13 November Tuesday

ഹർത്താൽ ജില്ലയിലും പൂർണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കൽപ്പറ്റ
ഇന്ധനവിലക്കയറ്റത്തിനെതിരെ ഇടതുപാർടികൾ രാജ്യവ്യാപകമായി  നടത്തിയ ഹർത്താൽ ജില്ലയിലും പൂർണം. ഇന്ധനവില അനുദിനം വർധിപ്പിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധം ഹർത്താലിൽ പ്രതിഫലിച്ചു. വിലവർധനവിൽ പൊറുതിമുട്ടുന്ന പൊതുസമൂഹം ഒന്നടങ്കം ഹർത്താൽ ഏറ്റെടുത്ത് വിജയിപ്പിച്ചു. ഇടതുപാർടികളുടെ ഹർത്താലിനൊപ്പം കോൺഗ്രസ് ആഹ്വനം ചെയ്ത ബന്ദും ജില്ലയിൽ നടന്നു. 
 നഗരഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, വ്യവസായസ്ഥാപനങ്ങൾ എന്നിവയൊന്നും പ്രവർത്തിച്ചില്ല. കെഎസ്ആർടിസി ബസ്സുകൾ, സ്വകാര്യബസ്സുകൾ, ഓട്ടോ‐ടാക്സി, ഗുഡ്സ്, ജീപ്പ് തുടങ്ങിയ  വാഹനങ്ങളൊന്നും റോഡിലിറങ്ങാതെ ഹർത്താലുമായി സഹകരിച്ചു. ഇരുചക്രവാഹനമടക്കമുള്ള സ്വകാര്യവാഹനങ്ങളും ഹർത്താലിൽ പങ്കാളികളായി. പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കൽപ്പറ്റ, മാനന്തവാടി, ബത്തേരി, പനമരം, പുൽപ്പള്ളി, വൈത്തിരി ഉൾപ്പടെ എല്ലാ ടൗണുകളും ഹർത്താലിൽ നിശ്ചലമായി. ഉൾഗ്രാമങ്ങളിലെ കടകൾപോലും അടച്ച്  ഇന്ധനവിലവർധനവിനെതിരെ ജനകീയവികാരം പ്രകടിപ്പിച്ചു.  എൽഡിഎഫ് പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കൽപ്പറ്റയിൽ കെ സുഗതൻ, വി ഹാരിസ്, സി കെ ശിവരാമൻ എന്നിവർ നേതൃത്വം നൽകി. ചുണ്ടയിൽ എം ജനാർദ്ദനൻ, എൻ എം മൊഹ്സിൻ, കെ പ്രജീഷ് എന്നിവർ നേതൃത്വം നൽകി. 
ഹർത്താലിന്റെ ‘ഭാഗമായി ബത്തേരിയിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനം നടത്തി. വി വി ബേബി, പി കൃഷ്ണപ്രസാദ്, ബേബി വർഗീസ്, പി പ്ര‘ാകരൻ നായർ എന്നിവർ നേതൃത്വം നൽകി. 
മാനന്തവാടിയിൽ നടത്തിയ പ്രകടനത്തിന് സിപിഐ എം ഏരിയ സെക്രട്ടറി കെ എം വർക്കി, എം റജീഷ്, കെ ടി വിനു, പദ്മനാഭൻ, സി പി മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top