Top
18
Monday, December 2017
About UsE-Paper

പനമരം പുഴപോലെ ഒഴുകി

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

തളയിട്ട പനങ്കോലുകള്‍ വേദി സാരംഗില്‍ മീട്ടിതുടങ്ങി... പതിയെ കോലടിനാദം ഉയര്‍ന്നു... പാട്ടിനനുസരിച്ച് കളിക്കാര്‍ ചടുല ചുവടുകള്‍ക്ക് ജീവനേകി. ഏറെ താമസിച്ചില്ല, വേദിയെ ശ്വാസംമുട്ടിച്ച് ജനം സാരംഗിലേക്ക് പനമരം പുഴപോലെ ഒഴുകി.  കോല്‍ക്കളില്‍ തുടങ്ങിയ ഈ ജനസഞ്ചയം  മാപ്പിളപ്പാട്ടിലെ ഇശല്‍മഴയില്‍ കുളിച്ച്  വട്ടപ്പാട്ടുകാരെ നെഞ്ചേറ്റി രാത്രിവന്ന മൊഞ്ചത്തിമാരെയും കണ്ടാണ്  നിറഞ്ഞ മനസോടെ പടിയിറങ്ങിയത്. സ്കൂള്‍ കലോത്സവങ്ങളില്‍ അടുത്തകാലത്തൊന്നുമില്ലാത്ത പങ്കാളിത്തം സ്വന്തമാക്കുകയാണ് തലക്കല്‍ ചന്തുവിന്റെ മണ്ണ്.
മാപ്പിളകലകളുടെ വശ്യചാതുരി ആസ്വദിക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘമാണ് കലോത്സവ നഗരയിലെത്തിയത്. വ്യാഴാഴ്ചത്തെ മത്സര തുടക്കം എച്ച്എസ്എസ് വിഭാഗം കോല്‍ക്കളിയിലായിരുന്നു. വര്‍ഷങ്ങളുടെ കുത്തകയുള്ള പ്രമുഖ സ്കൂളുകളെല്ലാം കച്ചിമുറുക്കിയുടുത്ത് പോരാടാനെത്തി. വീറും വാശിയും നിറഞ്ഞ മത്സരം. കാണികളുടെ അടക്കം പറച്ചിലുകള്‍ക്കിടയില്‍ കോലുകള്‍ ശബ്ദിച്ചുതുടങ്ങി. മത്സരാര്‍ഥികളെയും പ്രോത്സാഹിപ്പിക്കാന്‍ കാണികള്‍ ഒരു മടിയും കാണിച്ചില്ല.
കോലടക്കത്തിന്റെ മാസ്മരികതയില്‍ ലയിച്ച കാണികള്‍ അപ്പപ്പോള്‍  ഹര്‍ഷാരവം മുഴക്കി പിന്തുണയറിച്ചു. മെയ്വഴക്കത്തിന്റെ കൌതുക കാഴ്ചകള്‍ കളിക്കാര്‍ സമ്മാനിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ശ്രുതിയും ഉച്ചാരണവും ചടുലതയും കോലടക്കവുമെല്ലാം മാലയില്‍ കോര്‍ത്ത മുത്തുപോലെ യോജിപ്പിച്ച് പിണങ്ങോട് ഡബ്ള്യുഒവിഎച്ച്എസ് ഇത്തവണയും സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനജേതാക്കളാണ് ഇവര്‍. കോയഗുരുക്കളുടെയും ശിഷ്യന്‍ പി എം റിന്‍ഷാദിന്റെയും പരിശീലനത്തിലാണ് പിണങ്ങോടിന്റെ കുട്ടികള്‍ പുത്തന്‍ ചുവടുകളുമായി ഒന്നാംസ്ഥാനത്തേക്ക് കയറിയത്.
കബനിയില്‍ വട്ടപ്പാട്ടിനും ആസ്വദകര്‍ തിങ്ങിനിറഞ്ഞു. നബിയുടെ വിവാഹ ചടങ്ങിന്റെ  സ്തുതിഗായകരെയും നിറഞ്ഞമനസോടെ പനമരം നെഞ്ചോട് ചേര്‍ത്തു. ഇശലുകളൊഴുകിയ മാപ്പിളപ്പാട്ട് വേദി  ആസ്വാദനത്തിന്റെ മറ്റൊരു തലം സമ്മാനിച്ചു.
ദഫ്മുട്ടിന് ശേഷം അല്‍പ്പം വൈകിയാണ് ഒപ്പനക്കൂട്ടത്തിലെ മൊഞ്ചത്തിമാര്‍ എത്തിയത്. കൂട്ടുകാരികളുടെ കളിയാക്കലും മണവാട്ടിയുടെ നാണവും മത്സരങ്ങളുടെ ഉത്സവമാക്കി ഒപ്പനയെ മാറ്റി.  കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളോടെ വളകള്‍ കിലുക്കി സുന്ദരിമാര്‍ നിറഞ്ഞാടിയപ്പോള്‍ പനമരത്തുകാരുടെ മനവും ആഹ്ളാദംകൊണ്ട് നിറഞ്ഞുതുളുമ്പി.