18 June Monday

# ഡോണ്‍ബോസ്കോ ജനകീയ പ്രതിഷേധം ശക്തമാവുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 8, 2017

 

ബത്തേരി > ഡോണ്‍ ബോസ്കൊ കോളേജ് മാനേജ്മെന്റ് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് നേരെ നടത്തുന്ന പ്രകോപനങ്ങള്‍ക്കെതിരെ ബത്തേരിയില്‍ ജനകീയ പ്രതിഷേധം ശക്തമാവുന്നു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ജിഷ്ണു വേണുഗോപാലിനെ 121 ദിവസം മുമ്പാണ് കോളേജില്‍ നിന്നും പ്രിന്‍സിപ്പല്‍ പുറത്താക്കിയത്. കോളേജില്‍  ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത എസ്എഫ്ഐയുടെ ആശംസാ കാര്‍ഡ് വിഷ്ണു വിതരണം ചെയ്തെന്നാണ് പ്രിന്‍സിപ്പല്‍ പുറത്താക്കലിന് കാരണമായി ആരോപിക്കുന്ന കുറ്റം. 
വിഷ്ണുവിനെ കോളേജില്‍ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍  പ്രിന്‍സിപ്പലും മാനേജ്മെന്റും തയാറാവാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കഴിഞ്ഞ 20 ദിവസമായി കോളേജിന് മുമ്പില്‍ പന്തല്‍കെട്ടി സത്യഗ്രഹ സമരത്തിലാണ്. സമരത്തിന്റെ വിജയത്തിന്  ബത്തേരിയില്‍ വിവിധ സംഘടനകളും ജനപ്രതിനിധികളും അടങ്ങിയ സമിതി രൂപീകരിച്ചിട്ടുണ്ട്. സമരത്തെ അപകീര്‍ത്തിപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ  പ്രതിരോധം ഉയര്‍ത്താനാണ് സമരസഹായ സമിതിയുടെയും എസ്എഫ്ഐയുടെയും തീരുമാനം. മാനേജ്മെന്റിന്റെ സമരത്തിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍  എസ്എഫ്ഐ സമരത്തിന്റെ രൂപം മാറ്റുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സമരത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി പേരാണ് സമരപന്തലില്‍ എത്തുന്നത്. 
ചൊവ്വാഴ്ചത്തെ സത്യഗ്രഹം ബത്തേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ജെ ബിനേഷ്, കെ ജെ ഹരികൃഷ്ണന്‍, ടി പി ഋതുശോഭ്, അര്‍ജുന്‍ ഗോപാല്‍ എന്നിവര്‍ സംസാരിച്ചു. കെഎസ്ടിഎ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളുടെ അഭിവാദ്യ പ്രകടനങ്ങളും നടന്നു.          
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top