ന്, കുറുമണികുന്ന്, കല്ലട്ടി, കുറുമണി, മാങ്ങോട്ട് കുന്ന് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഒറ്റപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ കഴിയുന്നത്. 
ജില്ലയിലാകെ 472 കുടുംബങ്ങളിലെ 2009 പേരാണ് ക്യാമ്പിൽ കഴിയുന്നത്. ഇതിൽ ഭൂരിഭാഗവും ബുധനാഴ്ചയാണ് ക്യാമ്പിലെത്തിയത്. വൈത്തിരി താലൂക്കിൽ 13ഉം മാനന്തവാടിയിൽ 11ഉം ബത്തേരിയിൽ 10ഉം ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. പനമരം ജിഎച്ച്എസ്എസിലാണ് കൂടുതൽ പേർ ക്യാമ്പിലുള്ളത്. പനമരം ഭാഗത്തെ വിവധ പ്രദേശങ്ങളിലെ 37 കുടുംബങ്ങളിലെ 144 പേരാണ് ഇവിടെയുള്ളത്. മാനന്തവാടി ഗവ. ഹൈസ്കൂളിൽ 102 പേർ ക്യാമ്പിലുണ്ട്. വൈത്തിരിയിൽ ജിഎൽപിഎസ് കാപ്പുവയൽ, ജിഎച്ച്എസ് കരിങ്കുറ്റി, ജിഎച്ച്എസ് കോട്ടത്തറ, ഇ കെ നായനാർ സ്മാരകനിലയം, തെക്കുതറ അമ്മസഹായം യുപി സ്കൂൾ, ജിഎച്ച്എസ് മുണ്ടേരി, ജിയുപിഎസ് കണിയാമ്പറ്റ,  ഡബ്ലുഎംഒ യുപിഎസ് പറളിക്കുന്ന്, കോക്കുഴി അങ്കണവാടി, എസ്എഎൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. 
ബത്തേരിയിൽ വരദൂർ, പെരിക്കല്ലൂർ ജിഎച്ച്എസ്, ജിയുപിഎസ് കല്ലങ്കര, പുതുക്കേട്ടി പകൽവീട്, നമ്പിക്കൊല്ലി, നെച്ചിലോട്, അത്തിനിലം, കൊളവല്ലി എന്നിവിടങ്ങളിലെ ചില വീടുകൾ, ആലത്തുർ, തിരുവന്നൂർ അങ്കണവാടികൾ എന്നിവിടങ്ങളിൽ ക്യാമ്പുകളുണ്ട്. 
ജില്ലയിൽ ചൊവ്വാഴ്രാവിലെ മുതൽ ബുധനാഴ്ച രാവിലെ വരെ 109.77 മില്ലീമീറ്റർ മഴ പെയ്തു. കാലവർഷം ആരംഭിച്ച ജൂൺ മുതൽ ഇതുവരെയായി 1384.84 മില്ലീമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. മഴക്ക് ശമനമില്ലാത്തത് ജനങ്ങളെ ആശങ്കിയിലാഴ്ത്തുന്നുണ്ട്. പടിഞ്ഞാറത്തറ ബാണുസുരഡാമിന്റെ ഷട്ടർ എത് നിമിഷവും തുറക്കുമെന്ന സ്ഥിതിയുണ്ട്. കഴിഞ്ഞദിവസം വെള്ളം നിറഞ്ഞ് കാരപ്പുഴ ഡാം തുറന്ന് വിട്ടിരുന്നു.

 

പ്രധാന വാർത്തകൾ
Top