26 September Wednesday

ചക്കമഹോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
അമ്പലവയൽ
മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര  ചക്ക മഹോത്സവത്തിന് അമ്പലവയലിൽ അന്താരാഷ്ട്ര സെമിനാറുകളോടെ തുടക്കമായി. കാർഷിക ഗവേഷണ കേന്ദ്രത്തിലെ പൂപ്പൊലി നഗറിൽ 15 വരെയാണ് ചക്ക മഹോത്സവം. സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതിന് ശേഷം നടക്കുന്ന ചക്ക മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും ചക്കയെയും പ്ലാവ് കൃഷിയെയും സംബന്ധിക്കുന്ന സെമിനാറുകൾ, ശാസ്ത്ര സിംപോസിയം, ദേശീയ അന്തർദേശീയ പ്രദർശന സ്റ്റാളുകൾ, ഗോത്രസംഗമം, ചക്ക സംസ്കരണത്തിൽ വനിതകൾക്കുള്ള സൗജന്യ പരിശീലനം, മാജിക്കിലൂടെയുള്ള ബോധവൽക്കരണം, ചക്കസദ്യ, ചക്കവരവ് തുടങ്ങിയവയും ഉണ്ടായിരിക്കും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികൾ പങ്കെടുക്കും. ചക്ക മഹോത്സവം ചൊവ്വാഴ്ച രാവിലെ 10.30ന്  കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷനാവും. എം ഐ ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തും. ഗോത്രസംഗമം കെ കൃഷ്ണൻകുട്ടി എംഎൽഎയും പ്രദർശനം സി കെ ശശീന്ദ്രൻ എംഎൽഎയും വനിതകൾക്കുള്ള ചക്ക സംസ്കരണ പരിശീലനം ഒ ആർ കേളു എംഎൽഎയും മാജിക്കിലൂടെയുള്ള ബോധവൽക്കരണം കെ വി വിജയദാസ് എംഎൽഎയും ആദ്യ വിൽപന ജി എസ് ജയലാൽ എംഎൽഎയും സിംപോസിയം എം വിൻസെന്റ് എംഎൽഎയും ഉദ്ഘാടനം ചെയ്യും.
കരവിരുതിൽ 
ചക്കമുറിയുമായി 
അമൃത
അമ്പലവയൽ
ചക്ക മഹോത്സവ നഗരിയിൽ കൂറ്റൻ ചക്കയുടെയും ചക്കമുറിയുടെയും മാതൃക കൈവിരുതിൽ തീർത്ത് അമൃത. 
പ്രദർശന നഗറിന്റെ കവാടത്തോട് ചേർന്നാണ് കോഴിക്കോട് കടലുണ്ടി സ്വദേശിനിയായ പി കെ അമൃത സന്ദർശകർക്ക് വിസ്മയം പകരുന്ന ചക്ക കാഴ്ചയൊരുക്കിയത്. സിമന്റും കമ്പിയും അലൂമിനിയവും നെറ്റും ഉപയോഗിച്ചാണ് ഒരാഴ്ചത്തെ സമയം കൊണ്ട് അമൃത ചക്കയുടെ  മനോഹര ദൃശ്യം മെനഞ്ഞത്. 
ചെറുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ്ടു പാസായ അമൃത മണ്ണൂർ പുഴക്കൽ കവിളണ മണ്ണിൽ വീട്ടിൽ അപ്പൂട്ടിയുടെയും മാധവിയുടെയും മകളാണ്. അപ്പൂട്ടി ഹോട്ടൽ തൊഴിലാളിയാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ സയൻസിന് പഠിച്ച അമൃതക്ക് ഏതെങ്കിലും കാർഷിക കോളേജിൽ ചേർന്ന് തുടർ പഠനം നടത്താനാണ് ആഗ്രഹം.     
പ്രധാന വാർത്തകൾ
Top