16 October Tuesday

മഹാപ്രളയം: തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതി നടത്തിപ്പിന് പുതിയ വർക്കിങ് ഗ്രൂപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018
സ്വന്തം ലേഖകൻ
മാനന്തവാടി
മഹാപ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ 2019‐20 വർഷത്തെ പദ്ധതി നടത്തിപ്പിനായി ഒരുവർക്കിങ് ഗ്രൂപ്പ്കൂടി രൂപീകരിച്ചു. ജൈവവൈവിധ്യ മാനേജ്മെന്റ്, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നീ മേഖലക്കായാണ് പുതിയ വർക്കിങ് ഗ്രൂപ്പ്. കഴിഞ്ഞ രണ്ടിന് തദ്ദേശസ്ഥാപനങ്ങളിൽ പുതിയ വർക്കിങ് ഗ്രൂപ്പ് നിലവിൽ വന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡന്റ് വർക്കിങ് ഗ്രൂപ്പിന്റെ അധ്യക്ഷനും സെക്രട്ടറി കൺവീനറുമാണ്. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റിക്ക് കീഴിലും ജില്ലാപഞ്ചായത്ത്, നഗരസഭകളിൽ പൊതുമരാമത്ത് സ്റ്റാൻഡിങ്  കമ്മിറ്റിക്ക് കീഴിലുമാണ് ഈ ഗ്രൂപ്പ് പ്രവർത്തിക്കുക. ജൈവവൈവിധ്യം, കാലാവസ്ഥാവ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നിവയിൽ പരിചയവും പ്രാവീണ്യവുമുള്ളവരെ ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്ന് സർക്കാർ ഉത്തരവിലുണ്ട്. 
ജൈവ പരിപാലന കമ്മിറ്റിയിലേയും ദുരന്ത നിവാരണ സമിതിയിലെയും അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തണം. മഹാപ്രളയം അതിജീവിക്കുന്നതിന് സ്വമേധയാ സേവനം നൽകിയ  യുവാക്കളടക്കമുള്ള എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തിയാണ് പുതിയ വർക്കിങ് ഗ്രൂപ്പ്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും വികസനപദ്ധതികളും പരിസ്ഥിതിക്കിണങ്ങുന്ന വിധത്തിലാക്കാൻ പുതിയ ഗ്രൂപ്പിന്റെ പ്രവർത്തനം സഹായിക്കുമെന്നാണ് പ്രതീക്ഷ. 
പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലും എളുപ്പത്തിലും നടത്താനുള്ള പദ്ധതികൾ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യും. തദ്ദേശസ്ഥാപനങ്ങൾക്ക് സ്വന്തമായി ദുരന്ത നിവാരണ സേനവരെ രൂപീകരിക്കാനുള്ള ചർച്ചകൾക്കാണ് പുതിയ വർക്കിങ് ഗ്രൂപ്പ് തുടക്കമിട്ടിട്ടുള്ളത്.
ഡിസംബർ അവസാനത്തോടെ 2019‐20 വർഷത്തെ പദ്ധതി രൂപീകരണം പൂർത്തിയാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടാൻ കഴിയുന്ന വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. നടപ്പ് സാമ്പത്തീകവർഷം അവസാനിക്കുമ്പോഴേക്കും പാർലമെന്റ് തെരഞ്ഞെടുപ്പ് വരാൻ സാധ്യതയുള്ളതിനാലാണ് പദ്ധതികൾക്ക് നേരത്തെ അംഗീകാരം നേടുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top