21 September Friday

മധ്യവയസ്ക്കന്റെ മരണം: ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018
മാനന്തവാടി
എടവക പഞ്ചായത്തിലെ കമ്മോത്ത് മധ്യവയസ്ക്കനായ ആദിവാസിയെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു.  എടവക വീട്ടിച്ചാൽ നാല്സെന്റ് കോളനിയിലെ ഓണനെയാണ്(26)അറസ്റ്റ് ചെയ്തത്. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ ബാലൻ എന്ന പാലനെയാണ്(55) കഴിഞ്ഞ മൂന്നിന് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഓണനും ബാലനും കമ്മോത്തെ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലെ പണിക്കാരായിരുന്നു. 
കഴിഞ്ഞ 27ന് ജോലി കഴിഞ്ഞ് ഇരുവരും കല്ലോടി മക്കോളി കവലയിൽ തോമസിന്റെ കൈയ്യിൽനിന്നും നാടൻ ചാരായം വാങ്ങുകയും മദ്യപിക്കാനായി തിരികെ തോട്ടത്തിലേക്ക് പോകുകയും ചെയ്തു. തോമസും ഇവരോടൊപ്പം ഉണ്ടായിരുന്നു. തോട്ടത്തിലെ കളപ്പുരയിലെത്തി മൂന്നുപേരും ചേർന്ന് മദ്യപിച്ചു. മദ്യലഹരിയിൽ ഓണനും ബാലനും വഴക്കിടുകയും ഓണൻ ബാലനെ തള്ളിയിടുകയും മർദിക്കുകയും ചെയ്തു. ബോധരഹിതനായ ബാലനെ ഇവിടെ ഉപേക്ഷിച്ച് ഓണൻ പോകുകയും ചെയ്തു. ഇവർ തമ്മിലുളള വഴക്കിനിടെ തോമസും സ്ഥലത്തുനിന്നും പോയിരുന്നു. 
പിന്നീട് ഏഴ് ദിവസത്തിനുശേഷമാണ് ബാലനെ മരിച്ചനിലയിൽ കണ്ടത്. മരണത്തിൽ പൊലീസിന് സംശയം തോന്നിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മരണത്തിൽ സംശയമുണ്ടെന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലന്റെ ബന്ധുക്കളും പരാതി നൽകി. വിശദമായ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞതും ഓണനെ അറസ്റ്റ് ചെയ്തതും. തോമസിനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. നാടൻചാരയം വിറ്റതിനാണ് കേസ്. തോമസിന്റെ വീട്ടിൽ റെയ്ഡ് നടത്തി അഞ്ച് ലിറ്റർ ചാരയവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. ഓണനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. 
മാനന്തവാടി ഡിവൈഎസ്പി കെ ജെ ദേവസ്യ, സിഐ പി കെ മണി, എസ്ഐമാരായ ഭാസ്കരൻ, ജെയിംസ്, എസ്സിപിഒ മനോജൻ, സിപിഒമാരായ ആഷാദ് ബാബു, പി ജി സുഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 
പ്രധാന വാർത്തകൾ
Top