18 November Sunday

കണ്ണീരൊപ്പാൻ കുടുംബശ്രീ ശേഖരിച്ചത് 35 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
കൽപ്പറ്റ
പ്രളയ ദുരിതത്തിനിടയിൽനിന്നും കേരളത്തിന്റെ അതിജീവനത്തിനായി ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ചത് 3515841 രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ അംഗങ്ങളുടെ ഒരാഴ്ചത്തെ  സമ്പാദ്യം ശേഖരിച്ച് നൽകണമെന്ന് സംസ്ഥാന മിഷൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ അയൽകൂട്ടങ്ങൾക്കും ജില്ലാ മിഷൻ നിർദേശം നൽകിയിരുന്നു. 10 രൂപ മുതൽ 100 രൂപ വരെ നിക്ഷേപമായി സ്വീകരിക്കുന്ന അയൽകൂട്ടങ്ങൾ ജില്ലയിലുണ്ട്. പ്രളയദുരിതത്തിൽ അകപ്പെട്ടവരായിരുന്നു ജില്ലയിലെ പല അയൽകൂട്ട അംഗങ്ങളും. കിടപ്പാടവും ഉടുതുണിപോലും നഷ്ടപ്പെട്ട പലരും ഈ ദിവസങ്ങളിൽ ക്യാമ്പുകളിലുമായിരുന്നു. എന്നാൽ സ്വന്തം ബുദ്ധിമുട്ടുകൾ വകവെക്കാതെ ഇവരെല്ലാം സിഡിഎസിന് തുക കൈമാറുകയാണുണ്ടായത്.
മൂന്ന് ലക്ഷം രൂപ നൽകിയ ബത്തേരി സിഡിഎസ്സാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത്. തൊട്ടുപിന്നിൽ 2,80,700 രൂപ നൽകിയ നെൻമേനി, 2,27,526 രൂപ നൽകിയ  പുൽപ്പള്ളി സിഡിഎസ്് എന്നിവരാണ്. 
അമ്പലവയൽ 2 ലക്ഷം, കൽപ്പറ്റ 1,40,000, കണിയാമ്പറ്റ 1,60,000, കോട്ടത്തറ 74,680, മാനന്തവാടി 1,93,710, മീനങ്ങാടി 2,01,340, മേപ്പാടി 1,54,780, എടവക 79,230, മൂപ്പൈനാട് 1,37,930, മുള്ളൻകൊല്ലി 75,000, മുട്ടിൽ 2,13,250, നൂൽപ്പുഴ 1,20,850, പടിഞ്ഞാറത്തറ 60,000, പനമരം 1,65,000 പൂതാടി 2,03,860, പൊഴുതന 40,000, തരിയോട് 35,000, തവിഞ്ഞാൽ 24,000, തിരുനെല്ലി 1,33,000, തൊണ്ടർനാട് 1,00,000, വെള്ളമുണ്ട 1,42,340, വെങ്ങപ്പള്ളി 60,070, വൈത്തിരി 50,000 എന്നിങ്ങനെയാണ് മറ്റ് സിഡിഎസ്സുകൾ ശേഖരിച്ച തുക.
ഇതോടൊപ്പം ദുരിത ബാധിതരായ കുടുംബശ്രീ അംഗങ്ങൾക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി സ്വരൂപിച്ച സ്നേഹനിധിയിലേക്ക് സിഡിഎസുകളിൽനിന്നുള്ള  വിഹിതമായി 1,65,890 രൂപയും നൽകി. സിഡിഎസ് ചെയർപേഴ്സൺമാർ, സ്നേഹിത, കാസ് ഓഡിറ്റ് ടീം എന്നിവയുടെ ജീവനക്കാർ, ന്യൂട്രിമിക്സ് കൺസോർഷ്യം അംഗങ്ങൾ എന്നിവർ ചേർന്ന് അര ലക്ഷത്തോളം രൂപയും സ്നേഹനിധിയിലേക്ക് സംഭാവന ചെയ്തു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച സൂക്ഷ്മ സംരംഭങ്ങൾക്ക് പ്രവർത്തനം പുനരാരംഭിക്കുന്നതിനായുള്ള പ്രവർത്തന മൂലധനമെന്ന നിലയിൽ ഈ തുക വിതരണം ചെയ്യാനാണുദ്ദേശിക്കുന്നതെന്ന് ജില്ലാ മിഷൻ കോ‐ഓർഡിനേറ്റർ പി സാജിത അറിയിച്ചു. കൂടാതെ ജില്ലാ മിഷൻ കോ‐ഓർഡിനേറ്ററർ, അസിസ്റ്റന്റ് കോ‐ഓർഡിനേറ്റർമാർ എന്നിവരുടെ ഒരുമാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ 35,15,841 രൂപയുടെ ചെക്ക് ജില്ലാ കലക്ടർമാരായ എ ആർ അജയകുമാർ, വി കേശവേന്ദ്രകുമാർ, സബ് കലക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
 
പ്രധാന വാർത്തകൾ
Top