18 August Saturday

ദുരിതക്കയത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

 കൽപ്പറ്റ

രണ്ടു ദിവസങ്ങളായി പെയ്യുന്ന തോരാമഴ ജില്ലയെ മുമ്പെങ്ങും കാണാത്ത വിധത്തിലുള്ള വെള്ളപ്പൊക്കക്കെടുതിയിലാഴ്ത്തി. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയുംസംയുക്തമായി പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ മുഴുവൻ വകുപ്പുകളും സംവിധാനങ്ങളും ഒറ്റക്കെട്ടായി വെള്ളപ്പൊക്ക‐മണ്ണിടിച്ചിൽക്കെടുതിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സുരക്ഷാ ഭീഷണിയുള്ള എല്ലാ താഴ്ന്നപ്രദേശങ്ങളിൽനിന്നും മുൻകരുതലെന്ന നിലയിൽ നിവാസികളെ മാറ്റിപാർപ്പിച്ചു. പൊഴുതന, ആനോത്ത്എന്നിവിടങ്ങളിൽനിന്ന് ഇരുപത് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
പാളക്കൊല്ലി കോളനി നിവാസികളെ പുൽപ്പള്ളി വിജയ എൽപി സ്കൂളിലേക്ക് മാറ്റി. പൊഴുതന, ആറാട്ടുതറ എന്നിവിടങ്ങളിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. മടത്തുംപാറ കോളനിനിവാസികളെ തെങ്ങുംമുണ്ട ജിഎൽപി സ്കൂളിലേക്ക് മാറ്റി. ഒളിവയൽ, അത്തിനിലം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശവാസികളെ മീനങ്ങാടി എൽപി സ്കൂളിലേക്ക് മാറ്റി. മാറിത്താമസിക്കാൻ കൂട്ടാക്കാതിരുന്ന കാക്കത്തോട് കോളനി നിവാസികളെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. 
വെള്ളംഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾ വീടുകളിലേക്ക് തിരിച്ചുപോയി തുടങ്ങിയിട്ടുണ്ട്.  മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ മഴവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്. അതിനാൽമഴ മാറുന്നത് വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
പ്രധാന വാർത്തകൾ
Top