20 November Tuesday

റവന്യു ജീവനക്കാരുടെ ആൾമാറാട്ടം പൊലീസ് അന്വേഷണം ശക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jun 12, 2018
സ്വന്തം ലേഖകൻ
മാനന്തവാടി
റവന്യു ജീവനക്കാർ ഉൾപ്പെട്ട ആൾമാറാട്ട കേസിൽ രണ്ടാമത്തെ പ്രതിയും അറസ്റ്റിലായതോടെ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാകും. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത മാനന്തവാടി ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ മുൻ സ്പെഷ്യൽ തഹസിൽദാർ പി ജെ സെബാസറ്റ്യനെ ചോദ്യം ചെയ്തതോടെ നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ഈ ഓഫീസിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻകൂടി കേസിൽ പ്രതിയാകും. ഇയാളും ഹൈക്കോടതിയിൽനിന്നും ഉപാധികളോടെ ജാമ്യം നേടിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ജാമ്യമെടുക്കാനാണ് കോടതി നിർദേശമുള്ളത്. പൊലീസ് പ്രതിചേർക്കുന്നതിന് മുമ്പുതന്നെ ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ ഒന്നാംപ്രതി കൽപ്പറ്റ പുഴമുടി സുജാത മന്ദിരത്തിൽസി ടി സുനിൽകുമാറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതാണ്. രണ്ടാംപ്രതിയായിരുന്ന മുൻതഹസിൽദാർ ഒളിവിൽപോകുകയും മുൻകൂർജാമ്യത്തിന് കോടതിയെ സമീപിക്കുകയും ചെയ്തോടെ അന്വേഷണം മന്ദഗതിയിലായി. ഇപ്പോൾ ഇയാളെ അസ്റ്റ് ചെയ്തതോടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണം വേഗത്തിലാക്കും. 
അഴിമതി രഹിത സിവിൽ സർവീസ് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് ഇതിന് വിരുദ്ധമായ നടപടികൾ റവന്യു ജീവനക്കാരിൽനിന്നും ഉണ്ടായത്. മാനന്തവാടി ലാൻഡ് ട്രിബ്യൂണൽ ഓഫീസിന് നേരെ ആക്ഷേപങ്ങൾ ഉയരുകയും ചെയ്തു. ഇത് ഗൗരവമായാണ് സർക്കാർ കണ്ടത്. കേസിൽ പ്രതിയായ തഹസിൽദാരെ സസ്പെൻഡ് ചെയ്യുകയും ഓഫീസിലെ ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു. സർക്കാരിനും വകുപ്പിനും അവമതിപ്പുണ്ടാക്കിയവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകും. കാപ്പിക്കുരുവുമായി പോകുകയായിരുന്ന ലോറി മുൻതഹസിൽദാർ ഉൾപ്പെട്ട സംഘം തടഞ്ഞ് നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തി തട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്.
 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top