20 October Saturday

അച്ചൂർ ടീ മ്യൂസിയം പ്രവർത്തനം തുടങ്ങി വയനാടൻ ചായയുടെ രുചിയറിയാം; ഒപ്പം ചരിത്രവും

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

അച്ചൂർ ടി മ്യൂസിയം

കൽപ്പറ്റ
വയനാടൻ തേയിലയുടെ മനംമയക്കുന്ന ഗന്ധവും രുചിയും മാത്രമല്ല കൊളോണിയൽ ചൂഷണത്തിന്റെ തിരുശേഷിപ്പുകളും ചോരയും കണ്ണീരും കുതിർന്ന  ഈ ചരിത്രവും വർത്തമാനവുമെല്ലാം ഈ മ്യൂസിയത്തെ വ്യത്യസ്തമാക്കുന്നു. ഹാരിസൺമലയാളം പ്ലാന്റേഷൻസിന്റെ അച്ചൂർ എസ്റ്റേറ്റിൽ പ്രവർത്തനം തുടങ്ങിയ ജില്ലയിലെ ആദ്യത്തെ ടീ മ്യൂസിയത്തിലാണ് വയനാടൻ തേയിലയുടെ രുചിക്കൊപ്പം ചരിത്രവും സഞ്ചാരികളെ പരിചയപ്പെടുത്തുന്നത്. വിനോദസഞ്ചാര മേഖലക്ക് കുതിപ്പേകുന്ന മ്യൂസിയത്തിൽ ചായയുടെ ചരിത്രവും ഈ മേഖലയിലുണ്ടായ വികാസ പരിണാമങ്ങളും എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്.
1911ൽ നിർമിച്ച ടീ ഫാക്ടറിയിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. പൂർണമായും റോസ് വുഡ് കൊണ്ട് നിർമിച്ച ഫാക്ടറിയിലെ മൂന്ന് നിലകളിലായാണ് മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്.  യുവാക്കളിലും പൊതുജനങ്ങളിലും തേയില സംസ്കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം പ്രവർത്തനം തുടങ്ങിയതെന്ന് എച്ച്എംഎൽ പ്ലാന്റേഷൻസ് ഓപ്പറേഷൻസ് വിഭാഗം ഡെപ്യുട്ടി ജനറൽ മാനേജർ  മെർലിൻ ജിയോ പറഞ്ഞു.സ്കൂൾ വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവർക്കും ഇത് സംബന്ധിച്ച് അവബോധം വളർത്തുക എന്നതാണ് ലക്ഷ്യം.
മൂന്ന് നിലകളിലായാണ് ഈ മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്.ഒരു നൂറ്റാണ്ട് കാലത്തെ ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ വികാസ  പരിണാമങ്ങളാണ് ഒന്നാമത്തെ നിലയിൽ ഒരുക്കിയിട്ടുള്ളത്. ആഗോള തേയില വ്യാപാരത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിശദീകരിക്കുന്ന കരകളും സമുദ്രമാർഗങ്ങളും ഉൾപ്പെടുന്ന ഭൂപടം, ഇന്ത്യയിലെ തേയില വ്യാപാരത്തിന് പ്രേരകമായ ഘടകങ്ങൾ, ബോസ്റ്റൺ ടീ പാർടി  സംബന്ധിച്ച ചരിത്രം തുടങ്ങി അറിവ്പകരുന്ന വിവരങ്ങളാണ് ഈ നിലയിൽ ആലേഖനം ചെയ്തിരിക്കുന്നത്.
ആദ്യ കാലങ്ങളിലെ തേയില വ്യവസായത്തിന്റെ രീതികൾ, അതിന് ഉപകരിച്ച ഉപകരണങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയവയാണ് രണ്ടാം നിലയിൽ സജ്ജീകരിച്ചിട്ടുള്ളത്.
ഭൂരിഭാഗം പേരുടേയും ഇഷ്ടപാനീയമായ ചായയുടെ വിവിധങ്ങളായ വകഭേദങ്ങളും രുചിയും പരിചയപ്പെടുത്തുന്ന ടീ ടേസ്റ്റിംഗ് സെന്ററാണ് മൂന്നാം നിലയിലെ ആകർഷണം. ചായയുടെ സവിശേഷതയും ഗുണങ്ങളും സന്ദർശകർക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം. 
എട്ട് വയസിന് താഴെ ഉള്ളവർക്ക് സൗജന്യമായും എട്ടിനും 12നും ഇടയിലുള്ളവർക്ക് 30 രൂപയും അതിന് മുകളിൽ പ്രായമുള്ളവർക്ക് 50 രൂപയുമാണ് പ്രവേശനഫീസ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top