17 July Tuesday
നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും

ജില്ലയിലെ വന്യമൃഗശല്യം തടയാന്‍ 9 കോടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്റെയും ഡോര്‍മെറ്ററികളുടെയും ഉദ്ഘാടനം പേര്യയില്‍ മന്ത്രി കെ രാജു നിര്‍വഹിക്കുന്നു

മാനന്തവാടി > വയനാട്ടിലെ വന്യമൃഗശല്യം തടയാനായി ഒമ്പത് കോടി രൂപ അനുവദിച്ചതായി മന്ത്രി കെ രാജു പറഞ്ഞു.വന്യമൃഗങ്ങളുടെആക്രമണത്തില്‍ മരണപ്പെടുന്നവരുടെയും  കൃഷി നാശത്തിന്റെയും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേര്യ വരയാലില്‍ പുതുതായി സ്ഥാപിച്ച വരയാല്‍ തിരുനെല്ലി മാതൃക ഫോറസ്റ്റ് സ്റ്റേഷനുകളുടെയും ഡോര്‍മിറ്ററികളുടെയും ഉദ്ഘാടനം  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
കൊല്ലപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന അഞ്ച് ലക്ഷം രൂപ പത്ത് ലക്ഷമായി വര്‍ദ്ധിപ്പിക്കും.കൃഷി നാശം സംഭവിച്ചവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരതുകയും ആനുപാതികമായി വര്‍ദ്ധിപ്പിക്കും. ഇത് ധനവകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പത്ത് മോഡല്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ ഇതിനോടകം  ആരംഭിച്ചു കഴിഞ്ഞു. പതിനഞ്ചെണ്ണം കൂടി ഇനിയും ആരംഭിക്കും.   വനം ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. മാസത്തില്‍ ഒരു തവണയെങ്കിലും ഈ സമിതികള്‍  യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ ചര്‍ച്ച  ചെയ്യണമെന്നും വനമേഖലകളില്‍ മാലിന്യം നിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണെന്നും ഇത്  അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 പഞ്ചായത്ത് തല  ജനജാഗ്രതാ സമിതികള്‍  കൂടുതല്‍ ശക്തിപ്പെടുത്തും. സോളാര്‍ ഫെന്‍സിംഗ് , റെയില്‍ ഫെന്‍സിങ്, ട്രഞ്ച് തുടങ്ങി ഏത് പ്രതിരോധ മാര്‍ഗങ്ങള്‍ ആവശ്യപ്പെടാനും ജാഗ്രതാ സമിതികള്‍ക്ക് അധികാരമുണ്ട്. 204 ജന ജാഗ്രത സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.സംസ്ഥാനത്തൊട്ടാകെ എല്ലാ വനമേഖലയും ഏതെങ്കിലും ഫോറസ്റ്റ് സ്റ്റേഷനുകളുടെ പരിധിയില്‍ വരുത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .  10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ പുതിയതായി അനുവദിച്ചു. 25 പുതിയ നിര്‍ദേശങ്ങളും പരിഗണനയിലാണ്.  162 ലക്ഷം രൂപ ചെലവഴിച്ചാണ് ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.  ജില്ലയില്‍ വ്യാപിക്കുന്ന മഞ്ഞക്കൊന്ന നിയന്ത്രിക്കും. അവ മാറ്റി  ഫലവൃക്ഷങ്ങള്‍  നടും. വന്യജീവി അക്രമണത്തില്‍ ആളപായം, കൃഷി നാശം എന്നിവ ഉണ്ടാകുമ്പോള്‍ നഷ്ടപരിഹാരത്തിനുള്ള മഹസര്‍ തയ്യാറാക്കുമ്പോള്‍ പരമാവധി ആനുകൂല്യം ലഭിക്കുന്ന തരത്തില്‍ വേണമെന്ന് മന്ത്രി രാജു ചൂണ്ടിക്കാട്ടി. റവന്യൂ ഫോറസ്റ്റ് ഭൂമികള്‍ തമ്മില്‍ കൃത്യമായി അതിര്‍ത്തി നിര്‍ണയിച്ച് ജണ്ട കെട്ടണം. ഇതിനായി സംയുക്ത പരിശോധന നടത്തണം. പരിശോധനയ്ക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങില്‍  ഒ ആര്‍ കേളു എം എല്‍ എ  അധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ്  ടി ഉഷാകുമാരി മുഖ്യ പ്രഭാഷണം നടത്തി. തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍,  ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ ദിനേശ് ബാബു , എന്‍  എം ആന്റണി ഗ്രാമപഞ്ചായത്തംഗങ്ങളായ ഷീജ ബാബു, പി സുരേഷ് ബാബു, നോര്‍ത്തേണ്‍സോണ്‍ചീഫ് വനം കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍കുമാര്‍ വര്‍മ്മ,    അഡീഷണല്‍ വനം കണ്‍സര്‍വേറ്റര്‍ ഇ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വൈത്തിരി, മുണ്ടകൈ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ മന്ത്രി നിര്‍വഹിച്ചു. 90 ലക്ഷം രൂപയാണ് ഇവയ്ക്ക് ചെലവായത്. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. ചടങ്ങില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, ബിന്ദുപ്രതാപന്‍, ലളിത മോഹന്‍ദാസ് എന്നിവരും വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top