26 September Wednesday

എൽഡിഎഫ് പ്രതിഷേധം മുട്ടിലിൽ യുഡിഎഫ് നീക്കം പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

മുട്ടിൽ
മുട്ടിൽ പഞ്ചായത്തിൽ ജനാധിപത്യ വിരുദ്ധമായി ഭരണസമിതിയോഗം ചേരാനുള്ള നീക്കം എൽഡിഎഫ് പ്രതിഷേധത്തെതുടർന്ന് വിജയിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റിന് വിളിച്ചുചേർത്തയോഗത്തിനെതിരെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.  തെരഞ്ഞെടുപ്പ് കമീഷൻ അംഗത്വം മരവിപ്പിച്ച 13‐ാം വാർഡംഗത്തിന്റെ വോട്ട് നേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബാലകൃഷ്ണന് യോഗം വിളിച്ചുചേർക്കാൻ അവകാശമില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കി. പ്രസിഡന്റ് രാജിവെക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. ഇതോടെ യോഗം നിർത്തിവെക്കുകയായിരുന്നു. 
 പഞ്ചായത്ത് മുൻ പ്രസിഡന്റ് എ എം നജീബിന്റെ അംഗത്വം മരവിപ്പിച്ചുകൊണ്ട് തെരഞ്ഞൈടുപ്പ് കമീഷൻ രണ്ടാഴ്ച മുമ്പ് ഉത്തരവിറക്കിയിരുന്നു. ജൂലൈ നാലിന് പ്രത്യേക ഫാറത്തിൽ നൽകിയ രാജിക്കത്തിൽ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനൊപ്പം അംഗത്വവും രാജിവെക്കുന്നതായി നജീം രേഖപെടുത്തിയിരുന്നു. എന്നാൽ ഈ കത്ത് നിലനിൽക്കെ വൈസ്പ്രസിഡന്റിന് നേരെ നടന്ന അവിശ്വാസപ്രമേയത്തിലും തുടർന്ന് പുതിയ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി മത്സരിച്ച ബാലകൃഷ്ണന് അനുകൂലമായും നജീം വോട്ട് ചെയ്തു. ഇതേ തുടർന്നാണ് ബാലകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും നടപടിയെ ചോദ്യംചെയ്ത് പഞ്ചായത്തിലെ സിപിഐ എം അംഗം പി ഭരതൻ തെരഞെടുപ്പ് കമീഷന് പരാതി നൽകി. താൻ പ്രസിഡന്റ് സ്ഥാനം മാത്രമേ രാജിവെച്ചുള്ളൂ എന്നും അംഗത്വം രാജിവെച്ചില്ലെന്നുമായിരുന്നു നജീമിന്റെ വാദം. ഇത് തള്ളി തെരഞ്ഞെടുപ്പ് കമീഷൻ നജീം അംഗത്വം രാജിവെച്ചത് ജൂലൈ നാല് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അംഗത്വം നഷ്ടമായ നജീമിന്റെ വോട്ട് വാങ്ങിയ വിജയിച്ച പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്. 
എൽഡിഎഫ് നേതൃത്വത്തിന്റെയും എൽഡിഎഫ് ജനപ്രതിനിധികളുടെയും കൂട്ടായശ്രമത്തിന്റെ ഭാഗമായി സർക്കാരിന്റെ വികസനനയം ഉയർത്തിപടിച്ച് അഭിമാനകരമായ നേട്ടം കൈവരിക്കാൻ പഞ്ചായത്തിന് കഴിഞ്ഞിരുന്നു. എൽഡിഎഫിന്റെ വികസനനേട്ടത്തിൽ വിറളിപൂണ്ട് യുഡിഎഫ് നെറികെട്ട രാഷ്ട്രീയത്തിലൂടെ നജിമിനെ രാജിവെപ്പിച്ച് ഭരണസമിതിയെ അട്ടിമറിച്ച് യുഡിഎഫ് ഭരണം പടിക്കുകയായിരുന്നു. ഇതിന് കമീഷൻ ഉത്തരവിലൂടെ തിരിച്ചടി നേരിട്ടതോടെ  പഞ്ചായത്ത് ഭരണസ്തംഭത്തിലേക്ക് നീങ്ങുകയാണ്. 

 

പ്രധാന വാർത്തകൾ
Top