17 August Friday

ആയിരങ്ങൾ ദുരിതത്തിൽ മുന്നൂറോളം കുടുംബം വീടുവിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
ഫറോക്ക്
ചാലിയാറിലെ അമിത ജലപ്രവാഹത്തെ തുടർന്ന് ബേപ്പൂർ നിയോജക മണ്ഡലത്തിലെ ആയിരക്കണക്കിനു കുടുംബങ്ങൾ ദുരിതത്തിൽ. ചെറുവണ്ണൂർ, നല്ലളം, രാമനാട്ടുകര പരുത്തിപ്പാറ, ഫറോക്ക് പാണ്ടിപ്പാടം, ബേപ്പൂർ കിഴക്കുമ്പാടം തുടങ്ങിയ മേഖലകളിലായി ആയിരത്തോളം വീടുകൾ വെള്ളത്തിൽ മുങ്ങി.  മുന്നൂറിലേറെ കുടുംബങ്ങൾ വീടൊഴിയേണ്ടിവന്നു. മൂന്നിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളാരംഭിച്ചു.   വെള്ളിയാഴ്ച സ്കൂളുകളിൽ ഹാജർ നന്നേ കുറഞ്ഞു. ചില സ്കൂളുകളിലും അങ്കണവാടികളിലും വെള്ളം കയറി. വൈകിട്ടോടെ വെള്ളപ്പൊക്കം അതിരൂക്ഷമായതോടെ നൂറുകണക്കിന് കുടുംബങ്ങൾ വീടുവിട്ടിറങ്ങേണ്ടി വന്നു. നല്ലളത്തും ചെറുവണ്ണൂരിൽനിന്നും അർധരാത്രിയാണ‌്  കുട്ടികളെയും പ്രായമായവരെയും കൂട്ടി  വീടുവിട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഫറോക്ക് പാണ്ടിപ്പാടത്ത് വീടുകളിൽ വെള്ളം കയറി ഇരുപതോളം കുടുംബങ്ങളെ നല്ലൂർ ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.  .
 നല്ലളം പൂളക്കടവ് പാലം, താഴത്തിയിൽ, കുന്നത്തിയിൽ, പടന്ന, ചാലാട്ടി, ചോപ്പൻ കണ്ടിപ്പാടം എന്നിവിടങ്ങളിൽനിന്നായി നൂറോളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്കും താമസം മാറ്റി.
      ചെറുവണ്ണൂർ, തോണിച്ചിറ, കരിമ്പാടം, ചെറിയ കരിമ്പാടം കോളനികളിലെ  140 വീടുകളും വെള്ളത്തിലാണ്.   ഇവിടെയാണ് കൂടുതൽപേർ കുടിയൊഴിഞ്ഞതും നാശനഷ്ടങ്ങളുണ്ടായതും.  ചെറുവണ്ണൂർ നാത്തൂനിപ്പാടം കോളനി, വെള്ളിലവയൽ, മുണ്ടിയാർ വയൽ, കൊളത്തറ പുല്ലോട്ട് താഴം എന്നിവിടങ്ങളിലും വെള്ളം കയറി നാൽപ്പതോളം കുടുംബങ്ങളാണ് താമസം മാറ്റിയത്.     ബേപ്പൂർ ബിസി റോഡ്, ചാലിയാറിന്റെ തീരമേഖലയായ കിഴക്കുമ്പാടം, ചീർപ്പ് പാലം മുതലുള്ള വലിയൊരു പ്രദേശവും രാത്രിയോടെ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച രാത്രി ഇവിടെ നിന്നും നിരവധി കുടുംബങ്ങളെ  മാറ്റി.   സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി ജയപ്രകാശൻ, എം ഗോപാലകൃഷ്ണൻ, ഐ പി മുഹമ്മദ്, ലോക്കൽ സെക്രട്ടറിമാരായ കെ ശിവദാസ്, കെ പി ശശി തുടങ്ങിയവരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി. നാൽപ്പതോളം കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. വില്ലേജ്  ഓഫീസർ പി എം റഹീമും എല്ലായിടത്തുമെത്തി. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രധാന ദുരിതാശ്വാസ കേന്ദ്രം.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top