17 October Wednesday

തകർന്നടിഞ്ഞ് കോട്ടത്തറ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018
കൽപ്പറ്റ
തകർന്ന റോഡുകൾ, നിലംപരിശായ കെട്ടിടങ്ങൾ,കടകളിൽ നിന്നും ഒഴുകിയെത്തിയ അരിയും പലവ്യഞ്ജനങ്ങളും. കലിതുള്ളിയ കാലവർഷത്തിൽ കോട്ടത്തറ അങ്ങാടിയുടെ ഇപ്പോഴത്തെ ചിത്രമാണിത്.  കാലവർഷത്തിന്റെ കുത്തൊഴുക്കിൽ ഈ കൊച്ച് അങ്ങാടി പൂർണമായും ഇല്ലാതായി. തൊട്ടരികിലൂടെ ഒഴുകുന്ന ചെറുപുഴയിൽ നിന്നുള്ള വെള്ളം കരകവിഞ്ഞാണ്  ചരിത്രത്തിലൊന്നുമില്ലാത്തവിധം നാശം വിതച്ചത്.കോട്ടത്തറ‐പിണങ്ങോട് റോഡ് തുടങ്ങുന്നയിടവും സമീപത്തെ നിരവധി കടകളും തകർന്നു.
കോട്ടേക്കാരൻ അസ്ബക്കിന്റെ വർക്ഷോപ്പിൽനിന്ന് ഒലിച്ചുപോയ ബൈക്കുകളും സ്കൂട്ടറുകളും കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.  വർക്ഷോപ്പിലെ പണിയായുധങ്ങളും മറ്റ് സാധനസാമഗ്രികളും ഒലിച്ചുപോയതിൽ മാത്രം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് അസ്ബക് പറഞ്ഞു.  തൊട്ടടുത്ത റേഷൻ കടയിലെ 60 ചാക്കോളം അരി നശിച്ചു.  പരേതനായ കോട്ടേക്കാരൻ കുഞ്ഞമ്മത് ഹാജിയുടെ കെട്ടിടത്തിലുള്ള  പലചരക്ക് കടയും അക്ഷയ കേന്ദ്രയും  ഏറെക്കുറെ തകർന്ന നിലയിലാണ്.അങ്ങാടിയിലെ നാല് പെട്ടിക്കടകൾ നാമാവശേഷമായി.  പുന്നോളി ഹൈദ്രോസ് കോയ തങ്ങൾ, ലക്ഷംവീട് കോളനി ഗോപി, പുന്നോളി ആലി, കുന്നലത്ത് ഉസ്മാൻ എന്നിവരുടെതാണ് പെട്ടിക്കടകൾ.  കോട്ടേക്കാരൻ മൂസയുടെ മലഞ്ചരക്ക് കടയുൾപ്പെടെ ഈ റോഡിലെ ഏതാണ്ടെല്ലാ കടകളിലും വെള്ളം കയറി. 
രണ്ട് നദികൾ ഒഴുകുന്ന കോട്ടത്തറ പഞ്ചായത്ത് ഏതാണ്ട് പൂർണമായും വെള്ളത്തിലാണ്.12 കാമ്പുകളിലായി ആയിരം പേർ ദുരിതാശ്വാസ കാമ്പുകളിലാണ്.  കോട്ടത്തറ പഞ്ചായത്തിലെ 3, 4, 5 വാർഡുകളൊഴികെ  മറ്റ് 10 വാർഡുകളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. മൈലാടി കാരക്കുന്ന്, വലിയകുന്ന്, കുളക്കിമട്ടംകുന്ന്, ചേലാകുനിക്കുന്ന്, മാങ്കോട്ട്കുന്ന്, പുതിയേടത്ത്കുന്ന്, കല്ലട്ടി, പുതുശ്ശേരിക്കുന്ന്, പന്നിയാണക്കുന്ന്, കുറുമണി, പൊയിൽ, കള്ളംവെട്ടി, ഈരംകൊല്ലി, പാലപ്പൊയിൽ, കരിഞ്ഞകുന്ന്, പടവെട്ടി, ചെമ്പന്നൂർ എന്നീ ജനവാസകേന്ദ്രങ്ങൾ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്.  മൈലാടി‐വെണ്ണിയോട് റോഡ്, വെണ്ണിയോട്‐കോട്ടത്തറ റോഡ്, വെണ്ണിയോട്‐മെച്ചന റോഡ് എന്നിവ വെള്ളത്തിനടിയിലാണ്.  വെണ്ണിയോട് ടൗണിൽ നിർത്തിയിട്ട രണ്ട് ബസുകളും നിരവധി ചെറു വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. 
നാവികസേനയും ദുരന്തനിവാരണസേനയും നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തിവരുന്നു.വലിയകുന്ന് അങ്ങാടിക്കുന്നിൽ അസുഖബാധിതരായ സുബ്രഹ്മണ്യൻ, ഭാര്യ അമ്മാളു എന്നിവരെ വെള്ളിയാഴ്ച രാവിലെയെത്തിയ  ദുരന്തനിവാരണ സേനാംഗങ്ങൾ ബോട്ടിൽ മൈലാടിയിലെത്തിച്ച ശേഷം കൽപ്പറ്റ ആശുപത്രിയിലേക്ക് കൊണ്ടുപോയി.കാലവർഷത്തിൽ കോടിക്കണക്കിന് രൂപയുടെ കൃഷിയും നശിച്ചിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top